താജ്മഹൽ

കാലത്തിന്റെ കവിൾത്തടത്തിലെ കണ്ണുനീർത്തുള്ളി എന്നാണ് രബീന്ദ്രനാഥ ടഗോർ താജ്മഹലിനെ വിശേഷിപ്പിച്ചത്. ലോകമഹാത്ഭുതങ്ങളിൽ ഒന്നായ താജ്‌മഹൽ ഉത്തര്‍പ്രദേശിലെ ആഗ്രയിൽ, യമുനാ നദീതീരത്ത് സ്ഥിതി ചെയ്യുന്നു. ന്യൂഡൽഹിയിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ അകലെയാണിത്. ഭാര്യ മുംതാസ് മഹലിന്റെ സ്മരണയ്ക്ക് ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ഇതു പണികഴിപ്പിച്ചത്. വെണ്ണക്കല്ലിൽ കൊത്തിയെടുത്ത ഈ മഹാദ്ഭുതം മുഗള്‍ വാസ്തുവിദ്യയുടെ ശ്രേഷ്ഠ മാതൃകയായി കരുതപ്പെടുന്നു.1983ൽ താജ്മഹൽ യുനെസ്കോ പൈതൃക സ്മാരകങ്ങളുടെ പട്ടികയിൽ ഇടംനേടി. 1631–ലാണ് താജ്മഹലിന്റെയും സമീപത്തുള്ള സ്മാരകങ്ങളുടെയും നിർമാണം തുടങ്ങിയത്. ആയിരക്കണക്കിന് കലാകാരന്മാരും ശിൽപികളും ചേർന്ന് 22 വർഷമെടുത്തു പണി പൂർത്തിയാക്കാൻ. ലോകപ്രശസ്തരായ വാസ്തു ശിൽപികള്‍ താജ്മഹലിന്റെ രൂപകൽപനയില്‍ പങ്കാളികളായിട്ടുണ്ട്. 

ഉസ്താദ് അഹമ്മദ് ലാഹോറി, ഉസ്താദ് ഈസ എന്നിവരാണ് താജ്മഹലിന്റെ മുഖ്യ ശിൽപികളായി വിലയിരുത്തപ്പെടുന്നത്. രാജസ്ഥാനിലെ മക്രാണയില്‍ നിന്നാണ് നിര്‍മിതിക്കാവശ്യമായ വെള്ള മാര്‍ബിള്‍ ഖനനം ചെയ്തത്. സമചതുരാകൃതിയിലുള്ള പ്ലാറ്റ്ഫോമിലാണ് താജ്മഹല്‍ സ്ഥിതിചെയ്യുന്നത്. മധ്യഭാഗത്ത് മുകളിൽ കുംഭഗോപുരം. പ്ലാറ്റ്ഫോമിന്റെ ഓരോ മൂലയിലും മിനാരങ്ങളുണ്ട്. 73 മീറ്ററാണ് താജ്മഹലിന്റെ ആകെ ഉയരം. കുംഭഗോപുരത്തിന്റെ താഴെയാണ് മുംതാസ് മഹലിന്റെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിട്ടുള്ളത്. തൊട്ടടുത്തു തന്നെ ഷാജഹാന്റെ ഭൗതികാവശിഷ്ടവുമുണ്ട്. നിര്‍മാണ വൈദഗ്ധ്യം കൊണ്ടും മനോഹാരിത കൊണ്ടും ഈ സ്മാരക മന്ദിരം ലോകാത്ഭുതങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്നു.തലമുറകളെ വിസ്മയിപ്പിച്ചു നിലകൊള്ളുന്ന താജ്മഹൽ ഇപ്പോൾ ആർക്കിയോളജിക്കൽ വകുപ്പിനു കീഴിലാണ്.

പിഎസ്‌സി പരീക്ഷയ്ക്ക് ഒരുങ്ങാം