Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയിൽ മികച്ച വിദ്യാഭ്യാസ അവസരം

australia

ഓസ്ട്രേലിയയിൽ പഠിക്കാൻ എത്തുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം തങ്ങൾ ഉറപ്പു നൽകുന്നതായി വിദ്യാഭ്യാസ മന്ത്രി സൈമൺ ബർമിങ്ങാം.വാണിജ്യ–ടൂറിസം മന്ത്രി സ്റ്റീവൻ സിയോബോ ഇതേ വാഗ്ദാനം പിന്നീട് ആവർത്തിച്ചു.

ഇന്ത്യയിൽ നിന്നെത്തിയ ആറംഗ പത്രപ്രവർത്തക സംഘവുമായി പാർലമെന്റ് മന്ദിരത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.ലക്ഷക്കണക്കിനു രൂപ ചെലവഴിച്ച് ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്ന വിദ്യാർഥികൾക്കു കോഴ്സ് പൂർത്തിയാകുമ്പോൾ ജോലിയും താമസിക്കാനുള്ള അനുവാദവും ലഭിക്കുമോയെന്നു പത്രലേഖകർ രണ്ടു മന്ത്രിമാരോടും ആരാഞ്ഞു.ഗവേഷണ വിദ്യാർഥികൾക്കും ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്കും ജോലി സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയ മന്ത്രിമാർ, കുടിയേറ്റത്തിന്റെ കാര്യത്തിൽ ഉറപ്പു നൽകിയില്ല.ഡിപ്ലോമ–സർട്ടിഫിക്കറ്റ് കോഴ്സുകൾ മാത്രം പഠിച്ചതു കൊണ്ട് ഓസ്ട്രേലിയയിൽ തുടരാനാവില്ലെന്നാണ് മന്ത്രിമാർ നൽകുന്ന സൂചന.

സർവകലാശാലകളെ നിയന്ത്രിക്കാൻ യുജിസി പോലെയുള്ള സംവിധാനങ്ങളൊന്നും ഓസ്ട്രേലിയയിൽ ഇല്ല.പക്ഷെ ലോക റാങ്കിങ്ങിൽ മുൻ നിരയിൽ നിൽക്കുന്ന കുറെ സർവകലാശാലകൾ ഈ രാജ്യത്തുണ്ട്.ഇന്ത്യയിലെ സർവകലാശാലകൾക്കൊന്നും എത്തിപ്പിടിക്കാൻ സാധിക്കാത്ത നിലവാരമാണ് അവർ കൈവരിച്ചിരിക്കുന്നത്.ഈ സർവകലാശാലകളിൽ നടക്കുന്ന ഗവേഷണങ്ങളും അവിടത്തെ വിദ്യാർഥികൾ നടത്തുന്ന സ്റ്റാർട് അപ് സംരംഭങ്ങളും നമ്മെ അത്ഭുതപ്പെടുത്തുന്നതാണ്.അവിടെ പഠിച്ചാൽ വിദ്യാർഥികൾക്ക് വലിയ പ്രയോജനം ഉണ്ടാകുമെന്ന കാര്യത്തിൽ സംശയമില്ല.പക്ഷെ ജോലി സാധ്യത കൂടി വിശദമായി പഠിച്ച ശേഷം വേണം തീരുമാനം എടുക്കാൻ.

ഓസ്ട്രേലിയയിൽ സർക്കാർ മേഖലയിൽ 39 സർവകലാശാലകളും സ്വകാര്യ മേഖലയിൽ രണ്ടു സർവകലാശാലകളും വിദേശ സർവകലാശാലകളുടെ രണ്ടു കേന്ദ്രങ്ങളുമുണ്ട്.വിദേശ വിദ്യാർഥികളിൽ നിന്ന് ഈടാക്കുന്ന ഫീസ് ആണു സർവകലാശാലകളുടെ സാമ്പത്തിക അടിത്തറ.വിദേശ വിദ്യാർഥികൾ ഉയർന്ന ഫീസ് നൽകുമ്പോൾ ഓസ്ട്രേലിയൻ പൗരന്മാർക്ക് സബ്സിഡിയോടെയുള്ള പഠന സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.നമ്മുടെ നാട്ടിലെ പോലുള്ള കോളജുകൾ അവിടെയില്ല.സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ടുകളിലും കേന്ദ്രങ്ങളിലുമാണ് പഠനം.

ഇന്ത്യൻ വിദ്യാർഥികൾക്കു നേരെ കുറെ വർഷങ്ങൾക്കു മുമ്പ് നടന്ന ആക്രമണം ഇടക്കാലത്ത് തെറ്റിദ്ധാരണകൾക്ക് ഇടയാക്കിയിരുന്നു.ഓസ്ട്രേലിയയിൽ എത്തുന്ന വിദ്യാർഥികൾ പൂർണമായും സുരക്ഷിതരാണെന്നു വ്യക്തമാക്കാൻ ഇന്ത്യൻ പത്രപ്രവർത്തകരും വിക്ടോറിയ പൊലീസുമായി കൂടിക്കാഴ്ച നിശ്ചയിച്ചിരുന്നു.ഇന്ത്യൻ വിദ്യാർഥികൾ സുരക്ഷിതരാണെന്നും ആശങ്ക വേണ്ടെന്നും പൊലീസ് മേധാവികൾ വ്യക്തമാക്കി.സുരക്ഷിതത്വത്തിൽ ആശങ്ക വേണ്ടന്നു മലയാളി വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരും പറയുന്നു.അസമയത്ത് വിജനമായ സ്ഥലത്തു കൂടി പോയാൽ ഏതു നഗരത്തിലും ആക്രമണ സാധ്യതയുണ്ട്.അതിനപ്പുറമുള്ള വംശീയ ആക്രമണമോ മറ്റു പ്രശ്നങ്ങളോ ഓസ്ട്രേലിയയിൽ ഇല്ലെന്ന് മലയാളികൾ ചൂണ്ടിക്കാട്ടുന്നു.

സർവകലാശാലകളിലെ ലൈംഗിക അതിക്രമങ്ങളുടെ കാര്യത്തിലും ഇന്ത്യൻ വിദ്യാർഥികൾ താരതമ്യേന സുരക്ഷിതരാണ്.ഓസ്ട്രേലിയൻ അധികൃതർ പറയുന്ന കണക്കുകൾ വിശ്വസിക്കാമെങ്കിൽ ഇത്തരം അതിക്രമങ്ങൾ നേരിടുന്നത് വിദേശ വിദ്യാർഥികളെക്കാൾ ഓസ്ട്രേലിയൻ വിദ്യാർഥികളാണ്.പരാതി വന്നാൽ ഉടനടി നടപടി എടുക്കാറുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

വലിയ രാജ്യമാണെങ്കിലും ഓസ്ട്രേലിയയിൽ ജനസംഖ്യ കുറവാണ്.എട്ടു സംസ്ഥാനങ്ങളും ടെറിറ്ററികളുമാണുള്ളത്.വർഷം തോറും സർക്കാർ പ്രഖ്യാപിക്കുന്ന ഒഴിവുകളുടെ അടിസ്ഥാനത്തിലാണ് കുടിയേറ്റം അനുവദിക്കുക.ഡിപ്പാർട്മെന്റ് ഓഫ് ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ(ഡിഐബിപി) ഇതു സംബന്ധിച്ച കേന്ദ്രീകൃത പട്ടിക പ്രസിദ്ധീകരിക്കാറുണ്ട്.

ഓസ്ട്രേലിയയിലേക്കു കുടിയേറുന്നതിനുള്ള മികച്ച മാർഗം ഇവിടെ പഠിക്കുകയാണ്.എന്നാൽ ഈയൊരു ലക്ഷ്യത്തോടെ മാത്രം എത്തുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നില്ല. സർക്കാർ പ്രഖ്യാപിച്ച തൊഴിൽ അവസരങ്ങളുടെ പട്ടിക പരിശോധിച്ച് അതിനു പറ്റിയ കോഴ്സ് വേണം തിരഞ്ഞെടുക്കാൻ.തൊഴിൽ സാധ്യതയുള്ള സംസ്ഥാനത്തു പഠിച്ചാലേ അവിടെ തുടരാനാവൂ.അല്ലെങ്കിൽ കോഴ്സ് കഴിയുമ്പോൾ ഇന്ത്യയിലേക്കു മടങ്ങേണ്ടി വരും.

ലക്ഷക്കണക്കിനു രൂപ ഫീസ് നൽകിയാണ് ഓരോ വിദ്യാർഥിയും പഠിക്കുന്നത്.താമസത്തിനും ഭക്ഷണത്തിനും മറ്റുമുള്ള ചെലവുകൾ ഇതിനു പുറമേയാണ്.വിദ്യാഭ്യാസ വായ്പയെടുത്തും മറ്റു രീതിയിൽ കടം വാങ്ങിയും ഓസ്ട്രേലിയയിൽ എത്തിയ ശേഷം കോഴ്സ് കഴിഞ്ഞു മടങ്ങേണ്ടി വന്നാൽ കനത്ത സാമ്പത്തിക ബാധ്യതയായിരിക്കും കാത്തിരിക്കുക.നന്നായി ഹോം വർ‍ക്ക് ചെയ്ത് കോഴ്സും സർവകലാശാലയും തിരഞ്ഞെടുത്താൽ ഈ പ്രതിസന്ധി ഒഴിവാകും.ഇങ്ങനെ ഓസ്ട്രേലിയയിലേക്ക് കുടിയേറിയ ആയിരക്കണക്കിനു മലയാളികൾ ഉണ്ട്.തൊഴിൽ സാധ്യത സംബന്ധിച്ച് ഏറ്റവും ഒടുവിൽ സർക്കാർ പ്രസിദ്ധീകരിച്ച കണക്കുകൾക്കായി താഴെ പറയുന്ന സൈറ്റുകൾ പരിശോധിച്ചു വിലയിരുത്തുക.

ഡിഐബിപി തൊഴിൽ സാധ്യതാ പട്ടിക 

https://www.legislation.gov.au/Details/F2017L00850 

ഓസ്ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി 

http://www.canberrayourfuture.com.au/portal/migrating/article/skilled-visa-act-nomination/ 

ന്യൂസൗത്ത് വെയ്ൽസ് https://www.industry.nsw.gov.au/live-and-work-in-nsw/visas-and-immigration/nsw-skilled-occupations-list 

സൗത്ത് ഓസ്ട്രേലിയ http://www.migration.sa.gov.au/skilled-migrants/lists-of-state-nominated-occupations 

ക്വീൻസ്‍ലൻഡ് https://migration.qld.gov.au/skilled-occupation-lists/ 

വിക്ടോറിയ http://www.liveinvictoria.vic.gov.au/visas-and-immigrating/visa-nomination-occupation-lists 

നോർത്തേൺ ടെറിട്ടറി http://www.australiasnorthernterritory.com.au/migrate/migrate-to-work/skilled-occupation-lists

More Education News>>