Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലക്ഷ്യം പൂർത്തീകരിക്കാനുള്ള വഴികൾ

സെബിൻ എസ്. കൊട്ടാരം
sskottaram@gmail.com
relaxed

കഴിഞ്ഞ ദിവസമാണ് അരുണിന്റെ മാതാപിതാക്കൾ ഫോണിൽ വിളിച്ചത്. തമിഴ്നാട്ടിലെ പ്രശസ്ത കോളജിൽനിന്ന് എംസിഎ പൂർത്തിയാക്കിയ ശേഷം ഇപ്പോൾ വെറുതെയിരിക്കുകയാണ് അരുൺ. മൂന്നു പേപ്പറുകൾ കൂടി പാസാകാനുണ്ട്. കോഴ്സ് കഴിഞ്ഞിട്ട്് ഇപ്പോൾ നാലു വർഷമാകുന്നു. 

വർഷം ചെല്ലുന്തോറും ജീവിതത്തിന് ആകെ ഒരു അടുക്കും ചിട്ടയുമില്ലാത്ത അവസ്ഥ. പഠിക്കാനിരിക്കുമ്പോൾ ഒരു താൽപര്യക്കുറവ്്. സോഷ്യൽ മീഡിയയും ടിവിയുമൊക്കെ നോക്കിയും ഉറങ്ങിയും സമയം ചെലവഴിക്കും. ഇപ്പോൾ ടെൻഷനും വിഷാദവുമൊക്കെയാണ്. കൂടെയുള്ള പലർക്കും പ്ലെയ്സ്മെന്റായി. എനിക്കു മാത്രം കോഴ്സു പോലും പാസാകാൻ കഴിയുന്നില്ലല്ലോ എന്ന ചിന്ത ഇടയ്ക്കിടെ മനസ്സിലേക്കു വരുമ്പോൾ ആകെ ഓഫ് മൂഡിലേക്ക്് പോകും. എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥ. 

നമ്മളിൽ പലരും വിവിധ മേഖലകളിൽ ഇങ്ങനെ ലക്ഷ്യം പൂർത്തീകരിക്കാൻ വിഷമിക്കുന്നുണ്ടാകും. ബിസിനസിൽ വലിയ ആഘോഷമായി തുടക്കമൊക്കെയിട്ടു കുറച്ചു നാൾ കഴിയുമ്പോൾ പഴയ ആവേശമൊക്കെ തണുക്കുന്ന ചിലരെ കണ്ടിട്ടുണ്ട്്. ജോലിയിൽ, പഠനത്തിൽ ഒക്കെ ഇത്തരം തടസങ്ങൾ കണ്ടേക്കാം. അതു നേരിടാനുള്ള വഴികൾ താഴെക്കൊടുക്കുന്നു. 

1. നിങ്ങൾ ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങൾ ഒരു ചെറിയ പോക്കറ്റ്് ഡയറിയിലെഴുതി ഓരോന്നായി പൂർത്തീകരിക്കുക. ചെയ്യാൻ കഴിയാത്തത് പിറ്റേദിവസം പൂർത്തിയാക്കുക. ഓരോ മാസവും അവസാനം, നിങ്ങൾ ചെയ്യാൻ നിശ്ചയിച്ചെഴുതിയിട്ടും ഇതുവരെ പൂർത്തിയാക്കാൻ കഴിയാത്ത കാര്യങ്ങൾ ഏതൊക്കെയെന്ന്് പരിശോധിക്കുക. അതിന്റെ കാരണങ്ങൾ ആത്മാർഥവും സത്യസന്ധവുമായി വിശകലനം ചെയ്യുക. താൽപര്യക്കുറവ്, ലക്ഷ്യം വലുതായതിനാൽ എങ്ങനെ തുടങ്ങണമെന്നറിയാത്തത്, ലക്ഷ്യത്തിനു നേർക്കുള്ള ഭയം, അലസത തുടങ്ങി പല കാര്യങ്ങളും കാരണമാവാം. ഇതു കണ്ടെത്തി പരിഹരിച്ച്് ലക്ഷ്യം പൂർത്തിയാക്കാൻ ശ്രമിക്കാം. 

2. നിങ്ങൾ ആഗ്രഹിക്കുന്ന ലക്ഷ്യം നേടിയാലുള്ള ഗുണങ്ങൾ ഒരു ഡയറിയിൽ കുറിച്ചിടുക. സാമ്പത്തികം, പദവി, അംഗീകാരം, സ്ഥാനം, അന്തസ്സ്, ജീവിത ശൈലിയിലുണ്ടാകുന്ന മാറ്റം തുടങ്ങി ഗുണങ്ങളെല്ലാം എഴുതുക. എന്തുകൊണ്ട് നിങ്ങൾ ആ ലക്ഷ്യം നേടണമെന്നും എഴുതുക. ഇതു നിങ്ങളുടെ മിഷൻ സ്റ്റേറ്റ്മെന്റാണ്. ദിവസവും രാവിലെ പ്രാർഥനയ്ക്കു ശേഷം ഇതു വായിക്കുക.

3. സമയം വെറുതെ കളയുന്ന സോഷ്യൽ മീഡിയ, ടി.വി, യു ട്യൂബ്്, ഇന്റർനെറ്റ്് സെർച്ചിങ്, അമിത ഉറക്കം എന്നിവ നിയന്ത്രിക്കുക. 

4. സോഷ്യൽ മീഡിയയിലും ട്രോളുകളിലുമായി ലൈറ്റ്് റീഡിങ്ങിൽ കുടുങ്ങിക്കിടക്കുന്ന ഭൂരിഭാഗത്തിനും ടെക്സ്റ്റ് ബുക്കുകൾ വായിക്കുന്നത് പ്രയാസകരമായിത്തീർന്നിട്ടുണ്ട്. അരമണിക്കൂർ പോലും പുസ്തകമെടുത്തു വായിക്കുന്നതിനു കഴിയാത്ത അവസ്ഥയാണ് പലർക്കും. ഇതുമാറാൻ സോ ഷ്യൽ മീഡിയ, ഇന്റർനെറ്റ്് റീഡിങ്ങിനു പകരം പുസ്തകങ്ങൾ വായിക്കുന്നതു ശീലമാക്കുക. 

5. എപ്പോഴെങ്കിലും പൂർത്തിയാക്കാം, ഇനിയും സമയമുണ്ടല്ലോ എന്ന ചിന്ത മാറ്റി ഓരോ കാര്യവും പൂർത്തിയാക്കാൻ നിശ്ചിത സമയപരിധി വയ്ക്കുക. അതിനുള്ളിൽ പൂർത്തിയാക്കാൻ ശ്രമിക്കുക.

6. ആഗ്രഹങ്ങൾക്ക്് തീവ്രത വർധിപ്പിക്കാം. സൂര്യന്റെ ചൂട് ഒരു ബിന്ദുവിലേക്ക്് കേന്ദ്രീകരിച്ചുകൊണ്ട് തീവ്രമാക്കുമ്പോൾ, ഒരു ലെൻസ് ഉപയോഗിച്ച്് അഗ്നിജ്വാല സൃഷ്്ടിക്കാൻ കഴിയും. അതുപോലെ നമ്മുടെ ഹൃദയവും ചിന്തകളും ലക്ഷ്യത്തിൽ ഉറപ്പിക്കാം.

7. പലപ്പോഴും പ്രതിസന്ധികൾ കടന്നുവരാം. അവിടെ ദൈവത്തിൽ ആശയ്രിച്ചുകൊണ്ട്് പ്രവർത്തിച്ചാൽ തടസങ്ങൾ ഇല്ലാതാകും. അതല്ലായെങ്കിൽ ചിലപ്പോൾ തടസങ്ങൾ നിങ്ങളുടെ വഴിമുടക്കിയെന്നു വരാം. 

8. നിങ്ങൾ പരിശ്രമിക്കുന്ന ലക്ഷ്യം മുൻപ്് നേടിയവരുടെ ഉപദേശവും അഭിപ്രായങ്ങളും സ്വീകരിക്കുന്നതു ലക്ഷ്യത്തിലേക്കുള്ള വഴിയിൽ കൂടുതൽ സഹായകരമാകും.

9. ഏതൊരു ലക്ഷ്യവും നേടാൻ ക്ഷമയോടെയുള്ള കാത്തിരിപ്പ്് ആവശ്യമാണ്. അതു മനസ്സിലാക്കി അലസത അകറ്റി പ്രവർത്തിക്കാൻ തയാറാവുക. ദൈവത്തിൽ ആശ്രയിക്കുക. നിങ്ങൾ ലക്ഷ്യം കീഴടക്കും.

More Motivational Stories>>