Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസ്ട്രേലിയയിൽ ഏറ്റവുമധികം സാധ്യത നഴ്സിങ്ങിന്

Nursing

ലോകോത്തര നിലവാരമുള്ള തൊഴിൽ അധിഷ്ഠിത സ്ഥാപനങ്ങളുള്ള രാജ്യമാണ് ഓസ്ട്രേലിയ. ചൈന ഉൾപ്പെടെയുള്ള  രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികൾ ഓസ്ട്രേലിയൻ സ്ഥാപനങ്ങളിൽ തൊഴിൽ പരിശീലനം നേടി നാട്ടിലേക്കു മടങ്ങുന്നുണ്ട്.

മെൽബണിലെ കാംഗൻ ഇൻസ്റ്റിറ്റ്യൂട്ട് പോലുള്ള സ്ഥാപനങ്ങൾ വിവിധ തൊഴിൽ മേഖലകളിൽ നൽകുന്ന പരിശീലനം ലോക നിലവാരമുള്ളതാണ്. ഓട്ടോമൊബൈൽ എൻജിനിയറിങ്, ഫാഷൻ ഡിസൈൻ ആൻഡ് ബ്യൂട്ടി, ഹെൽത്ത് ആൻഡ് കമ്യൂണിറ്റി, കൊമേഴ്സ്യൽ കുക്കറി, ഹോസ്പിറ്റാലിറ്റി, ഐടി, ബിസിനസ്, അക്കൗണ്ടിങ് തുടങ്ങി ഒരുപാട് മേഖലകളിലുള്ള തൊഴിൽ അധിഷ്ഠിത കോഴ്സുകൾ ഓസ്ട്രേലിയയിലുണ്ട്.

പക്ഷെ ഓസ്ട്രേലിയയിലെ ഓട്ടോമൊബൈൽ വ്യവസായം പൂർണമായും അടച്ചു പൂട്ടിയതോടെ ഓട്ടോ മൊബൈൽ എൻജിനിയറിങ് പഠിച്ചാലും അവിടെ ജോലി ലഭിക്കുക എളുപ്പമല്ല. അതേസമയം, പഠിച്ച ശേഷം നാട്ടിലേക്കു മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് കോഴ്സിൽ ചേരുന്നതിനു തടസ്സമില്ല. ഒട്ടേറെ ചൈനക്കാർ പഠന ശേഷം നാട്ടിലേക്കു മടങ്ങുന്നുണ്ട്. തൊഴിൽ അധിഷ്ഠിത മേഖലയിൽ ഓസ്ട്രേലിയയിൽ ഏറ്റവുമധികം സാധ്യതയുള്ളത് നഴ്സിങ് രംഗത്താണ്. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർക്ക് ഓസ്ട്രേലിയയിൽ ആരോഗ്യ പരിപാലന രംഗത്തു സാധ്യതകളുണ്ട്.പക്ഷെ കോഴ്സും സ്ഥാപനവും തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണമെന്നു മാത്രം.

ഓസ്ട്രേലിയൻ ക്വാളിഫിക്കേഷൻസ് ഫ്രെയിംവർക്ക്(എക്യുഎഫ്) അനുസരിച്ചുള്ള കോഴ്സുകളാണ്  തൊഴിൽ അധിഷ്ഠിത മേഖലയിൽ നടത്തുന്നത്.സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, ബിരുദം തുടങ്ങിയവ ഇതിൽപ്പെടുന്നു. സർട്ടിഫിക്കറ്റ് കോഴ്സും ഡിപ്ലോമയും പാസായതു കൊണ്ടു വലിയ പ്രയോജനമില്ലെന്നാണ് മലയാളി വിദ്യാർഥികളുടെ അഭിപ്രായം.‍ ഇവ പാസായതിന്റെ പേരിൽ ഓസ്ട്രേലിയയിൽ തുടരുക എളുപ്പമല്ല. ബിരുദം, ബിരുദാനന്തര ബിരുദം, ഗവേഷണം എന്നിവയ്ക്കായി ഓസ്ട്രേലിയയിലേക്ക് വരുന്നതാണ് നല്ലതെന്ന് അവർ ചൂണ്ടിക്കാട്ടുന്നു. വളരെ വിശദമായി കോഴ്സിനെക്കുറിച്ചും സ്ഥാപനത്തെക്കുറിച്ചും പഠിച്ച ശേഷമേ തിരഞ്ഞെടുക്കാവൂ എന്നും അവർ നിർദേശിക്കുന്നു.

ഓസ്ട്രേലിയയിലെ ആരോഗ്യ രംഗത്തെ പരിശീലനത്തിനായി ചേർത്തല സ്വദേശി ബിജോ കുന്നുംപുറത്ത് നടത്തുന്ന സ്ഥാപനമാണ് ഹെൽത്ത് കരിയേഴ്സ് ഇൻറർനാഷനൽ. മെൽബൺ, പെർത്ത്, സിഡ്നി എന്നീ നഗരങ്ങളിലായി ഇവർക്കു നാലു ക്യാംപസുകളുണ്ട്. 2007ൽ തുടങ്ങിയ തങ്ങളുടെ സ്ഥാപനത്തിൽ നിന്ന് ഇതുവരെ എണ്ണായിരത്തോളം വിദ്യാർഥികൾ പാസായിട്ടുണ്ടെന്നു ബിജോ കുന്നുംപുറത്ത് പറയുന്നു. നഴ്സിങ് രംഗത്ത് മലയാളി വിദ്യാർഥികൾക്ക് ഇപ്പോഴും വലിയ സാധ്യതകളുണ്ടന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഇൻ്സ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ഓസ്ട്രേലിയ, ഹെൽത്ത് കെയേഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്മെന്റ്, ഗ്ലോബൽ നഴ്സിങ് ലീഡർഷിപ് അക്കാദമി എന്നിങ്ങനെയാണ് ഇവരുടെ സ്ഥാപനങ്ങൾ.

കഴിഞ്ഞ വർഷത്തെ വിക്ടോറിയൻ ഇന്റർനാഷനൽ എജ്യുക്കേഷൻ അവാർഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ഓസ്ട്രേലിയ നേടിയിരുന്നു. ഇവരുടെ സ്ഥാപനത്തിലെ വിദ്യാർഥികളിൽ ഭൂരിപക്ഷവും ഇന്ത്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.