Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയിലെ മികച്ച സർവകലാശാലയേത്?

australia

ഓസ്ട്രേലിയയിലെ ഏറ്റവും മികച്ച സർവകലാശാല ഏതാണ്? ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റി(എഎൻയു)യാണെന്ന് അവിടെയുള്ളവരും മെൽബൺ ആസ്ഥാനമായുള്ള മെൽബൺ യൂണിവേഴ്സിറ്റിയാണെന്ന് അവിടെയുള്ളവരും അവകാശപ്പെടുന്നു.

രണ്ടു സർവകലാശാലകളും സന്ദർശിച്ച ഇന്ത്യൻ പത്രപ്രവർത്തക സംഘത്തിനു മികവിന്റെ കാര്യത്തിൽ പരസ്പരം മത്സരിക്കുന്ന രണ്ടു സർവകലാശാലകളാണ് കാണാൻ കഴിഞ്ഞത്.ഏതാണ് മികച്ചതെന്നു വിലയിരുത്താൻ പറ്റാത്ത അവസ്ഥ.ഇന്ത്യയിലെ ഒരു സർവകലാശാലയ്ക്കു പോലും ഇവയുടെ അടുത്തെങ്ങും എത്താനുള്ള യോഗ്യതയോ അടിസ്ഥാന സൗകര്യങ്ങളോ ഇല്ലെന്നതാണ് ദുഃഖകരമായ കാര്യം.ആഗോള റേറ്റിങ്ങിലും ഇന്ത്യൻ സർവകലാശാലകൾ പിന്നിലാണ്.

ഓസ്ട്രേലിയയിൽ 39 പൊതുമേഖലാ സർവകലാശാലകളും രണ്ടു സ്വകാര്യ സർവകലാശാലകളും വിദേശ സർവകലാശാലകളുടെ രണ്ട് ക്യാംപസുകളുമാണ് ഉള്ളത്. ഇതിൽ എവിടെ പഠിക്കണമെന്നു തീരുമാനിക്കേണ്ടതു വിദ്യാർഥികളാണ്. എങ്കിലും മികവിന്റെ കാര്യത്തിൽ എഎൻയു, മെൽബൺ യൂണിവേഴ്സിറ്റി എന്നിവ മുന്നിട്ടു നിൽക്കുന്നു. സിഡ്നി യൂണിവേഴ്സിറ്റി ഉൾപ്പെടെ മറ്റു ചില  മികച്ച  യൂണിവേഴ്സിറ്റികളും ഓസ്ട്രേലിയയിലുണ്ട്. എഎൻയു ഓസ്ട്രേലിയൻ സർക്കാരിന്റെ നേരിട്ടുള്ള സാമ്പത്തിക സഹായത്തോടെ പ്രവർത്തിക്കുന്ന കേന്ദ്രീകൃത സർവകലാശാലയാണ്. മെൽബൺ സർവകലാശാല വിക്ടോറിയ സംസ്ഥാനത്തിന്റെ നിയന്ത്രണത്തിലാണ്. ഈ സർവകലാശാലകളിൽ കാൻസർ ചികിത്സ ഉൾപ്പെടെയുള്ള വിഷയങ്ങളിലാണ് ഗവേഷണം നടക്കുന്നത്. വിവിധ മേഖലകളിൽ ആധുനിക സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുന്നതിലും നാനോ ടെക്നോളജിയിലുമെല്ലാം പുതിയ പരീക്ഷണങ്ങൾ നടക്കുന്നു. ആണവോർജം സംബന്ധിച്ച ഗവേഷണങ്ങൾ പോലും എഎൻയുവിൽ ഉണ്ട്.

ഏതെങ്കിലും വിധത്തിൽ പ്രബന്ധം ഉണ്ടാക്കി പിഎച്ച്‍ഡി നേടുന്നതല്ല, ഇവിടത്തെ ഗവേഷണം. യഥാർഥ ഗവേഷണവും അതിലൂടെയുള്ള കണ്ടുപിടിത്തങ്ങളുമാണ് സർവകലാശാലകളിൽ നടക്കുന്നത്. ഇത്തരം ഗവേഷണ പദ്ധതികളിൽ മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ വിദ്യാർഥികൾ പങ്കാളികളാണ്. വിവിധസർവകലാശാലകൾ പിന്തുണയ്ക്കുന്ന സ്റ്റാർട്ട് അപ്പുകളും ശ്രദ്ധേയമാണ്. ഗവേഷണ രംഗത്ത് ഓസ്ട്രേലിയൻ നാഷനൽ യൂണിവേഴ്സിറ്റിയും മറ്റു മേഖലകളിൽ മെൽബൺ യൂണിവേഴ്സിറ്റിയുമാണ് ഒന്നാമത് എന്നു പൊതുവേ വിലയിരുത്താം. രണ്ടിടത്തും പ്രഗല്ഭരായ ഇന്ത്യൻ പ്രഫസർമാർ പഠിപ്പിക്കുന്നുണ്ട്.

ഓസ്ട്രേലിയയിൽ പഠിക്കുന്നതിന് സർവകലാശാലയും കോഴ്സും തിരഞ്ഞെടുക്കുമ്പോൾ വിദ്യാർഥി ഏറെ ശ്രദ്ധിക്കണം. അതിനായി ഏതൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും ഏതൊക്കെ സൈറ്റുകൾ പരിശോധിച്ചു കാര്യങ്ങൾ പഠിക്കണമെന്നും മനോരമ ഓൺലൈനിലെ ലേഖനങ്ങളിൽ നൽകിയിട്ടുണ്ട്. മതിയായ ഹോംവർക്ക് ചെയ്ത ശേഷമേ തീരുമാനം എടുക്കാവൂ. ആരെങ്കിലും പറയുന്നതു കേട്ട് എടുത്തു ചാടി തീരുമാനം എടുത്താൽ കോഴ്സ് ഫീസായി മുടക്കിയ വൻതുക നഷ്ടപ്പെടുമെന്നു മാത്രമല്ല, ഓസ്ട്രേലിയയിൽ തുടരാൻ സാധിക്കാതെ മടങ്ങേണ്ടി വരുകയും ചെയ്യും. വളരെ ശ്രദ്ധിച്ചു ബുദ്ധിപൂർവം തീരുമാനം എടുക്കുന്ന വിദ്യാർഥികൾക്കു നേട്ടങ്ങൾ കൈവരിക്കാൻ കഴിയുന്ന രാജ്യമാണ് ഓസ്ട്രേലിയ.