മാറാം നമുക്ക്, പോസിറ്റീവായി

കുറച്ചുനാൾ മുൻപാണ് ന്യൂയോർക്കിലെ കോർണിങ് ഗ്ലാസ് മ്യൂസിയം സന്ദർശിച്ചത്. ഏതാണ്ട് മൂവായിരത്തി അഞ്ഞൂറോളം വർഷം പഴക്കമുളളതു മുതൽ ഏറ്റവും അത്യാധുനികമായതു വരെയായ നാൽപ്പത്തയ്യായിരത്തോളം ഗ്ലാസ് നിർമ്മിതമായ രൂപങ്ങളും പാത്രങ്ങളും മറ്റും ഇവിടെയുണ്ട്. ചില്ലിൽ വിസ്മയങ്ങളൊരുക്കിയിരിക്കുന്ന ഇവിടെ സന്ദർശകർക്കായി ചില്ലുകൊണ്ട് വിവിധ ആകൃതിയിലുളള രൂപങ്ങളും പാത്രങ്ങളും നിർമ്മിക്കുന്നത് ലൈവായി കാണിക്കുന്നുണ്ട്.   

ശക്തമായ ചൂടിൽ ഉരുകി മെഴുകുപോലെയാകുന്ന ഗ്ലാസ് ലായനിയിൽ നിന്ന് വിവിധ ചില്ലുരൂപങ്ങൾ പിറവിയെടുക്കുന്നത് ഒരാൾ വിശദീകരിച്ചുകൊണ്ട് കാണിച്ചുതന്നു. ശക്തമായ ചൂടിൽ ഉരുകുമ്പോഴാണ് പുതിയ രൂപങ്ങളിലേക്കും വസ്തുക്കളിലേക്കും മാറാൻ ചില്ലിന് കഴിയുന്നത്. അതല്ലാത്ത അവസ്ഥയിൽ പൊട്ടിപ്പോയ ചില്ലുകഷണങ്ങൾ പാഴ്‍വസ്തു മാത്രമാണ്.

നമ്മുടെ ജീവിതത്തിലും വലിയ പാഠമാണ് തകർന്ന ചില്ലുകളും ഉരുകിയ ചില്ലുകളും പകർന്നു തരുന്നത്. ജീവിതത്തിൽ തകർച്ചകളുണ്ടാകുമ്പോൾ നിരാശയിലും വെറുപ്പിലും അസംതൃപ്തിയിലും നിഷ്ക്രിയരായി ജീവിതം തള്ളിനീക്കിയാൽ തകർന്ന ചില്ലുപോലെ പാഴായി മാറും നമ്മുടെ ജീവിതവും. അതേസമയം തകർന്ന അവസ്ഥയിൽനിന്ന് തീക്ഷ്ണമായ ആന്തരിക അഗ്നിയിൽ കർമ്മനിരതരാവാൻ കഴിഞ്ഞാൽ പുതിയ രൂപവും ഭാവവും മാറ്റവുമായി വിജയങ്ങൾ നേടിയെടുക്കാൻ സാധിക്കും. ജോലിയിലും കുടുംബജീവിതത്തിലും പഠനത്തിലും ബിസിനസിലുമെല്ലാം ഇതു പ്രായോഗികമാക്കാൻ സാധിക്കും.

തകർച്ചകൾ, തിരിച്ചടികൾ, പരാജയങ്ങൾ, അപമാനങ്ങൾ, രോഗങ്ങൾ എന്നിവയൊന്നും അവസാനമല്ല. മറിച്ച് പുതിയൊരു മാറ്റത്തിന്റെ ആരംഭമാണെന്ന് തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക. മറ്റൊന്ന് ഫ്ളെക്സിബിലിറ്റിയാണ്. സ്വയംമാറ്റത്തിന് തയാറാവണമെങ്കിൽ നാം ഫ്ലെക്സിബിൾ ആയിരിക്കണം. കട്ടി കൂടിയ ഉറച്ച ചില്ലിൽ നിന്ന് നാം ആഗ്രഹിക്കുന്ന ആകൃതിയിലുളള രൂപങ്ങൾ സൃഷ്ടിക്കുവാൻ സാധിക്കുകയില്ല. അതിന് ഉരുകിയ ചില്ല് തന്നെ വേണം. ജീവിതത്തില്‍ മാറ്റം വരണമെങ്കിൽ ഈയൊരു ഫ്ലെക്സിബിലിറ്റി നമ്മുടെ വിവിധ തലങ്ങളിൽ ആവശ്യമാണ്. ചിന്തകൾ ഫ്ലെക്സിബിൾ ആകണം. ഞാൻ ചിന്തിക്കുന്നതും വിശ്വസിക്കുന്നതും എന്റെ അഭിപ്രായങ്ങളും മാത്രമാണ് ശരിയെന്ന കടുംപിടുത്തമുളളയാളിൽ പരിവർത്തനം ശരിയല്ല.

നമ്മുടെ കണ്ണുകളും കാതുകളും പോലും ചിലപ്പോൾ നമ്മെ വഞ്ചിച്ചേക്കാം. ഒരാളെക്കുറിച്ച് മറ്റൊരാൾ പറഞ്ഞ വാക്കുകളുടെ അടിസ്ഥാനത്തിൽ ആ വ്യക്തിയെ നാം വിലയിരുത്തുമ്പോൾ, ബന്ധങ്ങൾ നിശ്ചയിക്കുമ്പോൾ, പരുഷവും മുറിപ്പെടുത്തുന്നതുമായ വാക്കുകൾ ആ വ്യക്തിയോട് പറയുമ്പോൾ ഒരു പക്ഷേ നാം തെറ്റായ മുൻവിധിയോടെയാകും പെരുമാറിയത്. തെറ്റുകൾ തിരിച്ചറിയുമ്പോൾ ഒരു പക്ഷേ ഹൃദയങ്ങൾ തമ്മിൽ വളരെ അകന്നു പോയിട്ടുണ്ടാകും. അതിനാൽ ഫ്ലെക്സിബിളായ മനസുമായി സത്യം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുക.

കടുംപിടുത്തവും അമിത കാർക്കശ്യവും അഹങ്കാരവും ജീവിതത്തിൽ ഉയർച്ചക്കു സഹായിക്കുകയില്ല. ചില വൻമരങ്ങളെ കണ്ടിട്ടില്ലേ, അവ ആകാശത്തിലേക്ക് തലയുയർത്തി രാജാവിനെപ്പോലെ നിൽക്കും. എത്രവലിയ കാറ്റടിച്ചാലും എനിക്കൊന്നും പറ്റുകയില്ല എന്ന ഭാവത്തോടെ. വലിയ കൊടുങ്കാറ്റിൽ അവ അങ്ങനെതന്നെ നിൽക്കും, അതിശക്തമായ കാറ്റിനു നേർക്ക് നെഞ്ചുവിരിച്ചുകൊണ്ട്. എന്നാൽ അടുത്ത നിമിഷം ആ വൻമരം കട പുഴകി താഴെ വീഴുന്നതുകാണാം. എന്നാൽ ആ വൻമരത്തേക്കാളും ഉയരമുളള മുളകളാവട്ടെ അതിശക്തമായ കാറ്റടിക്കുമ്പോൾ അല്പം വളയാൻ തയ്യാറാകുന്നു. അതോടെ കാറ്റ് മുളകളെ ഒടിക്കാതെ കടന്നുപോകുന്നു. കാറ്റ് കടന്നു പോകുന്നതോടെ പൂർവ്വ അവസ്ഥയിലേക്ക് മുളകൾ മടങ്ങിവരുന്നു.

ജീവിതത്തിലും ഈ പാഠം നല്ലതാണ്. നിഷേധാത്മക, അഥവാ നശീകരണ സ്വഭാവമുളള ചിലരുമായെങ്കിലും നമുക്ക് ജീവിതത്തിൽ ഇടപഴകേണ്ടിവരും. അപ്പോൾ നെഞ്ചും വിരിച്ച് അവർ ചെയ്യുന്ന അതേ നാണയത്തിൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ നമുക്കു തന്നെയാവും ദോഷം. നിഷേധാത്മക സ്വഭാവമുളളവരുടെ വാക്കുകൾക്കും പ്രവർത്തിക്കുമനുസരിച്ച് അതേ രീതിയിൽ നാമും പെരുമാറിയാൽ നമ്മുടെ മനസും കലുഷിതവും അശാന്തിയും നിറഞ്ഞതുമായിത്തീരും. അവരോടുളള വെറുപ്പും ദേഷ്യവും വൈരാഗ്യവും നമ്മുടെ ഹ‍ൃദയത്തെയും മനസിനെയും മലിനമാക്കുന്നു. ഇവിടെ ചെയ്യേണ്ടത്, നിഷേധാത്മക– നശീകരണ സ്വഭാവമുളളവരിൽനിന്ന് അകന്നു നിൽക്കുകയെന്നതാണ്. അവരുടെ പ്രവർത്തികൾക്കനുസരിച്ച് പെരുമാറാതെ നന്മയുളള സ്വഭാവം പ്രചരിപ്പിക്കുന്നവരായിത്തീരുക.

പാമ്പിന് പാൽ കൊടുക്കുന്ന കൈക്കിട്ട് തന്നെ അത് കൊത്തും. വെള്ളത്തിൽ മുങ്ങിച്ചാകാനൊരുങ്ങുന്ന തേളിനെ നിങ്ങൾ കൈയിലെടുത്ത് രക്ഷപെടുത്തിയാലും അത് രക്ഷപെടുത്തിയ കൈയിൽ തന്നെ കടിച്ച് വിഷമേൽപ്പിക്കും. കാരണം, ദുഷ്ടജീവികളുടെ സ്വഭാവമാണത്. കയ്ക്കുന്ന കാഞ്ഞിരമരത്തിൽ നിന്ന് ഒരിക്കലും മധുരിക്കുന്ന ഫലങ്ങൾ ഉണ്ടാവുകയില്ല. അവിടെ മാധുര്യം പ്രതീക്ഷിക്കുന്നതാണ് തെറ്റ്. എന്നാൽ നിരന്തരമായ പ്രാർത്ഥനയിലൂടെയും സ്നേഹത്തിലൂടെയും ചിലപ്പോൾ ദുഷ്ടരായ മനുഷ്യരിൽ പോലും മാറ്റം വരുത്താൻ സാധിക്കും. അതിന് വലിയ ത്യാഗവും ക്ഷമയും കാത്തിരിപ്പും ആവശ്യമാണ്. ഒപ്പം സദ്ജന സമ്പർക്കം വർദ്ധിപ്പിക്കുക.

നല്ല ആളുകൾ നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് എനർജി നിറയ്ക്കും. അവർ നിങ്ങൾക്ക് സന്തോഷവും പ്രതീക്ഷയും സംതൃപ്തിയും പകർന്നുതരും.

മനുഷ്യന്റെ ജീവിതത്തിൽ പോലും ശൈശവം, ബാല്യം, കൗമാരം, യൗവ്വനം, വാർധക്യം എന്നിങ്ങനെ ശാരീരിക മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. ഒരോ കാലഘട്ടത്തിലുമുളള ചിന്തകളും രൂപവുമെല്ലാം വ്യത്യാസപ്പെട്ടിരിക്കുന്നു. ഒാരോ അവസ്ഥയ്ക്കുമനുസരിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും സാധിക്കുമ്പോഴാണ് നമ്മുടെ ജീവിത വളർച്ച ശരിയായ ദിശയിലാകുന്നത്. ഇതേപോലെ ജീവിതത്തിൽ ഏത് മേഖലയിൽ പ്രവർത്തിക്കുന്നവരായാലും ഏത് ജീവിതാന്തസിലുളളവരാണെങ്കിലും പോസിറ്റീവ് ആയ മാറ്റങ്ങൾക്ക് തയാറാവാം. അത് നിങ്ങളിൽ സന്തോഷവും സമാധാനവും ഉയർച്ചയും സൃഷ്ടിക്കും.

മുളളുകൾക്കിടയിൽ നിൽക്കുമ്പോഴും സുഗന്ധം പരത്തുന്ന റോസപ്പൂക്കളെ കണ്ടിട്ടില്ലേ, അതുപോലെ പ്രതികൂല സാഹചര്യങ്ങളിലും നിഷേധാത്മക സ്വഭാവമുളളവരുടെ ഇടയിൽ ആയിരിക്കുമ്പോഴും നന്മയുടെ സുഗന്ധം പരത്തുന്നവരാകാൻ നമുക്ക് കഴിയണം. ഹൃദയത്തിലും പ്രവർത്തികളിലും നന്മകൾ നിറയുമ്പോൾ അത് നമ്മുടെ ജീവിതത്തിലാകെ വ്യാപിച്ച് കൂടുതൽ ഉയരങ്ങളിലേക്ക് വഴിനടത്തുന്നു. അതിനാൽ മാറാം, പോസീറ്റീവായി. വിജയം കൈപ്പിടിയിലൊതുക്കാം. അതിനു കഴിയട്ടെയെന്നാശംസിക്കുന്നു.