Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുസാറ്റ് നിരസിച്ചാലെന്താ; മെൽബൺ ഉണ്ടല്ലോ?

melbourne-university

ഒട്ടേറെ മലയാളി വിദ്യാർഥികൾ പഠിക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. പഠനത്തിനു ശേഷം അവിടെ ജോലി ചെയ്യാനും താമസിക്കാനും അവസരം ഉണ്ട് എന്നതിനാൽ ഈ രാജ്യത്തെ വലിയ പ്രതീക്ഷയോടെയാണ് മലയാളി വിദ്യാർഥികൾ കാണുന്നത്.ഓസ്ട്രേലിയയിലെ പ്രശസ്തമായ സർവകലാശാലകളിൽ ധാരാളം മലയാളി വിദ്യാർഥികൾ പഠിക്കുന്നുണ്ട്. ഇന്ത്യയിൽ നിന്നുള്ള ആറംഗ പത്രപ്രവർത്തക സംഘത്തിനു മെൽബൺ സർവകലാശാലയിൽ ഇന്ത്യൻ വിദ്യാർഥികളുമായി കൂടിക്കാഴ്ചയ്ക്ക് അധികൃതർ അവസരം നൽകിയിരുന്നു.

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്)ഗവേഷണ സ്കോളർഷിപ്പിന് അപേക്ഷിച്ചിട്ടു നിരസിക്കപ്പെട്ട ആലുവക്കാരി പെൺകുട്ടി ലോകത്തിലെ മികച്ച സർവകലാശാലകളിൽ ഒന്നായ മെൽബണിൽ ഇപ്പോൾ ഗവേഷണം പൂർത്തിയാക്കുകയാണ്. നമ്മുടെ സർവകലാശാലകളിലെ നൂലാമാലകളും കുരുക്കുകളും ഈ കുട്ടി എല്ലാവർക്കും മുന്നിൽ വിവരിച്ചു. മെൽബൺ സർവകലാശാലയിലെ പ്രഫസറെ ഓൺലൈനിലൂടെ ബന്ധപ്പെട്ട് ഗവേഷണത്തിനായി അപേക്ഷിക്കുകയായിരുന്നു. ഈ കുട്ടിയുടെ അക്കാദമിക് മികവ് പരിശോധിച്ച പ്രഫസർ ഗവേഷണത്തിനു തിരഞ്ഞെടുത്തു. ഗവേഷണ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിൽ സ്കോളർഷിപ് ലഭിക്കുമെന്നതിനാൽ കാര്യമായ സാമ്പത്തിക ബാധ്യതയില്ലാതെ പഠനം പൂർത്തിയാക്കാനാകും.

വൈക്കം സ്വദേശിയായ മറ്റൊരു ഗവേഷണ വിദ്യാർഥിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. കേരളത്തിലെ പോലെ ഗവേഷണം അനിശ്ചിതമായി നീണ്ടു പോകുന്ന അവസ്ഥ ഓസ്ട്രേലിയയിൽ ഇല്ലെന്ന് അവർ പറയുന്നു. ഗവേഷണം പൂർത്തിയാക്കിയ ശേഷം ഓസ്ട്രേലിയയിൽ തന്നെ തുടരാനുള്ള വഴികൾ തേടുകയാണ് അവർ.വളരെ ശ്രദ്ധാപൂർവം കാര്യങ്ങൾ പഠിച്ച ശേഷമാണ് ഓരോ വിദ്യാർഥിയും കോഴ്സിൽ ചേരുന്നതും ഭാവി കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നതും. ഇതിനായി ഓസ്ട്രേലിയൻ വിദ്യാഭ്യാസ വകുപ്പ്, വാണിജ്യ വകുപ്പ്, ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ, വിവിധ സർവകലാശാലകൾ തുടങ്ങിയവയുടെ  വെബ്സൈറ്റുകൾ അവർ സസൂക്ഷ്മം നിരീക്ഷിക്കുന്നു. ഓസ്ട്രേലിയയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന മറ്റു മലയാളികളും ഇത്തരം വെബ്സൈറ്റുകൾ പരിശോധിച്ച് കൃത്യമായ ധാരണയിലെത്തിയ ശേഷമേ കോഴ്സും സർവകലാശാലയും തിരഞ്ഞെടുക്കാവൂ.

പാക്കിസ്ഥാൻ എന്നു കേൾക്കുമ്പോൾ ഇന്ത്യയിലുള്ളവർക്കു ദേഷ്യം വരുമെങ്കിലും തനിക്ക് അങ്ങനെയല്ലെന്ന് മെൽബൺ സർവകലാശാലയിൽ പഠിക്കുന്ന കർണാടകക്കാരനായ വിദ്യാർഥി പറഞ്ഞു.സർവകലാശാലയിൽ ചേർന്ന ആദ്യ വർഷം പാക്കിസ്ഥാൻകാരനായ സഹപാഠിക്കൊപ്പമായിരുന്നു അയാളുടെ താമസം.പാചകം അറിയാത്ത ഇന്ത്യൻ വിദ്യാർഥിക്ക് ഒരു വർഷം മുഴുവൻ ഭക്ഷണം ഉണ്ടാക്കി കൊടുത്തത് പാക്കിസ്ഥാൻ സുഹൃത്തായിരുന്നു. പിന്നീടാണ് അയാൾ പാചകം പഠിച്ചു തുടങ്ങിയത്.

ഓസ്ട്രേലിയയിലെ പ്രധാന നഗരങ്ങളായ മെൽബൺ, ബ്രിസ്ബെയ്ൻ, കാൻബറ, സിഡ്നി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം മലയാളി വിദ്യാർഥികളെ കാണാം. നടൻ പ്രിഥ്വിരാജിനെപ്പോലുള്ള പ്രശസ്തരും ഓസ്ട്രേലിയയിലെ പൂർവ വിദ്യാർഥികളാണ്. മലയാളി വിദ്യാർഥികൾക്കു ബുദ്ധിമുട്ടു വന്നാൽ അവരെ സഹായിക്കാൻ തയാറുള്ള മലയാളി സമൂഹം എല്ലാ നഗരങ്ങളിലുമുണ്ട്. ലക്ഷക്കണക്കിനു രൂപ ഫീസ് നൽകി പഠിക്കുന്നതിനാൽ ഭക്ഷണത്തിനും പോക്കറ്റ് മണിക്കുമായി ചെറിയ ജോലികളാണ് മലയാളി വിദ്യാർഥികളുടെ ആശ്രയം. എന്നാൽ ചെറിയ ജോലിക്കും മുൻപരിചയം ഉണ്ടോയെന്ന് ഓസ്ട്രേലിയക്കാർ ചോദിക്കാറുണ്ട്. ഇത്തരം ഘട്ടങ്ങളിൽ മലയാളികളുടെ ഫോൺ നമ്പർ നൽകുകയും അവർ ഈ വിദ്യാർഥികൾക്കു മുൻപരിചയമുണ്ടെന്നു സാക്ഷ്യപ്പെടുത്തുകയുമാണ് പതിവ്.

ജോലി ചെറുതാണെങ്കിലും കൃത്യസമയത്ത് എത്തണമെന്നു നിർബന്ധമാണ്. അതിനാൽ മിക്ക വിദ്യാർഥികളും 3000–3500 ‍‍‍ഡോളർ നൽകി പഴയ കാർ വാങ്ങും. തുടർന്ന് അതിലായിരിക്കും യാത്ര. പഠനം പൂർത്തിയാക്കി ജോലി ലഭിച്ചു സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടെ പുത്തൻ കാറിലേക്ക് യാത്ര മാറ്റും. സഹപാഠികളായ ഉത്തരേന്ത്യൻ വിദ്യാർഥികളും മലയാളികളെ ജോലി നേടുന്നതിനു സഹായിക്കാറുണ്ട്. തനിക്കു ജോലി ലഭിച്ച സ്ഥലത്തു തന്നെ കഴിയുമെങ്കിൽ അടുത്ത സുഹൃത്തിനും ജോലി വാങ്ങിക്കൊടുക്കുന്നവരാണ് ഓസ്ട്രേലിയയിലെ ഇന്ത്യൻ വിദ്യാർഥി സമൂഹം.