Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്വപ്ന ജോലിക്കായി റെസ്യൂമേ തയാറാക്കാന്‍ ഇനി ഫെയ്സ്ബുക് സഹായിക്കും

493583260

വെറുമൊരു സമൂഹമാധ്യമം എന്ന നിലയില്‍നിന്ന് ഫെയ്സ്ബുക് വളര്‍ന്നിട്ടു നാളേറെയായി. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് ഇടത്തിലേക്കും പ്രാദേശിക തൊഴില്‍ അന്വേഷണങ്ങളിലേക്കുമെല്ലാം ചിറകു വിരിച്ച ഫെയ്സ്ബുക് ഇപ്പോള്‍ കരിയര്‍ അഡ്വൈസ് രംഗത്തേക്കാണ് ഇന്ത്യയില്‍ പുതുതായി ചുവടു വയ്ക്കാനൊരുങ്ങുന്നത്. ലേണ്‍ വിത്ത് ഫെയ്സ്ബുക് എന്ന പേരിലെത്തുന്ന ഈ പുതിയ പ്ലാറ്റ്‌ഫോം വിവിധ തരം കോഴ്‌സുകളിലൂടെ ഉപയോക്താക്കളുടെ നൈപുണ്യവത്ക്കരണമാണു ലക്ഷ്യമിടുന്നത്. 

റെസ്യൂമേ തയാറാക്കല്‍, ഇന്റര്‍വ്യൂ പരിശീലനം, ഡിജിറ്റല്‍ മാര്‍ക്കറ്റിങ് തുടങ്ങിയ വിഷയങ്ങളില്‍ ഹ്രസ്വ പഠന വിഡിയോകളാണ് ഇതിലൂടെ സൗജന്യമായി നല്‍കുന്നത്. ആദ്യ ഘട്ടത്തില്‍ ആറു മുതല്‍ 11 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള 13 കോഴ്‌സുകളാണു പുറത്തിറക്കുന്നത്. പ്രഫഷനല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ലിങ്ക്ഡ്ഇന്‍ മാതൃകയില്‍ ഭാവിയില്‍ കൂടുതല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടുത്തി ആവശ്യമെങ്കില്‍ പ്രീമിയം സേവനമാക്കി വരെ ലേണ്‍ വിത്ത് ഫെയ്സ്ബുക് മാറ്റാനാണു കമ്പനി ഉദ്ദേശിക്കുന്നത്. ഡിജിറ്റല്‍ പ്രോമിസ്, ജിസിഎഫ് ഗ്ലോബല്‍, ഹോംബേസ്, ജാസ്എച്ച്ആര്‍, ഗ്ലാസ്‌ഡോര്‍, ഓപ്പണ്‍ ക്ലാസ്‌റൂംസ് തുടങ്ങിയവയുമായി സഹകരിച്ചാണ് ഈ പ്ലാറ്റ്‌ഫോം ഫെയ്സ്ബുക് പുറത്തിറക്കുന്നത്. 

ബൂസ്റ്റ് യുവര്‍ റെസ്യൂമേ വിഭാഗത്തില്‍ റെസ്യൂമേയില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, എങ്ങനെ അതിനെ വ്യത്യസ്തമാക്കാം, ഏതു ജോലിക്കും ചേരുന്ന വിധത്തില്‍ എങ്ങനെ രൂപപ്പെടുത്താം എന്നതിനെപ്പറ്റിയെല്ലാം നിര്‍ദേശങ്ങളുണ്ടാകും. കരിയര്‍ മെന്റര്‍ഷിപ്പ് രംഗത്തു നിലവിലെ ശക്തരായ ലിങ്ക്ഡ്ഇന്നിന് 13,000 ത്തോളം കോഴ്‌സുകളുടെ വലിയ ശേഖരമാണുള്ളത്. എന്നാല്‍ ഇവയില്‍ പലതും പ്രീമിയം മെമ്പര്‍മാര്‍ക്കു മാത്രം ലഭ്യമാണ്. ഈ മേഖലയില്‍ ലിങ്ക്ഡ്ഇന്നുമായി മത്സരത്തിനാണു ഫെയ്സ്ബുക്കിന്റെ ശ്രമം. 

Job Tips >>