Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപരിപഠനത്തിനു മികച്ച രാജ്യമോ ഓസ്ട്രേലിയ

Australia

ശ്രദ്ധാപൂർവം തീരുമാനം എടുക്കുന്ന വിദ്യാർഥികൾക്ക് ഉപരിപഠനത്തിനു യോജിച്ച രാജ്യമാണ് ഓസ്ട്രേലിയ. പക്ഷെ തീരുമാനം പാളിയാൽ പഠനത്തിനു ശേഷം അവിടെ തുടരാനോ ജോലി ചെയ്യാനോ സാധിക്കാതെ മടങ്ങേണ്ടി വരും. പഠനത്തിനു മാത്രമായി ഓസ്ട്രേലിയയിലേക്കു പോകുന്ന സാമ്പത്തിക ശേഷിയുള്ളവർക്ക് ഇതു പ്രശ്നമാവില്ല. എന്നാൽ ലക്ഷക്കണക്കിനു രൂപ കടം വാങ്ങി പഠിക്കാൻ പോകുന്നവർ അവിടെ തുടരാനുള്ള വഴി കൂടി കണ്ടിട്ടേ പോകാവൂ. 

വിദേശ വിദ്യാർഥികൾ നൽകുന്ന ഫീസ് ആണ് ഓസ്ട്രേലിയൻ സർവകലാശാലകളുടെ സാമ്പത്തിക അടിത്തറ. ചൈന കഴിഞ്ഞാൽ ഏറ്റവുമധികം വിദ്യാർഥികളെ ഓസ്ട്രേലിയയിലേക്ക് അയയ്ക്കുന്ന രാജ്യമാണ് ഇന്ത്യ. കഴിഞ്ഞ വർഷം 60,013 ഇന്ത്യൻ വിദ്യാർഥികളാണ് അവിടെ പഠിച്ചത്. നമ്മുടെ നാട്ടിലെ പോലുള്ള കോളജുകൾ അവിടെയില്ല. സർവകലാശാലാ ഇൻസ്റ്റിറ്റ്യൂട്ടുകളിലും കേന്ദ്രങ്ങളിലുമാണ് വിദ്യാർഥികളുടെ പഠനം. പൊതു മേഖലയിൽ 39 സർവകലാശാലകളും സ്വകാര്യ മേഖലയിൽ രണ്ടു സർവകലാശാലകളും വിദേശ സർവകലാശാലകളുടെ രണ്ടു കേന്ദ്രങ്ങളുമുണ്ട്. നൊബേൽ സമ്മാന ജേതാക്കൾ വൈസ്ചാൻസലറും അധ്യാപകരുമായി പ്രവർത്തിക്കുന്ന ലോകത്തെ മികച്ച സർവകലാശാലകൾ മുതൽ ശരാശരി നിലവാരമുള്ള സർവകലാശാലകൾ വരെ ഇക്കൂട്ടത്തിൽ പെടുന്നു. ഇതിൽ മികച്ച സർവകലാശാല കണ്ടെത്തി പഠിച്ചാലേ കാര്യമുള്ളൂ. 

പലപ്പോഴും ഇന്ത്യൻ വിദ്യാർഥികളെ ഓസ്ട്രേലിയയിലേക്ക് അയയ്ക്കുന്നത് ഏജന്റുമാരാണ്. ഫീസിന്റെ നിശ്ചിത ശതമാനമാണ് ഏജന്റിന്റെ കമ്മിഷൻ. മികച്ച സർവകലാശാലകളിൽ കമ്മിഷൻ കുറവായിരിക്കും. കൂടുതൽ വിദ്യാർഥികളെ ആകർഷിക്കേണ്ട സർവകലാശാലകളാകട്ടെ നല്ല കമ്മിഷൻ വാഗ്ദാനം ചെയ്യും. ഈ സാഹചര്യത്തിൽ ഏജന്റുമാരിൽ ചിലർക്കെങ്കിലും അത്തരം സർവകലാശാലകളിലേക്ക് വിദ്യാർഥികളെ അയയ്ക്കാനായിരിക്കും താല്പര്യം. ഈ സാഹചര്യത്തിൽ ഓസ്ട്രേലിയൻ വിദ്യാഭ്യാസ വകുപ്പിന്റെയും സർവകലാശാലകളുടെയും വെബ്സൈറ്റുകൾ വിശദമായി പഠിച്ച ശേഷം വേണം വിദ്യാർഥികൾ സർവകലാശാല തിരഞ്ഞെടുക്കാൻ. തുടർന്ന് അവിടെ പ്രവേശനം സംഘടിപ്പിച്ചു നൽകാൻ ഏജന്റിനോട് ആവശ്യപ്പെടണം. 

ഗവേഷണത്തിനാണ് ഓസ്ട്രേലിയയിലേക്ക് പോകുന്നതെങ്കിൽ സ്കോളർഷിപ്പിനു വഴികളുണ്ട്. വലിയ സാമ്പത്തിക ബാധ്യതയില്ലാതെ പിഎച്ച്ഡി നേടാം. ബിരുദാനന്തര പഠനത്തിനും സ്കോളർഷിപ്പിന് ഒരു പരിധി വരെ സാധ്യത നിലനിൽക്കുന്നു. എന്നാൽ ബിരുദ വിദ്യാർഥികൾ കാര്യമായ സ്കോളർഷിപ് പ്രതീക്ഷിക്കേണ്ടതില്ല. പഠനത്തിനിടെ ജോലി ചെയ്ത് ചെറിയ തോതിൽ പണം സമ്പാദിക്കാനാകുമെങ്കിലും അതു ഭക്ഷണത്തിനും മറ്റു ചെലവുകൾക്കുമേ തികയൂ. ഫീസ് മാതാപിതാക്കൾ കണ്ടെത്തേണ്ടി വരും. നിസാര ജോലികൾക്കു പോലും മുൻപരിചയം വേണമെന്ന ഓസ്ട്രേലിയക്കാരുടെ നിലപാട് ചിലപ്പോൾ വിദ്യാർഥികൾക്കു ബുദ്ധിമുട്ടു സൃഷ്ടിക്കാറുണ്ട്. 

കോഴ്സ് പൂർത്തിയായ ശേഷം അവിടെ തുടരണമെങ്കിൽ വർക്ക് പെർമിറ്റ് നേടണം. നിശ്ചിത വർഷം ജോലി ചെയ്താൽ മാത്രമേ പെർമനന്റ് റസിഡന്റ്ഷിപ്പിന് അപേക്ഷിക്കാനാവൂ. ജോലി നേടി അവിടെ തുടരുന്നതു വിദ്യാർഥികൾക്കു വലിയ നേട്ടമാണ്. പഠിക്കാൻ ഓസ്ട്രേലിയയിലേക്കു പോകുന്ന എല്ലാവരും സ്വപ്നം കാണുന്നതും ഇതാണ്. 

വലിയ രാജ്യമാണെങ്കിലും ഓസ്ട്രേലിയയിൽ ജനസംഖ്യ കുറവാണ്. എട്ടു സംസ്ഥാനങ്ങളും ടെറിറ്ററികളുമാണ് അവിടെയുള്ളത്. വൻ നഗരങ്ങളിൽ കൂടുതൽ പേർ കുടിയേറുന്നത് അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുമെന്നതിനാൽ ജനസംഖ്യ കുറവുള്ള ചില നഗരങ്ങളിലേക്കാണ് ഓസ്ട്രേലിയൻ സർക്കാർ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നത്.അത്തരം നഗരങ്ങളും തൊഴിൽ അവസരങ്ങളും ഓസ്ട്രേലിയ സർക്കാരിന്റെ വെബ്സൈറ്റുകളിൽ നിന്ന് അറിയാം. അത്തരം പ്രദേശങ്ങളിലെ മികച്ച സർവകലാശാലകൾ തിരഞ്ഞെടുത്തു പഠിച്ചാൽ കാര്യങ്ങൾ കുറെക്കൂടി എളുപ്പമാകും. 

വെബ്സൈറ്റുകൾ

www.internationaleducation.gov.au
www.coag.gov.au
www.aqf.edu.au 
www.uac.edu.au 
www.satac.edu.au 
www.qtac.edu.au 
www.utas.edu.au 
www.vtac.edu.au 
www.tisc.edu.au 
www.teqsa.gov.au 
www.studyassist.gov.au 
www.training.gov.au 
cricos.education.gov.au 
www.anu.edu.au 
www.unimelb.edu.au 
www.usyd.edu.au 
www.uq.edu.au