Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫെയ്സ്ബുക്ക് ഗ്ലോബല്‍ കമ്മ്യൂണിറ്റി ലീഡർമാരായി മൂന്ന് ഇന്ത്യൻ വനിതകൾ

indian-women

ടൂര്‍ പോകുന്നതിനും കൂട്ടുകാരന്റെ കല്യാണം പ്ലാന്‍ ചെയ്യുന്നതിനുമെന്നു വേണ്ട എന്തിനും ഏതിനും ഫെയ്സ്ബുക്കിലും വാട്ട്‌സ് ആപ്പിലും ഗ്രൂപ്പുകള്‍ തുടങ്ങുന്നവരാണ് നാം. വിനോദത്തിനു മാത്രമല്ല ഗൗരവകരമായ കാര്യം നടത്താനും ഇത്തരം കൂട്ടായ്മകള്‍ക്കു സാധിക്കും. ഇത്തരം കൂട്ടായ്മകളുടെ ശക്തി പ്രളയകാലത്ത് നാം തിരിച്ചറിഞ്ഞതാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരുപാട് പേരെ ഒരു നല്ല ലക്ഷ്യത്തിനായി ഒരുമിപ്പിക്കാന്‍ ഇത്തരം കൂട്ടായ്മകള്‍ക്കു സാധിക്കും. 

ഇത്തരം കൂട്ടായ്മകളെ അംഗീകരിക്കാന്‍ ഫെയ്സ്ബുക്ക് തന്നെ ആരംഭിച്ച ഗ്ലോബല്‍ കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് പ്രോഗ്രാമിലേക്ക് ഇത്തവണ ഇന്ത്യയില്‍ നിന്ന് മൂന്നു വനിതകള്‍ തിരഞ്ഞെടുക്കപ്പെട്ടു. ഫെയ്സ്ബുക്ക് കൂട്ടായ്മകളെ സാമൂഹിക വിഷയങ്ങളിലെ സ്വാധീനശക്തിയാക്കി മാറ്റിയാണ് ആധുനിക പ്രകാശ്, ചേതന മിശ്ര, തമന്ന ധമിജ എന്നീ മിടുക്കികള്‍ പട്ടികയില്‍ ഇടം നേടിയത്. 

ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനമുണ്ടാക്കിയ അഞ്ചു ഗ്ലോബല്‍ കമ്മ്യൂണിറ്റി ലീഡര്‍മാരുടെ പട്ടികയിലാണ് പുണെ സ്വദേശി ആധുനിക പ്രകാശ് ഇടം പിടിച്ചത്. ഇതിന് ആധുനികയെ സഹായിച്ചത് അമ്മമാരെ മുലയൂട്ടലിന് പ്രോത്സാഹിപ്പിക്കുന്നതിനായി രൂപം നല്‍കിയ കൂട്ടായ്മയാണ്. 80,000ത്തോളം അംഗങ്ങള്‍ ഈ കൂട്ടായ്മയിലുണ്ട്. 10 ലക്ഷം ഡോളര്‍ അവാര്‍ഡ് തുകയായി ഫെയ്സ്ബുക്ക് ആധുനികയ്ക്ക് നല്‍കും. 

മുംബൈ ആസ്ഥാനമായി രൂപീകരിച്ച മോംപ്രന്വേഴ്‌സ് ഇന്ത്യ എന്ന കൂട്ടായ്മയാണ് ചേതനാ മിശ്രയെ ഗ്ലോബല്‍ കമ്മ്യൂണിറ്റി ലീഡര്‍ ഫെല്ലോഷിപ്പിലെത്തിച്ചത്. അമ്മമാര്‍ക്ക് വിവരക്കൈമാറ്റത്തിന് പ്ലാറ്റ്‌ഫോം ഒരുക്കുന്ന ന്യൂഡല്‍ഹി അധിഷ്ഠിതമായ ബേബി ഡെസ്റ്റിനേഷന്‍ കൂട്ടായ്മയുടെ സ്ഥാപക തമന്ന ധമിജയ്ക്കും ഫെയ്സ്ബുക്കിന്റെ ഫെല്ലോഷിപ്പ് ലഭിച്ചു. ഇരുവര്‍ക്കും 50,000 ഡോളര്‍ ഫെല്ലോഷിപ്പ് തുകയായി ലഭിക്കും. ലോകത്താകമാനമുള്ള ആറായിരത്തോളം അപേക്ഷകരില്‍ നിന്നാണ് ഗ്ലോബല്‍ കമ്മ്യൂണിറ്റി ലീഡര്‍മാരെ ഓരോ വര്‍ഷവും ഫെയ്സ്ബുക്ക് തിരഞ്ഞെടുക്കുന്നത്. അടുത്ത വര്‍ഷം കാലിഫോര്‍ണിയയിലെ ഫെയ്സ്ബുക്ക് ആസ്ഥാനത്ത് ഇവര്‍ക്ക് കമ്മ്യൂണിറ്റി സംരംഭങ്ങളില്‍ പരിശീലനം നല്‍കും.  

Job Tips >>