Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയിൽ ഉന്നത പഠനം: ശ്രദ്ധിക്കണം ഈ കാര്യങ്ങൾ

study-in-australia

ഓസ്ട്രേലിയയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്  അക്കാദമിക് വർഷത്തിന്റെ തുടക്കം ഫെബ്രുവരിയിലാണ്. അക്കാദമിക് വർഷം നവംബർ വരെ നീളുന്നു. മിക്കവാറും എല്ലായിടത്തും 16 ആഴ്ച വീതം നീളുന്ന സെമസ്റ്ററുകളാണ് ഉള്ളത്. ചില സ്ഥാപനങ്ങളിൽ ട്രൈമസ്റ്റർ രീതിയുമുണ്ട്.

അതേസമയം സ്കൂൾ വർഷം ഫെബ്രുവരി മുതൽ ഡിസംബർ വരെയാണ്. ടാസ്മാനിയ ഒഴികെ എല്ലാ സംസ്ഥാനങ്ങളിലും മൂന്നു ടേം ആണെങ്കിൽ ടാസ്മാനിയയിൽ നാലു ടേം ആണ് സ്കൂൾ വർഷം. തൊഴിലധിഷ്ഠിത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ജനുവരി അവസാനം മുതൽ ഡിസംബർ മധ്യം വരെയാണ് അക്കാദമിക് വർഷം. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണവും സാമ്പത്തിക കാര്യങ്ങളും ഓസ്ട്രേലിയൻ സർക്കാരും സംസ്ഥാന–ടെറിറ്ററി സർക്കാരുകളും ചേർന്നാണ് നിർവഹിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ രംഗത്ത് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള പ്രവേശനത്തിന് അപേക്ഷ സ്വീകരിക്കുന്ന നടപടികൾ ഇപ്പോൾ നടന്നു വരികയാണ്. ഓസ്ട്രേലിയയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ സർവകലാശാലയും കോഴ്സും ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ട സമയമാണിത്. ഇതിനായി വിദ്യാർഥികൾ കാര്യമായി ഹോം വർക്ക് ചെയ്യണം. ഓസ്ട്രേലിയൻ വിദ്യാഭ്യാസ വകുപ്പ്,വാണിജ്യ വകുപ്പ്, ഇമിഗ്രേഷൻ ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ, വിവിധ സർവകലാശാലകൾ, സംസ്ഥാനങ്ങളും ടെറിറ്ററികളും തുടങ്ങിയവയുടെ  വെബ്സൈറ്റുകൾ സസൂക്ഷ്മം പഠിച്ച ശേഷമേ കോഴ്സും സർവകലാശാലയും തിരഞ്ഞെടുക്കാവൂ. അല്ലെങ്കിൽ കോഴ്സ് കഴിയുമ്പോൾ ഓസ്ട്രേലിയയിൽ ജോലിയിൽ തുടരാൻ പല സാങ്കേതിക തടസ്സങ്ങളും ഉണ്ടാകും.

വിദ്യാർഥികളെ ചേർക്കാനായി ഒട്ടേറെ ഏജന്റുമാർ സംസ്ഥാനത്തൊട്ടാകെ രംഗത്തുണ്ട്. സർവകലാശാലയും കോഴ്സും തിരഞ്ഞെടുത്താൽ പ്രവേശനം നേടുന്നതിന് അവർ സഹായിക്കും. എന്നാൽ അംഗീകൃത ഏജന്റുമാരെ പോലെ തന്നെ അംഗീകാരമില്ലാത്തവരും ഈ രംഗത്തു സജീവമാണ്.ഉത്തരേന്ത്യയിലെ ചില ഏജന്റുമാർക്കു വേണ്ടി സബ് ഏജന്റുമാരായി പ്രവർത്തിക്കുന്നവർ കേരളത്തിലുണ്ട്. ഇവർ അംഗീകൃത ഏജന്റുമാർക്കൊപ്പം വിദ്യാർഥികളെ ചേർക്കുന്നു. കോഴ്സും സർവകലാശാലയും തിരഞ്ഞെടുക്കുന്ന പോലെ തന്നെ ഏജന്റിനെ തിരഞ്ഞെടുക്കുമ്പോഴും വിദ്യാർഥികൾ ജാഗ്രത പുലർത്തണം.

നമ്മുടെ നാട്ടിലെ പോലെ തന്നെ ബാച്ചിലർ, മാസ്റ്റേഴ്സ്, ഡോക്ടറൽ ഡിഗ്രികളാണ് ഓസ്ട്രേലിയയിലും ഉന്നത വിദ്യാഭ്യാസ രംഗത്തു മുഖ്യമായുള്ളത്. പുറമേ ഈ മേഖലയിൽ മറ്റു ചില യോഗ്യതാ കോഴ്സുകളും നടത്തുന്നുണ്ട്. ഏതു കോഴ്സ് ആയാലും ഉയർന്ന ഗുണനിലവാരം ഉറപ്പു വരുത്തിയേ നടത്താറുള്ളൂവെന്ന് ഓസ്ട്രേലിയൻ വിദ്യാഭ്യാസ അധികൃതർ പറയുന്നു. കോഴ്സ് പൂർത്തിയാക്കുന്ന വിദ്യാർഥിയുടെ നിലവാരം മെച്ചപ്പെടുത്തുന്ന രീതിയിലാണ് ഓരോന്നും ആസൂത്രണം ചെയ്തിരിക്കുന്നത്.

ഓസ്ട്രേലിയൻ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അസൈൻമെന്റുകൾക്കു വലിയ പ്രധാന്യമുണ്ടെന്നു വിദ്യാർഥികൾ പറയുന്നു. മാർക്ക് നേടുന്നതിന് അസൈൻമെന്റിൽ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്. ഭാഷാ ജ്ഞാനമുള്ളതിനാൽ ഇക്കാര്യത്തിൽ ഇന്ത്യൻ വിദ്യാർഥികൾ താരതമ്യേന മുന്നിലാണ്. അതേസമയം ചൈനയിൽ നിന്നെത്തുന്ന വിദ്യാർഥികളിൽ ഒരു വിഭാഗം ഇക്കാര്യത്തിൽ വളരെ മോശമാണ്. പല ചൈനീസ് വിദ്യാർഥികളെയും അസൈൻമെന്റ് തയാറാക്കാൻ സഹായിക്കുന്നത് ഇന്ത്യൻ വിദ്യാ‍ർഥികളാണ്.

പഠന നിലവാരത്തിൽ ശരാശരിയിൽ നിന്ന് ഉയർന്ന നിലവാരമുള്ള ഇന്ത്യൻ വിദ്യാർഥികൾക്ക് ഓസ്ട്രേലിയയിൽ എത്തിയാൽ അവിടത്തെ സർവകലാശാലകളിൽ മികവ് കാട്ടാൻ സാധിക്കും. ഒപ്പം കഠിനാധ്വാനം ചെയ്യാനുള്ള മനസ്ഥിതി കൂടി വേണം. പഠിക്കുന്നതിൽ മാത്രമല്ല കഠിനാധ്വാനം ചെയ്യേണ്ടത്. പഠിത്തത്തിനൊപ്പം എന്തു ജോലിയും ചെയ്യാനുള്ള മാനസികാവസ്ഥ കൂടി അത്യാവശ്യമാണ്. ഇതു രണ്ടും ഉണ്ടെങ്കിൽ ഈ രാജ്യത്തു പിടിച്ചു നിൽക്കാൻ നമ്മുടെ വിദ്യാർഥികൾക്കു സാധിക്കും.