Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കടിച്ചുതൂങ്ങി നിൽക്കരുത്; ഒരു വർഷം ഒന്നുമല്ല

മുരളി തുമ്മാരുകുടി
worklife2020mt@gmail.com
career

എൻട്രൻസ് ഫലങ്ങളുടെ കാലമാണല്ലോ. വിജയികൾക്ക് അഭിനന്ദനങ്ങൾ. എന്നാൽ റാങ്ക് പ്രതീക്ഷിച്ചതിൽ താഴെയാകുകയോ അഡ്മിഷൻ കിട്ടാതിരിക്കുകയോ ചെയ്താൽ കുട്ടികളും മാതാപിതാക്കളും ടെൻഷനിലാകും. ഈ റാങ്ക് വച്ച് എവിടെയെങ്കിലും ചേരണോ, അതോ ഒരു തവണ കൂടി ശ്രമിക്കണോ? സഹപാഠികളെക്കാൾ ഒരു വർഷം പിന്നിലാകില്ലേ ?

ഈ വർഷം എൻട്രൻസ് എഴുതിയ കുട്ടികൾ മിക്കവാറും 2022ലാകും തൊഴിൽ കമ്പോളത്തിലെത്തുക. ഇപ്പോഴത്തെ ട്രെൻഡ് അനുസരിച്ച് 70 വയസ്സെങ്കിലുമാകും അവർ തൊഴിൽജീവിതം അവസാനിപ്പിക്കാൻ. അക്കാലത്തു റിട്ടയർമെന്റ് ഉണ്ടായില്ലെന്നും വരാം. അങ്ങനെ ചിന്തിക്കുമ്പോൾ 2017ലാണോ ’18ലാണോ പഠിക്കാൻ ചേരുന്നതെന്നത് അപ്രസക്തം. 70 വയസ്സിലാണു വിരമിക്കലെന്നു കരുതിയാൽ 47 വർഷമാണോ 48 വർഷമാണോ ജോലി ചെയ്യുക എന്ന ചോദ്യമേയുള്ളൂ. മൊത്തം തൊഴിൽജീവിതത്തിന്റെ രണ്ടു ശതമാനം. ഇന്ത്യയിൽ ഒരാൾ വിരമിക്കുമ്പോഴത്തെ ശമ്പളം ആദ്യ ശമ്പളത്തിന്റെ നൂറിരട്ടിയെങ്കിലുമായിരിക്കും. അപ്പോൾ ഒരു വർഷം നഷ്ടപ്പെടുന്ന ശമ്പളം അവസാന വർഷത്തെ ഒരു മാസത്തെ ശമ്പളം പോലുമുണ്ടാകില്ല. സാമ്പത്തികമായി പോലും ഇതു നഷ്ടക്കച്ചവടമല്ലെന്നർഥം.

പഠനത്തിന് സാധ്യമായ ഏറ്റവും നല്ല സ്ഥാപനത്തിൽ ചേരുക എന്നതാണ് ഇപ്പോൾ പ്രധാനം. അതൊരു വലിയ മൂലധനമാണ്. അതിനുവേണ്ടി ഒന്നോ രണ്ടോ വർഷം മാറ്റിവയ്ക്കുന്നതുകൊണ്ട് ഒരു കുഴപ്പവുമില്ല. ഹയർ സെക്കൻഡറി കാലത്തു ക്ലാസിൽ ശ്രദ്ധിക്കണോ എൻട്രൻസ് പരിശീലനത്തിൽ ശ്രദ്ധിക്കണോ എന്നതു വലിയ പ്രശ്നമാണു കുട്ടികൾക്ക്. മറ്റൊന്നിനും സമയമില്ലെന്ന സങ്കടം വേറെ. എന്റെ അഭിപ്രായത്തിൽ രണ്ടു വർഷം ക്ലാസിൽ ശ്രദ്ധിക്കുക, ജീവിതത്തിലെ മറ്റു താൽപര്യങ്ങൾ പൂർണമായി വിട്ടുകളയാതിരിക്കുക. പിന്നെ ഒരു വർഷം പരമാവധി നല്ല കോളജിൽ അഡ്മിഷൻ കിട്ടാനുള്ള എൻട്രൻസ് മത്സരത്തിലേക്കിറങ്ങുക.

ഇതേ കാരണം കൊണ്ടുതന്നെയാണ് നമ്മൾ തിരഞ്ഞെടുത്ത കോഴ്‌സോ സ്ഥാപനമോ ചേരുന്നതല്ല എന്നു തോന്നിയാലുടൻ അവിടെനിന്നു പുറത്തിറങ്ങി ആദ്യം തൊട്ട് തുടങ്ങാനും പറയുന്നത്. ഉദാഹരണത്തിന് ഇഷ്ടപ്പെട്ട് എൻജിനീയറിങ്ങിനു ചേർന്ന് ഒരു വർഷം കഴിയുമ്പോൾ കോഴ്സോ കോളജോ വിചാരിച്ചതുപോലെയല്ലെന്നു തോന്നിയേക്കാം. രണ്ടു വർഷമാകുമ്പോഴേക്കും സപ്ലിയുമാകും. ‘‘തുടങ്ങിയതല്ലേ, എന്തായാലും തീർക്കാം’’ എന്നമട്ടിൽ അവിടെത്തന്നെ കടിച്ചുതൂങ്ങരുത്. ‘Don’t throw good money after bad’ എന്ന് ഇംഗ്ലിഷിൽ ചൊല്ലുണ്ട്. ‘കുഴിയിൽ ചാടിയാൽ പിന്നെയും കുഴിക്കരുത്’ എന്നു മലയാളത്തിലും. നമുക്ക് ചേരുന്നതല്ലെന്നു തോന്നിയാൽ എത്രയും പെട്ടെന്നു വണ്ടി തിരിക്കുക. ചേരുന്ന മറ്റു വിഷയങ്ങളോ സ്ഥാപനമോ തേടുക. ഇത്തരം തീരുമാനങ്ങൾ എളുപ്പമല്ലെങ്കിലും അനിവാര്യമാണ്.

ഇക്കാര്യത്തിൽ മാതാപിതാക്കൾക്കും ഏറെ ശ്രദ്ധിക്കാനുണ്ട്. കുട്ടികളെ നമുക്കു ശരിയെന്നു തോന്നുന്ന തരത്തിൽ വളർത്താനാണു ഭൂരിഭാഗം പേരും ശ്രമിക്കുന്നത്. അതു ന്യായമെന്നും തോന്നാം. എന്നാൽ നമ്മുടെ പ്രധാന ലക്ഷ്യം അവരുടെ നല്ല ഭാവിയാണെങ്കിൽ ശരിയായ തീരുമാനമെടുക്കാൻ കഴിവുള്ളവരായി വളർത്താനാണു ശ്രദ്ധിക്കേണ്ടത്. ഇതിന് രണ്ടുകാര്യങ്ങൾ അത്യാവശ്യം. ഒന്ന്, തീരുമാനങ്ങളെടുക്കാൻ ചെറുപ്പം മുതലുള്ള അവസരം. രണ്ട്, എടുത്ത തീരുമാനം തെറ്റിയാൽ കുറ്റപ്പെടുത്താതെ, എന്തുകൊണ്ട് തെറ്റിയെന്നു മനസ്സിലാക്കി കൂടുതൽ നല്ല തീരുമാനങ്ങളെടുക്കാനുള്ള പിന്തുണ.

എൻട്രൻസിന് മാർക്ക് കുറഞ്ഞാൽ കിട്ടിയത് മതിയെന്നോ ഒരു തവണ കൂടി ശ്രമിക്കാമെന്നോ ഉള്ള തീരുമാനം എടുക്കാൻ കുട്ടികളെ നാം സഹായിക്കുക. ചേർന്ന കോഴ്സ് ഇഷ്ടപ്പെട്ടില്ലെങ്കിൽ അവിടെതന്നെ നിന്നു വീണ്ടും ശ്രമിക്കണോ തിരിച്ചിറങ്ങി വേറെ കോഴ്സിനു ചേരണോ എന്നുള്ള തീരുമാനം കുട്ടികൾ എടുക്കട്ടെ. 

സ്വന്തം തീരുമാനങ്ങൾ വിജയിപ്പിക്കാനുള്ള ചോദന കൂടും. അഥവാ തീരുമാനം തെറ്റായാലും അതിൽനിന്നുള്ള പാഠങ്ങൾ അവർ പഠിക്കുകയും ചെയ്യും.

Read More: Career Guidance By Muralee Thummarukudy