Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപ്രൈസലുകളില്‍ തിളങ്ങാൻ ചില പൊടിക്കൈകള്‍

appraisal

കമ്പനികളില്‍ ഇത് പെര്‍ഫോമന്‍സ് അപ്രൈസലുകളുടെ ചൂടും പുകയും ഉയരുന്ന കാലം. ജീവനക്കാരന്റെ ഒരു വര്‍ഷത്തെ പ്രകടനത്തിന്റെ കണക്കെടുപ്പ് നടത്തുന്ന പരിപാടിക്കാണ് പെര്‍ഫോമന്‍സ് അപ്രൈസല്‍ അഥവാ പ്രകടന മൂല്യനിര്‍ണ്ണയം എന്നു പറയുന്നത്. പിഎ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ഈ വാര്‍ഷിക പരിപാടി പല ജീവനക്കാരുടെയും ഉറക്കം കെടുത്താറുണ്ടെന്നതാണ് സത്യം. സ്ഥാപനത്തിലെ ഓരോ വ്യക്തിയുടെയും കരിയറിന്റെ ഭാവി, ബോണസ്, ഇന്‍ക്രിമെന്റ്, പ്രമോഷന്‍ തുടങ്ങിയവയെല്ലാം പിഎ സ്‌കോറിനെ ആശ്രയിച്ചിരിക്കും. 

കമ്പനിയുടെ ഹ്യൂമന്‍ റിസോഴ്‌സ് മാനേജരോ ജീവനക്കാരനു തൊട്ടുമുകളിലുള്ള മാനേജരോ സ്ഥാപന മേലധികാരിയോ തന്നെയാകും പലപ്പോഴും  അപ്രൈസല്‍ നടത്തുക. ജീവനക്കാരന്റെ പ്രകടനം മാനേജര്‍ വിലയിരുത്തിയ ശേഷം അതിന്റെ റിപ്പോര്‍ട്ട് ജീവനക്കാരനെ വിളിച്ചറിയിക്കുന്നതായിരുന്നു പഴയ രീതി. എന്നാല്‍ ഇപ്പോള്‍ പല കമ്പനികളും മേലധികാരിയും കീഴ്ജീവനക്കാരനും ഒരേ സമയം പങ്കാളികളാകുന്ന 360 ഡിഗ്രി അപ്രൈസലുകളാണ് നടത്തുന്നത്. 

ജീവനക്കാരനു സ്വയം വിലയിരുത്താന്‍ അവസരം നല്‍കുന്ന സെല്‍ഫ് അപ്രൈസല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ മാനേജരും ജീവനക്കാരനുമായി നടത്തുന്ന അഭിമുഖം എന്നിവയാണ് അപ്രൈസലിന്റെ പ്രധാന ഘട്ടങ്ങള്‍. ഇതിനു ശേഷം മാനേജര്‍ ജീവനക്കാരന് ഒരു സ്‌കോര്‍ നല്‍കുന്നു. സ്‌കോര്‍ നല്ലതാണെങ്കില്‍ ബോണസും സമ്മാനങ്ങളും പ്രമോഷനുമൊക്കെ പിന്നാലെ വരും. മോശമാണെങ്കില്‍ വിശദീകരണക്കുറിപ്പോ തരംതാഴ്ത്തലോ ജോലിയില്‍ നിന്നു പിരിച്ചു വിടലോ നേരിടേണ്ടി വരാം. സ്വകാര്യ മേഖലയില്‍ മാത്രമല്ല, ഗവണ്‍മെന്റ് സ്ഥാപനങ്ങളിലും ഇന്ന് അപ്രൈസല്‍ നിര്‍ബന്ധമാണ്. അപ്രൈസലില്‍ വെരി ഗുഡ് ലഭിക്കാത്തവരെ പ്രമോഷന് പരിഗണിക്കേണ്ടതില്ല എന്നാണ് കേന്ദ്ര ഗവണ്‍മെന്റ് ജീവനക്കാര്‍ക്കുള്ള ഏഴാം ശമ്പള കമ്മിഷന്റെ ഒരു പ്രധാന ശുപാര്‍ശ. ഏതു മേഖലയിലാണെങ്കിലും പെര്‍ഫോമന്‍സ് അപ്രൈസലുകള്‍ കരിയറിന്റെ പ്രധാന ചവിട്ടുപടിയാണെന്ന് നിസ്സംശയം പറയാം. 

അപ്രൈസലില്‍ തിളങ്ങി മേലധികാരിയുടെ പ്രീതി പിടിച്ചു പറ്റാന്‍ ചില പൊടിക്കൈകള്‍:

ഗൗരവമാര്‍ന്ന തയാറെടുപ്പ് 
എന്തെങ്കിലുമൊക്കെ അലസമായി കുത്തി നിറയ്ക്കാനുള്ളതല്ല സെല്‍ഫ് അപ്രൈസല്‍ ഫോം. വളരെ ശ്രദ്ധയോടെ, തയാറെടുപ്പോടെ, നല്ലവണ്ണം ചിന്തിച്ച് ചെയ്യേണ്ടതാണ് ഇവ. നിങ്ങളെപ്പറ്റിയുള്ള സ്വയം വിലയിരുത്തലാണ് ഇതില്‍ പ്രതിഫലിക്കുക. സ്വയം മതിപ്പ് ഇല്ലാത്ത ഒരാള്‍ക്ക് മേലധികാരിയുടെ മുന്നിലും മതിപ്പുണ്ടാകില്ല എന്നോര്‍മ വേണം. 

പെര്‍ഫോമന്‍സ് ജേണല്‍
സെല്‍ഫ് അപ്രൈസലിലെ പ്രധാന ഭാഗം നിങ്ങളുടെ നേട്ടങ്ങളുടെ പട്ടികയാണ്. കഴിഞ്ഞ വര്‍ഷം നിങ്ങള്‍ ജോലിയിലുണ്ടാക്കിയ നേട്ടങ്ങള്‍ നിഷ്പക്ഷമായി, വസ്തുനിഷ്ഠമായി എഴുതണം. നിങ്ങളുടെ നേട്ടങ്ങള്‍ എല്ലാം ഒരുപക്ഷേ മാനേജര്‍ അറിഞ്ഞെന്നു വരില്ല. അറിഞ്ഞാല്‍ തന്നെ ഓര്‍ക്കണമെന്നുമില്ല. നിങ്ങളുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍, നേട്ടങ്ങള്‍, വിജയങ്ങള്‍, തരണം ചെയ്ത വെല്ലുവിളികള്‍ ഇവയൊക്കെ അതാത് സമയത്ത് കുറിച്ചു വയ്ക്കാന്‍ ഒരു പെര്‍ഫോമന്‍സ് ജേണല്‍ സൂക്ഷിക്കുകയാണെങ്കില്‍ സംഗതി എളുപ്പമാകും. 

നിങ്ങള്‍ക്ക് ഇക്കാലയളവില്‍ ലഭിച്ച അംഗീകാരങ്ങള്‍, പ്രശസ്തി പത്രങ്ങള്‍, നന്നായി പൂര്‍ത്തിയാക്കിയ പദ്ധതികള്‍, ഏല്‍പ്പിച്ച ജോലികളില്‍ പുലര്‍ത്തിയ ആത്മാർഥത തുടങ്ങിയവ ഉള്‍പ്പെടുത്താം. ഏതെങ്കിലും പരിശീലന പരിപാടികളില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അതിന്റെ വിവരങ്ങള്‍, അതിലൂടെ ലഭിച്ച പുതിയ നൈപുണ്യങ്ങള്‍ തുടങ്ങിയവയും ഉള്‍പ്പെടുത്താം. ഇക്കാലയളവില്‍ ജോലിസംബന്ധമായി നേരിട്ട വെല്ലുവിളികളും അവയെ നിങ്ങള്‍ തരണം ചെയ്ത രീതിയും വിവരിക്കാവുന്നതാണ്. ഇക്കാര്യങ്ങള്‍ സത്യസന്ധമായി വിവരിക്കാന്‍ ശ്രദ്ധിക്കണം. കപടമായ അവകാശവാദങ്ങള്‍ക്ക് അധികം ആയുസ്സുണ്ടാകില്ല. 

മുഖം മൂടികളില്ലാത്ത അഭിമുഖം
നിങ്ങളുടെ സെല്‍ഫ് അപ്രൈസലില്‍ ഉള്ളതും ഇല്ലാത്തതുമായ എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാകും അഭിമുഖത്തിനായി മാനേജര്‍ വിളിക്കുക. അതിനാല്‍ തന്നെ പൊയ്മുഖങ്ങള്‍ അണിഞ്ഞു കൊണ്ടോ ഇല്ലാത്ത ജാഡ കാണിച്ചു കൊണ്ടോ അങ്ങോട്ട് ചെല്ലണ്ട. സത്യസന്ധമായി, ആത്മവിശ്വാസം സ്ഫുരിക്കുന്ന മുഖവുമായി അഭിമുഖത്തിനെത്തുക. മാനേജരില്‍നിന്ന് ലഭിക്കാന്‍ പോകുന്നത് കുത്തുവാക്കുകളും കുറ്റപ്പെടുത്തലുകളും ആയിരിക്കും എന്ന മുന്‍വിധിയും വേണ്ട. തുറന്ന ആശയവിനിമയമാണ് ഇതിലൂടെ ലക്ഷ്യം വയ്‌ക്കേണ്ടത്.

പഴിചാരി രക്ഷപ്പെടാന്‍ ശ്രമിക്കരുത്
നിങ്ങളുടെ പോരായ്മകള്‍ മേലധികാരി ചുണ്ടിക്കാണിക്കുമ്പോള്‍ അത് തന്റെ കുറ്റമല്ല, സഹപ്രവര്‍ത്തകന്റെയോ ടീം ലീഡറുടെയോ കുറ്റമാണെന്നുപറഞ്ഞ് ഒഴിയാന്‍ നോക്കരുത്. കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കുന്നവരെയാണ് ഏതൊരു സ്ഥാപനത്തിനും ഇഷ്ടം. മറ്റുള്ളവരെ പഴിചാരി രക്ഷപ്പെടുന്നവര്‍ നല്ല നേതാക്കളാകില്ല. 

വിലയിരുത്തുന്നത് നിങ്ങളെ മാത്രം
അഭിമുഖം നിങ്ങളുടെ പ്രകടനം വിലയിരുത്താന്‍ ഉള്ളതാണ് അല്ലാതെ മേലധികാരിയുടേതല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അഭിമുഖത്തിനിടയില്‍, ‘നിങ്ങള്‍ എന്നെ എങ്ങനെ വിലയിരുത്തുന്നു’ എന്ന് മേലധികാരി ചോദിച്ചാല്‍തന്നെ നയതന്ത്രജ്ഞതയോടെ വേണം ഉത്തരം‍. കുറ്റപ്പെടുത്തലിന്റെ തലത്തിലേക്ക് മേലധികാരിയെ കുറിച്ച് പറയുന്നത് ആശാസ്യമല്ല. പോസിറ്റീവായ പ്രതികരണങ്ങളാകും അവര്‍ പ്രതീക്ഷിക്കുന്നത്.

തര്‍ക്ക വേദിയാക്കരുത്
സെല്‍ഫ് അപ്രൈസല്‍ ഗംഭീരമായി എഴുതിയിട്ടും പിഎ അഭിമുഖത്തിലെ സമചിത്തതയില്ലാതെ പെരുമാറ്റം കൊണ്ടുമാത്രം എല്ലാം കുളമാക്കുന്നവരുണ്ട്. പിഎ അഭിമുഖത്തില്‍ വാക്കുതര്‍ക്കം മൂത്ത് മേലധികാരിയെ ചീത്ത പറഞ്ഞ് ഉള്ള പണി കളയുന്നവരും ചുരുക്കമല്ല. പിഎ അഭിമുഖത്തില്‍ മേലധികാരിയോട് തര്‍ക്കിച്ചു ജയിക്കാമെന്നു കരുതുന്നത് മണ്ടത്തരമായിരിക്കും. നിങ്ങള്‍ക്കു പറയാനുള്ളത് വിനീതമായി, കാര്യമാത്ര പ്രസക്തമായി പറയുക. തെറ്റുകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അത് അംഗീകരിക്കുന്നതിന് നാണം തോന്നേണ്ട കാര്യമില്ല. തെറ്റില്‍ നിന്ന് നിങ്ങള്‍ പഠിക്കുന്ന പാഠങ്ങളാണ് കമ്പനിയെ സംബന്ധിച്ചിടത്തോളം പ്രധാനം. സ്വന്തം ശക്തിയെക്കുറിച്ചെന്ന പോലെ പോരായ്മകളെ കുറിച്ചും ധാരണയുള്ള വ്യക്തികള്‍ക്ക് ആത്മവിമര്‍ശനം എളുപ്പമായിരിക്കും. 

ശമ്പളത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുത്
പിഎ യുടെ റേറ്റിങ് നിങ്ങളുടെ ശമ്പളത്തെയും മറ്റ് ആനുകൂല്യങ്ങളെയും ബാധിക്കുമെങ്കിലും പിഎ അഭിമുഖമല്ല ശമ്പളത്തെക്കുറിച്ചുള്ള നിങ്ങളുടെ ആവലാതികള്‍ പറയാനുള്ള സ്ഥലം. ഇവിടെ വിലയിരുത്തുന്നത് പ്രകടനമാണ്. ശമ്പളം കുറഞ്ഞതാണ് കുറഞ്ഞ പ്രകടനത്തിന് കാരണം എന്നൊരു ജീവനക്കാരന്‍ പറഞ്ഞാല്‍ അധിക കാലം ആ കമ്പനിയില്‍ അയാള്‍ തുടരാന്‍ സാധ്യതയില്ല. 

എങ്ങനെ കൂടുതല്‍ മെച്ചപ്പെടുത്താം 
പ്രകടനം മെച്ചപ്പെടുത്തുന്നതിന് നിങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്താനുള്ള കോളം സെല്‍ഫ് അപ്രൈസലുകളില്‍ മിക്കവാറും കണ്ടു വരാറുണ്ട്. ജോലി ഏറ്റവും മികവോടെ ചെയ്യുന്നതിന് ഏതൊക്കെ നൈപുണ്യങ്ങളാണ് നേടാന്‍ ആഗ്രഹിക്കുന്നത്, പോരായ്മകള്‍ പരിഹരിക്കുന്നതിന് എന്തു തരം നടപടികളാണ് ആവശ്യമുള്ളത് എന്നിങ്ങനെയുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കാം.  

വാല്‍ക്കഷ്ണം: അപ്രൈസല്‍ എത്ര നന്നായെങ്കിലും കമ്പനിക്ക് അകത്തും പുറത്തുമുള്ള നിങ്ങളുടെ പെരുമാറ്റം നിര്‍ണ്ണായകമാണ്. വര്‍ഷത്തില്‍ ബാക്കി ദിവസങ്ങളിലെല്ലാം മേലധികാരിയെ കുറ്റം പറഞ്ഞും സഹപ്രവര്‍ത്തകരുടെ മേല്‍ കുതിര കയറിയും ജോലിയില്‍ ഉഴപ്പിയും നടക്കുന്ന ഒരാള്‍ അപ്രൈസല്‍ മാത്രം ഗംഭീരമാക്കിയിട്ട് കാര്യമുണ്ടാകണമെന്നില്ല. നിരന്തര മൂല്യനിര്‍ണ്ണയം സ്‌കൂളുകളില്‍ മാത്രമല്ല, ഓഫിസുകളിലും ഉണ്ടെന്ന് അറിയുക.