Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കരിയർ തിരഞ്ഞെടുക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

Career

പ്രൈമറി സ്കൂളിൽ പഠിക്കുന്ന കുട്ടികളോടു കാലാകാലങ്ങളായി അധ്യാപകർ ചോദിക്കാറുള്ള ഒരു ചോദ്യമാണ്, വലുതാകുമ്പോൾ നിങ്ങൾക്ക് ആരാകണമെന്ന്. ഈ ചോദ്യത്തിനു കുട്ടികൾ പറയുന്ന ഉത്തരങ്ങൾ‌ കൗതുകത്തോടെ നമ്മൾ കേട്ടിരിക്കാറുണ്ട്. ഡോക്ടർ, എൻജിനീയർ, പൈലറ്റ്, അധ്യാപകൻ, വക്കീൽ എന്നിവയിൽ തുടങ്ങി ക്രിക്കറ്റ് താരമെന്നും ആനപ്പാപ്പാനെന്നും ബഹിരാകാശ സഞ്ചാരിയെന്നും വരെ നീളുന്നു വർണം വിരിയിക്കുന്ന അവരുടെ മായിക ലോകവീക്ഷണം.

വളർച്ചയുടെ പടവുകൾ ഒന്നൊന്നായി കയറിതുടങ്ങുന്നതോടെ കുട്ടികളുടെ താൽപര്യങ്ങൾക്കും അഭിരുചികൾക്കും വ്യക്തതയേറുന്നു. ഭാവിയിൽ ആരായിത്തീരണം എന്ന ആ പഴയ ചോദ്യത്തിനു കുട്ടികൾക്കു പ്രായമേറുന്നതോടെ മികവുള്ള ഉത്തരങ്ങൾ വന്നു തുടങ്ങുന്നു. എന്നാൽ അവരുടെ ഉള്ളിൽ വിരിയുന്ന നൈസർഗികമായ അഭിരുചികളെ തച്ചുടച്ചു തങ്ങളുടെ ആഗ്രഹങ്ങൾ കുട്ടികളിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന മാതാപിതാക്കളാണ് ഇന്ന് ഏറെയുള്ളത്. മക്കളുടെ അഭിരുചിക്കനുസരിച്ച് അവരെ വളർത്തിയെങ്കിൽ മാത്രമേ അവർ വിജയത്തിലെത്തിച്ചേരൂ എന്ന് ഇത്തരം മാതാപിതാക്കൾ മനസ്സിലാക്കാറില്ല. മലയാളത്തിന്റെ ഗാനഗന്ധർവ്വൻ കെ.ജെ യേശുദാസിനെ അദ്ദേഹത്തിന്റെ മാതാപിതാക്കൾ ഒരു ക്രിക്കറ്റർ ആക്കിത്തീർക്കാൻ ശ്രമിച്ചിരുന്നെങ്കിൽ എന്താകുമായിരുന്നോ സംഭവിക്കുക, അതുതന്നെയായിരിക്കും സച്ചിൻ തെൻഡുൽക്കറെ ഒരു ഗായകനാക്കാൻ അദ്ദേഹത്തിന്റെ മാതാപിതാക്കൾ തീരുമാനിച്ചിരുന്നെങ്കിൽ സംഭവിച്ചിരിക്കുക.

കരിയർ, ജോബ്(ജോലി) എന്നീ വാക്കുകൾ ഏതാണ്ട് സമാന അർത്ഥത്തിൽ ഉപയോഗിച്ചു കാണാറുണ്ടെങ്കിലും ഇവ രണ്ടും വ്യത്യസ്തമാണ്. കരിയർ എന്നാൽ ഒരാൾ അയാളുടെ താൽപര്യത്തിനും അഭിരുചിക്കും അനുസരിച്ച് സ്വന്തം  ജീവിതലക്ഷ്യങ്ങളെ നേടുന്നതിനായി പ്രവർത്തി ചെയ്യുന്ന മേഖലയാണ്. എന്നാല്‍  ജോബ് (ജോലി) ഉപജീവനത്തിനും ധന സമ്പാദനത്തിനുമായി ചെയ്യുന്ന ഏതൊരു പ്രവൃത്തിയെയും സൂചിപ്പിക്കുന്നു. തങ്ങളുടെ അഭിരുചികൾക്കനുസരിച്ചുള്ള തൊഴില്‍മേഖല കണ്ടെത്തിയാൽ മാത്രമേ ആ മേഖലയിൽ വിജയിക്കുവാനും അതിൽ തുടരുവാനും ഉയരങ്ങൾ കീഴടക്കുവാനും സാധിക്കൂ. പലപ്പോഴും വിദ്യാർഥികൾ കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് തൊഴിൽ സാധ്യത മാത്രം മുന്നിൽ കണ്ടാണ്. ഏതു മേഖലയിലാണോ തൊഴിലവസരങ്ങൾ ഏറുന്നത് വിദ്യാർഥികള്‍ കൂട്ടമായി അത്തരം കോഴ്സുകൾക്കു ചേരുന്നു. അഭിരുചിയുമായി പുലബന്ധമില്ലാത്ത അത്തരം മേഖലകളിലെ കോഴ്സുകൾ പൂർത്തിയാക്കാൻ സാധിക്കാതെ വരികയോ അഥവാ പൂർത്തിയാക്കിയാൽത്തന്നെ നല്ല ഒരു ജോലിയിൽ പ്രവേശിക്കാൻ സാധിക്കാതെ വരികയോ ചെയ്യുന്നു. നഴ്സിങ് കോഴ്സുകൾ പൂർത്തിയാക്കിയശേഷം ആശുപത്രിയിലെ ജീവിതവുമായി പൊരുത്തപ്പെടാൻ സാധിക്കാതെ വരുന്ന ഒട്ടേറെ കുട്ടികളുണ്ട്. മാറ്റത്തിനൊത്തു മാറുക എന്നതാണ് ഇത്തരം സാഹചര്യത്തിൽ നല്ലത്. ഉദാഹരണത്തിനു മേൽപ്പറഞ്ഞ വിഭാഗങ്ങളിലുള്ളവര്‍ക്ക് മെഡിക്കൽ കെപിഒ, മെഡിക്കൽ ട്രാന്‍സ്ക്രിപ്ഷൻ തുടങ്ങിയ മേഖലകളിലേക്കു മാറാം. അങ്ങനെ പഠിച്ച മേഖലയുമായി ഇത്തരത്തിൽ ബന്ധപ്പെട്ടു നിൽക്കുന്ന നിങ്ങള്‍ക്ക് അഭിരുചി കൂടിയുള്ള മേഖലകളിലേക്കു ചേക്കേറാം.

രസകരമായ ഒരു കഥയുണ്ട്. ഒരു പിതാവ് തന്റെ കുട്ടിയുടെ അഭിരുചി കണ്ടെത്താന്‍ ശ്രമിച്ചതിനെക്കുറിച്ച്. ഈ പിതാവ് തന്റെ അഞ്ചു വയസ്സുള്ള കുട്ടിയുടെ അഭിരുചി മനസ്സിലാക്കാൻ അവന്റെ മുൻപിൽ ഒരു കെട്ട് നോട്ടും ഒരു മദ്യക്കുപ്പിയും ഒരു സാരിയും വച്ചുവത്രേ. മദ്യക്കുപ്പിയെടുത്താൽ ഭാവിയിൽ അവനൊരു അബ്കാരി മുതലാളിയായി മാറുമെന്നാണ് സങ്കൽപം. ഇനി നോട്ടുകെട്ടാണ് എടുക്കുന്നതെങ്കിൽ ഒരു ബ്ലേഡ് കമ്പനി ഉടമയാകും എന്നു അനുമാനിക്കാം. നേരെ മറിച്ച് സാരിയാണ് എടുക്കുന്നതെങ്കില്‍ അസാന്മാർഗിക ജീവിതത്തിലേക്കു പോകുമത്രേ. എന്നാൽ നമ്മുടെ കഥാനായകൻ മദ്യം കുടിച്ചിട്ട് നോട്ടുകെട്ടുകൾ പോക്കറ്റിലിട്ട് സാരിയുമായി പോയത്രേ. അതുകൊണ്ടുതന്നെ അവന്‍ ഒരു രാഷ്ട്രീയക്കാരനായി മാറി എന്നതാണു കഥ.

ഇതൊരു കഥയാണെങ്കിലും വിദ്യാർഥികളുടെ  കഴിവുകളും താൽപര്യങ്ങളും മനസ്സിലാക്കി അവർക്ക് അനുയോജ്യമായ കരിയർ മേഖല ഏതെന്നു കണ്ടെത്താമെന്ന പാഠം ഇതിലുണ്ട്. അങ്ങനെയെങ്കില്‍ താൽപര്യവും അഭിരുചിയുമുള്ള മേഖലകളിൽ കുടുതൽ അറിവും പരശീലനവും നല്‍കി അവയെ വളർത്തിയെടുക്കാം.

ഇപ്പോഴുള്ള തൊഴിലന്വേഷകരുടെ മാതാപിതാക്കളുടെ, തലമുറയുടെ തൊഴിൽ മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാട് തികച്ചും വ്യത്യസ്തമായിരുന്നു. ഒരു തൊഴിലിൽ പ്രവേശിച്ച് അതിൽ തുടർന്ന്, റിട്ടയർമെന്റ് വരെ എത്തുന്ന രീതിയായിരുന്നു അന്ന്. എന്നാല്‍ പുതുതലമുറ തൊഴിലുകളും തൊഴില്‍ മേഖല പോലും നിരന്തരം മാറ്റിക്കൊണ്ടിരിക്കുന്നു. ഒരു കരിയർ മേഖലയും പല ജോലികളും എന്ന രീതിയിൽ തെറ്റില്ല. എന്നാൽ കരിയർ മേഖല തുടരെ മാറിക്കൊണ്ടിരിക്കുന്നത്, കരിയറിലെ അഭിവൃദ്ധിയെ (career graph) ദോഷകരമായി ബാധിക്കും. ബി കോം പഠനത്തിനു ശേഷം ഐടി മേഖലയിലാണ് കൂടുതൽ അവസരമെന്നു ചിന്തിച്ച് ഒരാൾ ഐടി കോഴ്സിനു ചേരുകയും ആ മേഖലയിൽ ജോലി ചെയ്യുന്നതിനു കഴിവില്ലാത്തതിനാൽ മാർക്കറ്റിങ് ജോലി അന്വേഷിച്ചു പോകുകയും ചെയ്യുന്നത് ഇതിനുദാഹരണമാണ്.

ഒാരോ വിദ്യാർഥിക്കും ഏറ്റവും അഭിരുചിയുള്ള മേഖലകൾ വ്യത്യസ്തമായിരിക്കും .ചില വിദ്യാർഥികൾ കണക്കിലും അനുബന്ധ വിഷയങ്ങളിലും സമർത്ഥരായിരിക്കും. ഇത്തരം വിദ്യാർഥികൾക്ക് എൻജിനീയറിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളായിരിക്കും അനുയോജ്യം. മറ്റു ചിലർ ആളുകളുമായി നന്നായി ഇടപഴകാൻ കഴിവുള്ളവരായിരിക്കും. ഇത്തരക്കാർ ഹോസ്പിറ്റാലിറ്റി, എച്ച്ആർ, കസ്റ്റമർ സർവീസ് തുടങ്ങിയ മേഖലകളിൽ തിളങ്ങിയേക്കാം. ചില കുട്ടികൾ സാങ്കേതിക ഉപകരണങ്ങളിൽ താൽപര്യം ഉള്ളവരായിരിക്കും. ഉദാഹരണത്തിന് മൊബൈൽ, കംപ്യൂട്ടർ തുടങ്ങിയവയുടെ പ്രവർത്തനം മനസ്സിലാക്കാൻ താൽപര്യമുള്ളവർ. ഇവർക്കും എൻജിനീയറിങ് മേഖല അനുയോജ്യമായേക്കാം. എൻജിനീയറിങ് മേഖലയിൽത്തന്നെ തൊഴിലവസരങ്ങളുടെ കാര്യത്തിൽ വൈവിധ്യമാർന്ന ഓപ്ഷനുകളാണ് വിദ്യാർഥികൾക്കുള്ളത്. അധ്യാപന േമഖലയോട് താൽപര്യമുള്ളവർക്ക് പഠനശേഷം ആ മേഖലയിലേക്ക് തിരിയാം. അതുമല്ല എഴുത്തിലാണ് താൽപര്യമെങ്കിൽ എൻജിനീയറിങ് കോഴ്സ് കഴിഞ്ഞ വിദ്യാർഥിക്ക് പ്രസ്തുത മേഖലയിലെ ടെക്നിക്കൽ റൈറ്റിങ് (Technical writing) ജോലികൾ തിരഞ്ഞെടുക്കാം.

ഒരു വിഭാഗം വിദ്യാർത്ഥികൾക്ക് ഒന്നിലധികം രംഗങ്ങളിൽ താൽപര്യവും നൈപുണ്യവുമുണ്ടാകും.. ഉദാഹരണമായി ചിത്രരചന, സംഗീതം, സാഹിത്യം എന്നീ മേഖലകളിൽ താൽപര്യമുള്ള കുട്ടികൾ, കംപ്യൂട്ടറിലും താൽപര്യം പ്രകടമാക്കിയാൽ അവരെ വെബ് ഡിസൈനിങ്, മൾട്ടിമീഡിയ, ആനിമേഷൻ തുടങ്ങിയ മേഖലകളിലേക്കു കൈപിടിച്ചുയർത്താം. ഐടി അനുബന്ധ കോഴ്സുകള്‍ കഴിഞ്ഞ വിദ്യാർഥികൾക്കും ഇത്തരം വൈവിധ്യമാർന്ന തൊഴിലവസരങ്ങൾ ലഭ്യമാണ്. നല്ല രീതിയിൽ ആശയവിനിമയം ചെയ്യുന്നതിനു കഴിവുള്ള വിദ്യാർഥികളെ ജേണലിസം പോലുള്ള മേഖലകളിലേക്കും ആതുരസേവനത്തിലും മറ്റും താല്‍പര്യമുള്ളവരെ സോഷ്യൽവർക്ക്, നഴ്സിങ് തുടങ്ങിയ മേഖലകളിലേക്കും തിരിച്ചുവിടാം.

കുട്ടികളുടെ കരിയർ അഭിരുചി മനസ്സിലാക്കുവാൻ ഒട്ടേറെ ശാസ്ത്രീയ പരീക്ഷകൾ നടത്തപ്പെടാറുണ്ട്. ഇവയ്ക്കു പുറമേ കരിയർ വിദഗ്ദ്ധരുടെ സഹായത്തോടെയൊ ഇന്റർനെറ്റില്‍ ലഭ്യമായ സേഫ്റ്റ്‌വെയർ ഉപയോഗിച്ചോ അവർക്ക് അനുയോജ്യമായ മേഖല കണ്ടെത്താം. എൻജിനീയറിങ് താൽപര്യമുണ്ടായിരുന്ന ആടുതോമയെ കണക്കു പഠിപ്പിക്കാൻ ശ്രമിച്ചു പരാജയപ്പെട്ട ‘സ്ഫടികം’ സിനിമയിലെ ചാക്കോ മാഷിന്റെ  അവസ്ഥ ഒരു തിരിച്ചറിവാകട്ടെ.

കടപ്പാട്
ക്യാംപസ് പ്ലേസ്മെന്റ്
സ്വപ്നജോലിക്കു വിജയമന്ത്രങ്ങൾ

ബ്രിജേഷ് ജോർജ് ജോൺ, കൃഷ്ണരാജ് എസ് 
മനോരമ ബുക്സ്

Order Book>>