ഇന്റർനെറ്റ്, കൈപ്പിടിയിലാക്കാം ഒട്ടിപ്പിടിക്കാതെ

ആദർശ് മാത്യുവിനെയും കൂട്ടിക്കൊണ്ട് അവന്റെ മാതാപിതാക്കൾ എന്നെ കാണാൻ വന്നത് കഴിഞ്ഞയാഴ്ചയാണ്. കേരളത്തിലെ പ്രമുഖ എൻജിനീയറിങ് കോളജിൽ രണ്ടാം വർഷ വിദ്യാർത്ഥിയാണ് ആദർശ്. പക്ഷേ ഇപ്പോഴത്തെ പ്രശ്നം വിഡിയോ ഗെയിമാണ്. രാത്രി പന്ത്രണ്ടര കഴിയുവോളം ലാപ്ടോപ്പിനു മുന്നിൽ വിഡിയോ ഗെയിമും കളിച്ചിരിക്കും.

ഫസ്റ്റ് ഇയറിലെ പല പേപ്പറുകളും സപ്ലിമെന്ററിയാണ്. ക്ലാസിൽ ശ്രദ്ധ തീരെക്കുറവ്. രാവിലെ എഴുന്നേൽക്കുന്നത് തീരെ വൈകി. എഴുന്നേറ്റാലുടൻ ധൃതിയിൽ പ്രഭാതകൃത്യങ്ങൾ നിർവഹിച്ച ശേഷം ബ്രേക്ഫാസ്റ്റും കഴിച്ച് നേരെ കോളേജിലേക്ക്. ആദർശിന്റെ ജനനം മുതലുളള കാര്യങ്ങൾ മാതാപിതാക്കളോട് ചോദിച്ചറിഞ്ഞു. രണ്ടു പേരും ഉദ്യോഗസ്ഥരാണ്. കുഞ്ഞിലെ കൊച്ച് കരയുമ്പോൾ ടിവിയിൽ കാർട്ടൂണ്‍ വച്ചു കൊടുക്കുമായിരുന്നു. ഒപ്പം കൈയിൽ ഒരു പാക്കറ്റ് ബിസ്ക്കറ്റും സ്കൂൾ വിട്ടു വന്നാലും മാതാപിതാക്കളെത്താൻ വൈകുന്നതിനാൽ അതുവരെ ടിവിയുടെ മുന്നിലായിരിക്കും. 

സ്മാർട്ട് ഫോണകളുടെ വരവോടെ ടിവിക്കൊപ്പം ഇന്റർനെറ്റും സോഷ്യൽ മീഡിയായും മൊബൈൽ ഗെയിമുകളും അവന്റെ ലോകത്തേക്ക് കടന്നുവന്നു. കൂട്ടുകാര്‍ കുറഞ്ഞു. മുൻപൊക്കെ വൈകുന്നേരങ്ങളിൽ കൂട്ടുകാർക്കൊപ്പം കളിക്കാൻ സമീപത്തെ ഗ്രൗണ്ടിൽ പോകുമായിരുന്നു. മൊബൈലിനോടുളള ചങ്ങാത്തം ഏറിയതോടെ മുറിക്കുളളിൽ അടച്ചിരുന്ന് യൂട്യൂബും ഫെയ്സ്ബുക്കും വാട്സ് ആപ്പും ഗെയിമുകളുമെല്ലാമായി സ്വന്തം ലോകം ഒരുക്കി ആദർശ്. അവിടെ കുടുബാംഗങ്ങൾ പോലും അന്യരായി. വീട്ടിലെ സംസാരം പോലും കുറഞ്ഞു. ഭക്ഷണം പോലും അമ്മ മുറിയിലേക്കെത്തിച്ചതോടെ മൊബൈൽ സ്ക്രീനിൽ കണ്ണുംനട്ടായി ഭക്ഷണം കഴിക്കുന്നതുപോലും.

ഇതിനിടയിലാണ് സംസാരവും ഇന്റർനെറ്റും സൗജന്യമാക്കിക്കൊണ്ട് സ്പെഷൽ ഒാഫറുമായി ‘ജിയോ’ രംഗത്തുവരുന്നത്. അതുവരെ അത്യാവശത്തിന് ഒരു മാസത്തേക്ക് 1 GB ഡേറ്റ ഉപയോഗിച്ചുകൊണ്ടിരുന്ന ആദർശിന് അൺലിമിറ്റഡ് ഡേറ്റാ യൂസേജ് ഇന്റർനെറ്റിന്റെ പുതിയ വാതിലുകൾ തുറന്നുകൊടുത്തു. അതോടെ ജിയോടിവിയും ജിയോ സിനിമയും ജിയോ മാസികയും ജിയോ ന്യൂസുമെല്ലാം കാഴ്ചകളിലേക്ക് ആദർശിനെ അടുപ്പിച്ചപ്പോൾ മുഴുവൻ സമയവും കുമ്പിട്ട തലയുമായി ഫോണിനു മുൻപിലായി. പ്രമുഖ ചാനലുകളെല്ലാം ഫോണിൽ ലഭ്യമായതോടെ സ്വീകരണമുറിയിലെ ടിവി കാണൽ കുറഞ്ഞു. പകരം എല്ലാമെല്ലാം മൊബൈലായി.

രാവിലെ എഴുന്നേറ്റാൽ പ്രാർത്ഥിക്കുന്നതിനു മുൻപ് ആദ്യം നോക്കുന്നത് സ്മാർട്ട് ഫോണിലേക്കാണ്. തലേന്ന് അപ്‍ലോഡ് ചെയ്ത ഫോട്ടോയ്ക്ക് എത്ര ലൈക്കും കമന്റും കിട്ടിയെന്ന് ഫെയ്സ്ബുക്കിൽ നോട്ടം. ടോയ്‍ലറ്റിൽ പോകുന്നതും ഫോണുമായാണ്. വാട്സ് ആപ്പിലെ മെസേജുകൾ തിരയലാണ് അടുത്ത ജോലി. കോളേജിലെത്തിയാലും ക്ലാസിനിടയിൽ പോലും മറച്ചുവച്ച് ഫോണിലാണ് കണ്ണ്. വൈകുന്നേരം വീട്ടിലെത്തിയാൽ രാത്രി വൈകുവോളം ഗെയിമുകളുമായി മൊബൈലിലും ലാപ്ടോപ്പിലും തന്നെ ജീവിതം.

ഇപ്പോൾ സമ്പൂർണ്ണ ഇന്റർനെറ്റ്–സോഷ്യൽ മീഡിയ– ഗെയിം അഡിക്ട്. മദ്യപാനവും മയക്കുമരുന്നും പോലെ തന്നെ നിയന്ത്രിക്കേണ്ടതാണ് ഇന്റർനെറ്റ് അഡിക്ഷനും. ഇന്ന് ഏതു വിവരവും ഇന്റർനെറ്റിൽ ലഭ്യമാകും. എന്നാൽ ആ വിവരങ്ങളിലെ ആധികാരികത ഒരിക്കലും ഉറപ്പുപറയാനാവില്ല. ‘വിക്കിപീഡിയ’ പോലെ വിവിധ കാര്യങ്ങളെക്കുറിച്ചു വിവരങ്ങൾ നൽകുന്ന ഇന്റർനെറ്റ് സ്രോതസ്സിലെ വിവരങ്ങൾ പോലും ആധികാരികമല്ല. തെറ്റായ വിവരങ്ങൾ പോലും കൂട്ടിച്ചേർക്കാനുളള സാധ്യത വിക്കിപീഡിയയിൽ ഉണ്ട്.

ന്യൂസ് പോര്‍ട്ടലുകളെന്ന് അവകാശപ്പെട്ട് വാർത്ത നൽകുന്ന പല സേവനദാതാക്കൾക്കും ആധികാരികതയില്ല. പത്രങ്ങളും ചാനലുകളും പ്രസ് കൗൺസില്‍ ഒാഫ് ഇന്ത്യയുമായും ബ്രോഡ്കാസ്റ്റിങ് മിനിസ്ട്രിയുമായും നിയന്ത്രണത്തിലും നിരീക്ഷണത്തിലും പ്രവർത്തിക്കുമ്പോൾ ചില വെബ് പോർട്ടലുകൾ യാതൊരുവിധ അംഗീകാരവുമില്ലാതെ പ്രവർത്തിക്കുന്നവയാണ്. 

ഏതുകാര്യത്തിലും സംശയനിവർത്തി വരുത്താൻ ഗൂഗിളിനെ ആശ്രയിക്കുന്നവരുണ്ട്. ഒരുകാര്യം മനസ്സിലാക്കുക പലവെബ്സൈറ്റുകളിലെയും മറ്റും സമാനവിഷയത്തിലുളള വിവരങ്ങൾ കാണിച്ചുതരുകയാണ് ഗൂഗിൾ ചെയ്യുന്നത്. ഇവയെല്ലാം ആധികാരികമാകണമെന്നില്ല. അതിനാല്‍ വെബ്സൈറ്റിന്റെ കൂടി ആധികാരികത പരിശോധിച്ചശേഷമാവണം വിവരങ്ങൾ സ്വീകരിക്കാൻ.

മൊബൈൽ ഗെയിമുകള്‍ കളിക്കാനായി കുട്ടികളുടെ കൈകളിലേക്ക് പല മാതാപിതാക്കളും ഫോണുകൾ കൊടുക്കാറുണ്ട്. ഇത് ഗെയിം അഡിക്ഷനിലേക്കും മറ്റും നയിക്കുമെന്ന് മനസിലാക്കുക. ഒാർമ്മക്കുറവ്, ശ്രദ്ധക്കുറവ്, അലസത, മടി എന്നിവയ്ക്ക് ഗെയിം അഡിക്ഷൻ കാരണമാകും. ഒപ്പം കുട്ടികളെ വഴിതെറ്റിക്കുന്ന വെബ്സൈറ്റുകളിലേക്കും യൂട്യൂബിലെ അശ്ലീലപ്രദർശനങ്ങളിലേക്കുമെല്ലാം കുട്ടികൾ ചെന്നുവീഴാൻ നിയന്ത്രണമില്ലാത്ത ഇന്റർനെറ്റ് ഉപയോഗം വഴിതെ‌ളിക്കുന്നു. അതിനാൽ മാതാപിതാക്കളുടെ നിരീക്ഷണത്തിലാവണം കുട്ടികൾ മൊബൈൽഫോൺ ഉപയോഗിക്കേണ്ടത്.

അടുത്തകാലത്ത് ഒട്ടേറെ കുട്ടികളെ മരണത്തിലേക്ക് നയിച്ച ‘ബ്ലൂവെയിൽ’ പോലുളള ഗെയിമുകളെക്കുറിച്ച് മുന്നറിയിപ്പും ബോധവൽക്കരണവും നൽകാം. എത്ര തിരക്കുകൾക്കിടയിലും കുടുംബാംഗങ്ങള്‍ക്കൊപ്പം ഇഫക്ടീവായി സമയം ചെലവഴിച്ചാൽ കുട്ടികൾ കൂട്ടുതേടി മറ്റു വഴികൾ തിരയില്ല. 

വായന വർദ്ധിപ്പിക്കുകയാണ് ഇന്റർനെറ്റ് അഡിക്ഷൻ കുറയ്ക്കാനുളള മറ്റൊരു വഴി. നല്ല പ്രചോദനാത്മക, ജീവചരിത്ര, ആത്മീയഗ്രന്ഥങ്ങൾ വായിക്കുന്നത് മനസിന് ഉണർവേകും. അതേസമയം, വാട്ട്സ്ആപ്പ്, ഫെയ്സ്ബുക്ക് എന്നിവയിൽ വരുന്ന ഫോർവേഡഡ് മെസേജുകൾ മാത്രമായി വായനയെ ഒതുക്കിയാൽ നിങ്ങളറിയാതെ തെറ്റായതും അനാവശ്യവും നിങ്ങൾക്ക് ഉപകാരപ്രദമല്ലാത്തതുമായ വിവരങ്ങളുടെ ചെറിയലോകത്താകും ജീവിക്കുക. കാരണം, വിദഗ്ധരുടെ അഭിപ്രായങ്ങളെന്ന പേരിൽ സോഷ്യൽമീഡിയയിലൂടെ പരക്കുന്ന വിവരങ്ങളും ആധികാരികമല്ലെന്നും മാത്രമല്ല ആളുകളെ വഴിതെറ്റിക്കുന്നതുമാണ്. അതിനാൽ, ആധികാരികത ഉറപ്പുവരുത്തുന്ന വാട്ട്സ്ആപ്പ് ഗ്രൂപ്പുകളിലെ വിവരങ്ങൾ സ്വീകരിക്കുക.

ചാറ്റിങും മറ്റും വെറുതെ സമയം കളയുന്നതാണെന്ന് മനസിലാക്കി നിയന്ത്രിക്കുക. അതേസമയം ഇന്റർനെറ്റിലെ പോസിറ്റീവായ സാധ്യതകൾ ഉപയോഗപ്പെടുത്തുക. ഏതെങ്കിലും പഠന വിഷയത്തേക്കുറിച്ച് കൂടുതലറിയാൻ, ലളിതമായി മനസിലാക്കാൻ ആധികാരികമായ യൂട്യൂബ് ചാനലുകൾ കാണാവുന്നതാണ്. IELTS , TOEFL, മെഡിക്കൽ, എൻജിനീയറിങ് പ്രവേശനപരീക്ഷകൾ, സിവിൽ സര്‍വീസ് തുടങ്ങി വിവിധ മേഖലകളുമായി ബന്ധപ്പെട്ട് കോച്ചിങ് നൽകുന്ന മൊബൈൽ ആപ്ലിക്കേഷനുകൾ ഇന്ന് സ്മാർട്ട് ഫോണുകളിലുണ്ട്. ഇവ ഇൻസ്റ്റോൾ ചെയ്യുന്നത് പഠനം എളുപ്പമാക്കാം. 

മൊബൈൽ ആപ്പുകൾ അനവധിയുളളതിനാൽ അവ എത്രപേര്‍ ഡൗൺലോഡ് ചെയ്തിട്ടുണ്ട്, മുൻപ് ഡൗൺലോഡ് ചെയ്തവരെ അഭിപ്രായങ്ങൾ എന്നിവ പരിശോധിച്ചശേഷം വേണം ഡൗൺലോഡ് ചെയ്യാൻ. ഉദാഹരണത്തിന്, ബൈജൂസ് ആപ്പ് പോലുളളവ വിദ്യാഭ്യാസ രംഗത്ത് വളരെ പോപ്പുലറാണിന്ന്. ഒാൺലൈൻ വഴി സർട്ടിഫിക്കറ്റ് കോഴ്സുകൾ, വെബ്ബിനാറുകൾ (ഒാൺലൂടെയുളള സെമിനാർ) തുടങ്ങി ഒാൺലൈൻ ട്യൂഷൻ വരെ ഇന്ന് പഠനം എളുപ്പമാക്കുന്നു. വിദേശത്തുളള വിദ്യാർഥികൾക്ക് സ്കൈപ്പ്, വാട്ട്സ് ആപ്പ്, വിഡിയോ കോൾ മുതലായവ വഴിയായി ട‌്യൂഷനെടുക്കുന്ന ഒട്ടേറെ അധ്യാപകർ ഇന്ന് കേരളത്തിലുണ്ട്. തിരിച്ചും വിദഗ്ധരുടെ ക്ലാസുകൾ ഇന്ന് ഇത്തരം മാധ്യമങ്ങളിലൂടെ ലഭ്യമാണ്.

ബാങ്കിങ്, ഇ–കൊമേഴ്സ് മുതൽ ഹോട്ടൽ ബുക്കിങ്ങിനും ടാക്സി ബുക്കിങ്ങിനും ഡോക്ടറെ ബുക്ക് ചെയ്യാൻ വരെ ഇന്ന് ഇന്റർനെറ്റ് വലിയ സഹായമാണ്. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ ജെഫ് ബോസോസ് ഒാൺലൈൻ വ്യാപാരശൃഖലയായ ആമസോണിന്റെ സി.ഇ.ഒ ആണ്. ഒാൺലൈൻ ഇടപാടുകള്‍ ഇന്ന് വളരെ വേഗത്തിലാണ് വ്യാപിക്കുന്നത്. അതുകൊണ്ടുതന്നെ സുരക്ഷാ മുൻകരുതലുകളെടുത്തില്ലെങ്കിൽ നിങ്ങളുടെ പണം നഷ്ടപ്പെടാം. ഒാൺലൈൻ ബാങ്കിങ്ങിന്റെ പാസ്‍വേർഡും യൂസർനെയിമും മറ്റും ആർക്കും നൽകരുത്. ബാങ്കിൽ നിന്നാണെന്ന് പറഞ്ഞ് പോലും ചിലപ്പോൾ വ്യാജവിളികൾ വന്നാലും വിവരങ്ങൾ കൈമാറരുത്. 

ആഫ്രിക്കയിലെ വലിയൊരു കോടീശ്വരന്റെ മകളാണ്. എന്റെ സ്വത്ത് ജീവകാരുണ്യപ്രവർത്തനത്തിന് ഇന്ത്യയിൽ വിനിയോഗിക്കാൻ ആഗ്രഹിക്കുന്നു. അതിന് താങ്കെളെന്നെ സഹായിക്കാമോ എന്ന തരത്തിൽ ഇമെയിൽ വരുന്ന വ്യാജ മെസേജുകളിലെ ചതിയിൽ വീഴാതിരിക്കുക. ചിലപ്പോൾ നിങ്ങളുടെ അടുത്ത ബന്ധുവിന്റെയോ സുഹൃത്തിന്റെയോ പഴ്സനൽ ഈമെയിലിൽനിന്ന് പണം ചോദിച്ച് മെസേജുകൾ വന്നേക്കാം. അതിന്റെ ആധികാരികത ഉറപ്പുവരുത്തിയശേഷം പ്രവർത്തിക്കുക. ചിലപ്പോൾ ആ ഇമെയിൽ ഐഡിയിൽ കയറി ഹാക്കർമാരാകും പണം കവരാൻ ശ്രമിക്കുന്നത്. 

ഗൂഗിൾ മാപ്പിനേയും മറ്റും ആശ്രയിച്ച് യാത്രചെയ്യുമ്പോള്‍ ഫോണിൽ ആവശ്യത്തിന് ബാറ്ററി ചാർജും ഡേറ്റാ ബാലൻസുമുണ്ടെന്ന് ഉറപ്പുവരുത്തുക. ഒപ്പം ഇന്റര്‍നെറ്റില്ലാത്ത സ്ഥലത്തു കൂടി പോകുമ്പോഴുളള റൂട്ട് മാപ്പും മനസിലാക്കിയിരിക്കുക. ഗൂഗിൾമാപ്പിനെ മാത്രം ആശ്രയിക്കാതെ പോകേണ്ട റൂട്ടിനെക്കുറിച്ച് നേരത്തെ വ്യക്തമായ ധാരണയുണ്ടായിരിക്കണം. അല്ലെങ്കിൽ എളുപ്പമുളള റൂട്ടായി ഗൂഗിൾ വഴി കാണിക്കുന്നത്. മോശം വഴികളിലൂടെയായിരിക്കും ജീവിതത്തിലും വഴി തെറ്റാതിരിക്കാൻ, ശരിയായ വഴികൾ തിരഞ്ഞെടുക്കാം. വിജയത്തിലേക്കുയരാം. വിജയാശംസകൾ.