Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ലറിക്കൽ തസ്തികകളിൽ ഐബിപിഎസ് മാസ് റിക്രൂട്മെന്റ്

bank-jobs

ബാങ്കിങ് ജോലി ആഗ്രഹിക്കുന്നവർക്ക് പ്രതീക്ഷകൾ നൽകി ഐബിപിഎസ് (ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ) ക്ലറിക്കൽ വിജ്ഞാപനം പുറത്തിറക്കി. ഇത്തവണ 19 ബാങ്കുകളിലായി 7275 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരിക്കുന്നത്. ഇക്കൂട്ടത്തിൽ കേരളത്തിലെ 291 ഒഴിവുകളും ഉൾപ്പെടും. ഇന്നു മുതൽ ഒക്ടോബർ 10 വരെ അപേക്ഷിക്കാം. 

പ്രിലിമിനറി, മെയിൻ ഘട്ടങ്ങളായാണു ഓൺലൈൻ പരീക്ഷ.ഡിസംബർ എട്ട്, ഒൻപത്, 15, 16 തീയതികളിൽ പ്രിലിമിനറിയും ജനുവരി 20നു മെയിൻ പരീക്ഷയും രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. 

ബിരുദധാരികൾക്കാണു പരീക്ഷ എഴുതാവുന്നത്. നിർദ്ദിഷ്ട കംപ്യൂട്ടർ പരിജ്ഞാനം നിർബന്ധമാണ്. 20– 28 വരെയാണു ജനറൽ വിഭാഗത്തിന്റെ പ്രായപരിധി.അപേക്ഷാ ഫീസ്: 600 രൂപ. പട്ടികവിഭാഗം, വിമുക്ത ഭടൻമാർ, വികലാംഗർ എന്നിവർക്ക് 100 രൂപ മതി. 

കേരളത്തിൽ കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, പാലക്കാട്, ആലപ്പുഴ എന്നിവിടങ്ങളിൽ പ്രിലിമിനറി. കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ മെയിൻ പരീക്ഷാകേന്ദ്രങ്ങളുണ്ട്. വെബ്സൈറ്റ്: www.ibps.in 

പരീക്ഷാരീതി
ഐബിപിഎസ് ക്ലറിക്കൽ വിഭാഗത്തിൽ ഈ വർഷത്തേത് എട്ടാമത്തെ പരീക്ഷയാണ്.19 ബാങ്കുകളിലെ അടുത്തവർഷത്തെ ക്ലറിക്കൽ നിയമനങ്ങൾ ഈ പരീക്ഷ വഴിയാകും. ഒബ്‌ജെക്‌ടീവ് രീതിയിലുള്ള പരീക്ഷാ ഘടനയാണ് പ്രിലിമിനറിക്കും മെയിനിനും. 

പ്രിലിമിനറി പരീക്ഷയിൽ റീസണിങ് എബിലിറ്റി (35 ചോദ്യം‍, 35 മാർക്ക്, 20 മിനിറ്റ് ദൈർഘ്യം), ഇംഗ്ലിഷ് ലാംഗ്വേജ് (35 ചോദ്യം, 35 മാർക്ക്, 20 മിനിറ്റ് ദൈർഘ്യം), ന്യൂമറിക്കൽ എബിലിറ്റി(30 ചോദ്യം, 30 മാർക്ക്, 20 മിനിറ്റ്) എന്നീ ഭാഗങ്ങളുണ്ടാകും.ഐബിപിഎസ് നിർണയിക്കുന്ന കട്ട്ഓഫ് നേടി ഷോർട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്കാണു മെയിൻ പരീക്ഷയിൽ അവസരം.കഴിഞ്ഞവർഷം ഐബിപിഎസ് പ്രിലിമിനറി പരീക്ഷയിൽ കേരളത്തിലെ കട്ട് ഓഫ് 77 മാർക്കായിരുന്നു. 

190ചോദ്യങ്ങളുള്ള മെയിൻ പരീക്ഷയുടെ ദൈർഘ്യം 160 മിനിറ്റ്. ജനറൽ/ ഫിനാൻഷ്യൽ അവയർനെസ്,ജനറൽ ഇംഗ്ലിഷ്, റീസണിങ് എബിലിറ്റി ആൻഡ് കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, , ക്വാണ്ടിറ്റേറ്റീവ് ആപ്‌റ്റിറ്റ്യൂഡ് എന്നീ വിഭാഗങ്ങളിൽ നിന്നായി മൊത്തം 200 മാർക്കിന്റെ പരീക്ഷ.ഇന്റർവ്യൂ ഇല്ലാത്തതിനാൽ മെയിൻ പരീക്ഷയാണു തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനം.കഴിഞ്ഞ തവണത്തെ ഐബിപിഎസ് പരീക്ഷയിൽ 69.72 മാർക്കായിരുന്നു കേരളത്തിലെ കട്ട്ഓഫ്. 2020 മാർച്ച് 31 വരെ ഈ വിജ്‌ഞാപനപ്രകാരം നിയമന സാധുതയുണ്ട്. 

2018ലെ മാറ്റങ്ങൾ 
പ്രിലിമിനറി പരീക്ഷയിൽ സെക്‌ഷനൽ സമയക്രമം ഇത്തവണയുണ്ട്. മുൻവർ‌ഷത്തേക്കാൾ 25 മിനിറ്റ് കൂടുതലാണ് ഇത്തവണത്തെ മെയിൻ പരീക്ഷ‌യ്ക്ക്.കൂടാതെ മെയിൻ പരീക്ഷയിൽ കംപ്യൂട്ടർ ആപ്റ്റിറ്റ്യൂഡ്, റീസണിങ് എന്നിവ യോജിപ്പിച്ച് 60 മാർക്കിന്റെ സെക്‌ഷനായിട്ടാണ് ഇത്തവണ മെയിൻ പരീക്ഷ നടത്തുന്നത്.

ഓഫിസർ കേഡര്‍ ലക്ഷ്യമിടാം...
ബാങ്കിങ് ജോലികൾ എക്കാലത്തും ഉദ്യോഗാർഥികളുടെ ഹോട്ട് ഫേവറിറ്റാണ്. ബാങ്കുകളിലെ ഉന്നത ഉദ്യോഗസ്ഥതസ്തികകളിലേക്കു വഴിതുറക്കാൻ ശേഷിയുള്ളവയാണു ക്ലറിക്കൽ കേഡറിലുള്ള  ജോലികൾ. പല ബാങ്കുകളിലും രണ്ടുതരത്തിലുള്ള രീതിയിൽ പ്രമോഷൻ ജാലകങ്ങളുണ്ട്.നോർമൽ ചാനലും മെറിറ്റ് ചാനലും. നോർമൽ ചാനലിൽ പ്രത്യേക പരീക്ഷ പാസായ ശേഷം സീനിയോറിറ്റിഅനുസരിച്ചു പ്രമോഷൻ കിട്ടുമ്പോൾ മെറിറ്റ് ചാനലിൽ,നിശ്ചിതവർഷങ്ങൾ ക്ലറിക്കൽ തസ്തികയിൽ ജോലിചെയ്തവർക്കു പ്രമോഷൻ നേടാം.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് ആൻഡ് ഫിനാന്‍സ് നടത്തുന്ന JAIIB and CAIIB ഡിപ്ലോമ പാസാകുന്നതും ഈ രീതിയിൽ ഉദ്യോഗക്കയറ്റം ലഭിക്കാൻ പലയിടങ്ങളിലും സഹായകമാണ്.ഇത്തരത്തിൽ ഓഫിസർ കേഡറിലെത്തുന്ന ക്ലറിക്കൽ കേഡറിലുള്ളവർക്ക്, പ്രബേഷൻ കാലയളവ് കുറവാണ്.

Job Tips >>