Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജീവിക്കാനാണ് പഠിക്കേണ്ടത്

മുരളി തുമ്മാരുകുടി
Author Details
518220992

പല വിഷയങ്ങൾ പഠിക്കുന്നതിലെ ഗുണങ്ങളെക്കുറിച്ചാണു കഴിഞ്ഞ നാലുമാസം എഴുതിയത്. എന്നാൽ പഠിക്കാനായല്ല പഠിക്കേണ്ടത്, ജീവിക്കാനാണെന്ന അടിസ്ഥാന കാര്യം ഇതുവരെ പറഞ്ഞില്ല. ഇതു പറയാനെന്തിരിക്കുന്നു എന്നുതോന്നാം. പലപ്പോഴും നാം മറന്നുപോകുന്ന കാര്യമാണിത്. കീ കൊടുത്ത പാവയെപ്പോലെ ഓരോന്നു ചെയ്തുപോകുകയാണ്, അധികമൊന്നും ചിന്തിക്കാതെ !

ഒരുദാഹരണം: കേരളത്തിൽ സിവിൽ പൊലീസ് ഓഫിസറുടേതുൾപ്പെടെ ഒട്ടേറെ ജോലികൾക്കുള്ള യോഗ്യത ഹയർ സെക്കൻഡറിക്കു താഴെയാണ്. എന്നാൽ ഹയർ സെക്കൻഡറി പാസാകുന്ന ഭൂരിഭാഗം പേരും പ്രഫഷനൽ കോഴ്‌സുകൾക്കോ മറ്റു ബിരുദങ്ങൾക്കോ ചേരുന്നു. 18 വയസ്സായാൽ ഏതൊക്കെ ജോലികൾക്ക് അർഹതയുണ്ട്, അതിന് എങ്ങനെ തയാറെടുക്കാം എന്നീ കാര്യങ്ങൾ ചിന്തിക്കുന്നേയില്ല. ഹയർ സെക്കൻഡറി കഴിഞ്ഞു ബിരുദം, അതു കഴിഞ്ഞാൽ തൊഴിലന്വേഷണം, ജോലി കിട്ടിയില്ലെങ്കിൽ ബിരുദാന്തരബിരുദം. ഇത്രയും കഴിഞ്ഞാണു ബാങ്ക് ടെസ്റ്റോ പിഎസ്‌സി പരീക്ഷയോ എഴുതി ബാങ്കിലോ പൊലീസിലോ ജോലിയിൽ പ്രവേശിക്കുന്നത്. 

ഏതു ജോലിക്കും മാന്യതയുണ്ട്. പത്താം ക്ലാസ് യോഗ്യത മാത്രം വേണ്ട ജോലിക്കു ശ്രമിക്കുന്നതിനുമുൻപു ഡിഗ്രിയെടുക്കേണ്ട ആവശ്യമുണ്ടോ? പിഎച്ച്ഡി കഴിഞ്ഞ് പത്താംക്ലാസ് യോഗ്യത മാത്രം വേണ്ട ജോലി ചെയ്താൽ എക്കാലത്തും അപകർഷതാബോധം ഉണ്ടാകില്ലേ?

നാലോ ആറോ വർഷം പ്രയോജനമില്ലാത്ത വിദ്യാഭ്യാസത്തിനു ചെലവഴിച്ചെന്ന ചിന്ത. ഒപ്പം കിട്ടിയ ജോലിയിൽ സന്തോഷിക്കാനും പറ്റാത്ത അവസ്ഥ. ഇതിനു പകരം ഓരോ ജോലിക്കും എന്തു യോഗ്യതയാണോ വേണ്ടത്, അതു നേടുന്നതോടെ ജോലിക്ക് അപേക്ഷിക്കാൻ കുട്ടികൾ ശ്രമിക്കുകയും ഉയർന്ന യോഗ്യതയുള്ളവരെ പരിഗണിക്കില്ലെന്നു തൊഴിൽദാതാക്കൾ തീരുമാനിക്കുകയും ചെയ്താൽ സമൂഹത്തിനു മൊത്തം ലാഭമാണ്. 

മറ്റൊരു തരത്തിലും നാം ജീവിക്കാനായുള്ള പഠനത്തിൽ ശ്രദ്ധിക്കുന്നില്ല. ഏതു വിഷയം പഠിച്ചാലും ജീവിക്കാൻ വേണ്ട ചില അത്യാവശ്യം കഴിവുകൾ വളത്തിയെടുക്കേണ്ടതുണ്ട്– സ്വന്തമായി യാത്ര ചെയ്യാൻ, ഭക്ഷണം പാകം ചെയ്യാൻ, സ്വന്തം മുറി വൃത്തിയാക്കാൻ, വസ്ത്രങ്ങൾ അലക്കാൻ, ബാങ്കിടപാടുകൾ നടത്താൻ, പണം വേണ്ടവിധത്തിൽ ചെലവഴിക്കാൻ, സമ്പാദിക്കാൻ. 

പക്ഷേ, കുട്ടികളെ ‘പഠിപ്പിക്കാനുള്ള’ തിരക്കിൽ ഇതെല്ലാം മാതാപിതാക്കൾ സ്വയം ഏറ്റെടുക്കുന്നു. കുട്ടികളെ ‘പഠിക്കാനല്ലാതെ’ മറ്റൊന്നിനും ബുദ്ധിമുട്ടിക്കുന്നില്ല. ഇങ്ങനെ ഡിഗ്രിയും കഴിഞ്ഞ് വീടുവിട്ടിറങ്ങി മറ്റുനാടുകളിൽ ജോലി നേടുന്ന കുട്ടികൾ ഹെഡ്‌ലൈറ്റിനു മുന്നിൽപ്പെട്ട കോഴിയെപ്പോലെ കണ്ണുമിഴിക്കുന്നു. എൻജിനീയറിങ് കഴിഞ്ഞ് ഇന്റർവ്യൂവിന് അച്ഛൻ കൂടെ പോകുന്നതും മറുനാടുകളിൽ ജോലിചെയ്യുന്ന മക്കളുടെ കൂടെ അമ്മമാർ ചെന്നുനിന്ന് പാചകം ചെയ്തുകൊടുക്കുന്നതും ഇപ്പോൾ പതിവാണ്. ജീവിക്കാൻ പഠിക്കാത്തതിന്റെ കുഴപ്പങ്ങൾ ! 

ലോകം 21–ാം നൂറ്റാണ്ടിൽ നേരിടാൻ പോകുന്ന ഇതിലും പ്രധാന സ്ഥിതിവിശേഷം മറ്റൊന്നാണ്. ഇന്ത്യയിലിരുന്ന് ചിന്തിക്കുമ്പോൾ ഉട്ടോപ്യനായി തോന്നുമെങ്കിലും പാശ്ചാത്യ രാജ്യങ്ങളിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന കാര്യം.

ചിന്തിക്കാനാകുന്നതിലും വേഗമാണു യന്ത്രവത്കരണം നടപ്പാകുന്നത്. ഇന്നുള്ള തൊഴിലുകളിൽ പകുതിയിലധികവും 30 വർഷത്തിനകം ഇല്ലാതാകും. ആളുകൾക്കു കൊടുക്കാൻ പണിയില്ലാതാകും. അപ്പോൾ സമൂഹത്തിനു യന്ത്രവൽക്കരണം മൂലമുണ്ടാകുന്ന ലാഭം സർക്കാർ സംഭരിച്ച് ആളുകൾക്കു ‘തൊഴിൽ ചെയ്യാ വേതനം’ ആക്കി കൊടുക്കാം. ഉദാഹരണത്തിന് തൊഴിൽ തട്ടിയെടുക്കുന്ന ഓരോ റോബട്ടിനും തലയെണ്ണി നികുതി ചുമത്തി, ആ പണം തൊഴിൽ നഷ്ടപ്പെടുന്നവർക്കു കൊടുക്കാം. ഒരുപക്ഷേ ഇപ്പോൾ കിട്ടുന്ന ശമ്പളത്തിലുമേറെ. നല്ല കാര്യമെന്നു തോന്നാം, പക്ഷേ വെറുതെ ഇരുന്നു തിന്നുന്ന ലോകത്തിനു നമ്മൾ തയാറാണോ ?

കഴിഞ്ഞ വർഷം ഈ ചോദ്യം സ്വിറ്റ്‌സർലൻഡിൽ വോട്ടിനിട്ടു. മാസം ഒന്നര ലക്ഷം രൂപ വീതം എല്ലാവർക്കും വെറുതെ കൊടുക്കാമെന്നു പറ‍ഞ്ഞെങ്കിലും ഭൂരിഭാഗം പേരും സമ്മതിച്ചില്ല പണിയെടുക്കേണ്ടാത്ത ലോകം അവരെ പേടിപ്പെടുത്തുകയാണു ചെയ്തത്. ഇന്ത്യയിൽ ഈ അവസ്ഥ 50 വർഷം ദൂരെയാണ്. എങ്കിലും വിനോദത്തിനായി കൂടുതൽ സമയമുണ്ടെങ്കിൽ എങ്ങനെ വിനിയോഗിക്കണമെന്നു നാം പഠിക്കണം. യാത്ര ചെയ്യാനും കലാപരമായോ കായികമായോ എന്തെങ്കിലും ചെയ്യാനും സമൂഹത്തിനു നന്മചെയ്യാനും സന്നദ്ധരായിരിക്കണം. നിലവിലുള്ള പഠനരീതിയിൽ പാഠ്യവിഷയങ്ങൾ ഒഴിച്ചുള്ളവ പഠിക്കുന്നതു ശുദ്ധമണ്ടത്തരമായിട്ടും സമയനഷ്ടമായിട്ടുമാണു കണക്കാക്കുന്നത്. ‘സമയം കളയാനും’ പഠിക്കേണ്ട കാലമാണു വരാൻ പോകുന്നത്, ഓർക്കുക.