സന്തോഷം നിലനിർത്താൻ ചില സൂത്രങ്ങൾ

കഴിഞ്ഞ ദിവസം എന്റെയടുത്തു കൗൺസലിങ്ങിനു വന്നതായിരുന്നു ചെറുപ്പക്കാരായ ആ ഭാര്യയും ഭർത്താവും. വളരെ സന്തോഷകരമായി അവരുടെ ദാമ്പത്യജീവിതം മുന്നോട്ടു പോകുന്നതിനിടയിലാണ് അപ്രതീക്ഷിതമായുണ്ടായ രോഗത്തെത്തുടർന്നു ഭർത്താവിന്റെ ശരീരം ഭാഗികമായി തളർന്നത്. പരസഹായമില്ലാതെ എഴുന്നേൽക്കാനോ നടക്കാനോ കഴിയില്ല. കൈകളും ഭാഗികമായി തളർന്ന അവസ്ഥയിലാണ്.

അതുവരെ ജോലിക്കുപോയിരുന്ന അദ്ദേഹത്തിനു ശരീരം തളർന്നതോടെ കിടക്കയിൽതന്നെ കഴിയേണ്ടി വന്നു. കുറേ നാളത്തെ ചികിത്സകൾക്കു ശേഷം ആരുടെയെങ്കിലും സഹായത്താൽ പിടിച്ചു നടക്കാമെന്നായി. ഭർത്താവിന്റെ കാര്യങ്ങളെല്ലാം നോക്കിയ ശേഷം കുടുംബം പുലർത്താനായി ഭാര്യ ജോലിക്കു പോകും.

പ്രമുഖ സ്ഥാപനത്തിലെ ഉദ്യോഗസ്ഥയാണ് ഭാര്യ. തന്റെ ഭർത്താവിനെ കുളിപ്പിക്കുന്നതും പ്രാഥമിക കാര്യങ്ങൾ നിർവഹിക്കാൻ സഹായിക്കുന്നതും ഭക്ഷണം കഴിപ്പിക്കുന്നതുമെല്ലാം ഈ യുവതിയാണ്. പക്ഷേ സജീവമായ ജീവിതത്തിൽനിന്ന്, പെട്ടെന്നു ചെറിയ കാര്യത്തിനുപോലും ഭാര്യയെ ആശ്രയിച്ചു കൊണ്ട് ഒരു മുറിക്കുള്ളിലെ കിടക്കയിലേക്ക് ഒതുങ്ങേണ്ടി വന്നതോടെ ആ യുവാവിന് ആത്മവിശ്വാസവും സന്തോഷവും നഷ്ടമായി. അങ്ങനെയാണ് ഭർത്താവിനെയും കൂട്ടി നൂറിലധികം കിലോമീറ്ററുകൾ താണ്ടി ആ യുവതി കൗൺസലിങ്ങിനായി വന്നത്.

തന്റെ ദുർബലമായ തോളിലേക്കു ഭർത്താവിന്റെ കൈകളിട്ട്, പ്രിയതമനെ ഒറ്റയ്ക്കു താങ്ങിക്കൊണ്ട് ആ യുവതി എത്തി. പരിചയപ്പെട്ടതും ഞാൻ വിസിറ്റിങ് കാർഡ് ഭാര്യയുടെ കൈകളിലേക്കു നീട്ടി. വിറയ്ക്കുന്ന കൈകൾ കൊണ്ടു ഭർത്താവിനു കാർഡ് വാങ്ങാനുള്ള ബുദ്ധിമുട്ടോർത്തായിരുന്നു ഭാര്യയുടെ നേർക്കു കാർഡ് നീട്ടിയത്, പക്ഷേ, തന്റെ ഭർത്താവിനു കൊടുത്തേക്കൂ എന്നവർ ആംഗ്യം കാട്ടി.

ഭാഗികമായി തളർന്ന അവസ്ഥയിൽ പൂർണമായും തന്റെ ഭാര്യയെ ആശ്രയിച്ചാണ് ആ മനുഷ്യൻ ജീവിക്കുന്നത്. ഭർത്താവിനെയും കുടുംബത്തെയും നോക്കാൻ ജോലിക്കു പോകുന്നതും ഭർത്താവിന്റെ എല്ലാ കാര്യങ്ങളും നോക്കുന്നതും ഈ യുവതിയാണ്. എങ്കിലും തന്റെ പതിക്കു കൊടുക്കേണ്ട ബഹുമാനം ഒരു ചെറുപ്രവൃത്തികൊണ്ടു പോലും ഇല്ലാതാകരുതെന്ന അവരുടെ നിഷ്ഠ കണ്ടപ്പോൾ ആദരവു തോന്നിപ്പോയി.

ഏതു ബന്ധത്തിലും സന്തോഷം നിലനിൽക്കണമെങ്കിൽ പരസ്പര ബഹുമാനവും സ്നേഹവും ആവശ്യമാണ്. കേവലം സൗന്ദര്യമോ പദവിയോ വിദ്യാഭ്യാസ യോഗ്യതയോ പണമോ അധികാരമോ മാത്രം നോക്കിയാണു നാം ഒരാളെ ബഹുമാനിക്കുന്നതെങ്കിൽ, അതു നഷ്ടപ്പെടുമ്പോൾ ബഹുമാനവും ഇല്ലാതാകുന്നു.

കുടുംബ ജീവിതത്തിൽ പരസ്പരം കുറവുകളും ഗുണങ്ങളും മനസ്സിലാക്കിക്കൊണ്ടു നിസ്വാർഥമായി സ്നേഹിക്കാൻ കഴിയുമ്പോഴാണു സഹനങ്ങൾ സന്തോഷത്തോടെ ഏറ്റുവാങ്ങാൻ നമുക്കു കഴിയുന്നത്.

ഒത്തിരിയേറെ മികച്ച നടന്മാർക്കും സംവിധായകർക്കും തിരക്കഥാകൃത്തുക്കൾക്കും ജന്മം നൽകിയ കൊച്ചിൻ കലാഭവന്റെ സ്ഥാപകനാണ് പരേതനായ ആബേൽ അച്ചൻ, സഹനവുമായി ബന്ധപ്പെട്ട് അച്ചൻ തന്റെ ജീവിതത്തിലെ ഒരു അനുഭവം പങ്കുവച്ചിട്ടുണ്ട്. ‘‘റോമിൽ വൈദികപഠനം നടത്തുന്ന കാലം. അന്നു വൈദികപാഠശാലയിലേക്കു പോകുന്ന വഴി വൈദിക വിദ്യാർഥികളെ കളിയാക്കാനും ചീത്തവിളിക്കാനും പണം കൊടുത്ത് ആളുകളെ നിർത്തിയിരുന്നു. മറ്റുള്ളവർ പ്രകോപിപ്പിക്കുന്ന രീതിയിൽ പെരുമാറുമ്പോൾ അതിനോടു വൈദിക വിദ്യാർഥികൾ എങ്ങനെ പ്രതികരിക്കുന്നു എന്നു പരിശോധിക്കാനും പ്രകോപനമുണ്ടാക്കുന്ന സന്ദർഭങ്ങളെ ശാന്തതയോടും സമചിത്തതയോടും ക്ഷമയോടും നേരിടാൻ പരിശീലിപ്പിക്കാനുമായിരുന്നു അത്.

നമ്മുടെ ജീവിതത്തിലും സ്വീകാര്യമല്ലാത്ത സന്ദർഭങ്ങളാകാം. വാക്കുകൾകൊണ്ടോ ശരീരം കൊണ്ടോ ഉള്ള മുറിവേൽപ്പിക്കലുകൾ, അപമാനിക്കൽ‌, ചതി, ഒറ്റപ്പെടുത്തൽ, അഹങ്കാരം നിറഞ്ഞ പെരുമാറ്റം, അവഗണന തുടങ്ങിയവയ്ക്കെല്ലാം അതേ നാണയത്തിൽ തിരിച്ചടിക്കാൻ ശ്രമിച്ചാൽ നാമും അവരും തമ്മിൽ വ്യത്യാസമില്ലാതെയാകും.

മറ്റൊരാൾ നമ്മെ പ്രകോപിപ്പിക്കാൻ ശ്രമിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമ്പോൾ നമ്മിലും നിഷേധാത്മക ഊർജം നിറയുന്നു. അതു നമ്മുടെ ശാന്തിയും സന്തോഷവും കെടുത്തും. അതിനാൽ ക്ഷമയും സമചിത്തതയും ശാന്തതയും പരിശീലിക്കുക.

പ്രാ‍ർഥന മികച്ച ഔഷധം
നമ്മുടെ ജീവിതത്തിലെ ഏതു പ്രശ്നവും പരിഹരിക്കാനുള്ള മികച്ച ഔഷധമാണ് ഈശ്വരനോടുള്ള പ്രാർഥന. ഹൃദയത്തിൽ കളങ്കമില്ലാതെ നാം പ്രാർഥിച്ചാൽ തീർച്ചയായും ആ പ്രാർഥനയ്ക്ക് ഉത്തരം കിട്ടും.

തിരക്കുകൾക്കു ബ്രേക്കിടാം
തിരക്കുകളിൽ നിന്നു വിട്ടു ആഴ്ചയിലൊരിക്കലെങ്കിലും കുടുംബാംഗങ്ങളുമൊത്ത് അടുത്തെവിടെയെങ്കിലും ഔട്ടിങ്ങിനു പോവുക. മൂന്നു മാസം കൂടുമ്പോൾ എവിടേക്കെങ്കിലും രണ്ടോ മൂന്നോ ദിവസം കുടുംബാംഗങ്ങളുമൊത്തു ടൂർ പോവുക. ഇതെല്ലാം മാനസികമായ പിരിമുറുക്കം അകറ്റാനും കൂടുതൽ റിലാക്സ് ആവാനും സഹായിക്കും.

നിങ്ങളുടെ സന്തോഷം കെടുത്താൻ മറ്റാർക്കും കഴിയില്ല. ജീവിതത്തിൽ നിങ്ങൾ നേരിടുന്ന കാര്യങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു എന്നതാണു സന്തോഷത്തിന്റെയും സംതൃപ്തിയുടെയും അടിസ്ഥാനം. പോസിറ്റീവായി ജീവിതത്തിലെ അപ്രതീക്ഷിത സാഹചര്യങ്ങളെ നേരിടൂ. അവിടെ സന്തോഷം കെടാതെ നിൽക്കും.