Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡെലിവറി ജോലികള്‍ക്ക് പ്രിയമേറെ; പക്ഷേ ആവശ്യത്തിന് കിട്ടാനില്ല

Representative Image Representative Image

ഉത്സവകാല ഓഫറുകളുമായി കളം നിറയുകയാണ് ആമസോണും ഫ്‌ളിപ്പ്കാര്‍ട്ടും അടക്കമുള്ള ഇകൊമേഴ്‌സ് കമ്പനികള്‍. ഡെലിവറിക്കായി കൂടുതല്‍ യുവാക്കളെ താത്ക്കാലിക അടിസ്ഥാനത്തില്‍ ഈ കമ്പനികള്‍ നിയമിക്കുന്നുമുണ്ട്. പക്ഷേ, നിലവിലുള്ള തൊഴില്‍ ഒഴിവുകളുടെ ഇരട്ടിയാണ് തൊഴില്‍ ഉദ്യോഗാർഥികളുടെ ഡെലിവറി ജോലികളോടുള്ള താത്പര്യമെന്ന് തൊഴില്‍ സൈറ്റായ ഇന്‍ഡീഡിന്റെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 

അധികം തൊഴില്‍ നൈപുണ്യങ്ങളൊന്നും ആവശ്യമില്ല. ജോലിഭാരവും താരതമ്യേന കുറവ്. പ്രതിമാസം ശരാശരി 14,000 രൂപ വരെ വേതനവും നേടാം. ഇതൊക്കെയാണ് ഇന്ത്യന്‍ നഗരങ്ങളിലെ അഭ്യസ്ത വിദ്യരായ യുവാക്കളെ ഡെലിവറി ജോലികളിലേക്ക് ആകര്‍ഷിക്കുന്നത്. 

മെട്രോ നഗരങ്ങളില്‍ ബെംഗളൂരുവിലാണ് ഡെലിവറി ജോലിക്ക് ഏറ്റവും ആവശ്യകത. ദേശീയ ആവശ്യകതയുടെ 14 ശതമാനവും ബെംഗളൂരുവിലെ യുവാക്കളില്‍ നിന്നാണ്. എന്നാല്‍ രാജ്യത്തെ ഡെലിവറി ജോബ് പോസ്റ്റിങ്ങുകളില്‍ 4 ശതമാനം മാത്രമേ ബെംഗളൂരുവില്‍ നിന്നുള്ളൂ. ഏറ്റവും കൂടുതല്‍ ഡെലിവറി ജോലി ഒഴിവുകള്‍ ഉണ്ടാകുന്നത് ന്യൂഡല്‍ഹിയിലാണ്, 12 ശതമാനം. എന്നാല്‍ ഡല്‍ഹിയില്‍ അത്ര ആവശ്യകത ഇതിനില്ല. ഹൈദരാബാദിലും മുംബൈയിലുമെല്ലാം ഡെലിവറി ജോലികള്‍ക്ക് പ്രിയമേറെയാണ്. 

ഡെലിവറി ജോലികളെ അധിക വേതനത്തിനും പോക്കറ്റ് മണിക്കും ഒക്കെ വേണ്ടിയുള്ള പാര്‍ട്ട്‌ടൈം ജോലികളായിട്ടാണ് പൊതുവേ കരുതാറുള്ളത്. എന്നാല്‍ രാജ്യത്തെ തൊഴില്‍ ലഭ്യതക്കുറവ് നല്ല വിദ്യാഭ്യാസമുള്ളവരെ വരെ ഇത്തരം തൊഴിലുകള്‍ തിരഞ്ഞെടുക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.  

Job Tips >>