Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

200 വര്‍ഷത്തിന് ശേഷം ഡെന്‍മാര്‍ക്കിലെത്തിയ ചെന്നായക്ക് ദാരുണാന്ത്യം

wolf

ഡെന്‍മാര്‍ക്കില്‍ ഇരുന്നൂറ് വര്‍ഷത്തിനു ശേഷമാണ് ഒരു കൂട്ടം ചെന്നായ്ക്കളെ കണ്ടെത്തിയത്. ജര്‍മ്മന്‍ അതിര്‍ത്തിയിലെ  ഉൾഫോർഗിലെ വനപ്രദേശത്ത് നിന്നാണ് ഇവര്‍ ഡെന്‍മാര്‍ക്കിലേക്കെത്തിയത്. ഈ ചെന്നായ്ക്കൂട്ടത്തില്‍ ഒന്നിനെയാണ് വനമേഖലയ്ക്കു സമീപത്തു വച്ച് ഒരാള്‍ അനധികൃതമായി വെടിവച്ചു കൊന്നത്. അപ്രതീക്ഷിതമായി പുല്‍മേട്ടില്‍ ചെന്നായയെ കണ്ടെപ്പോള്‍ അത് ചിലര്‍ ക്യാമറയില്‍ പകര്‍ത്തുന്നതിനിടയിലായിരുന്നു മറ്റൊരു വശത്ത് കാറിലിരുന്ന് ഒരാള്‍ വെടിവച്ചത്.

വെടിയേറ്റ് ചെന്നായ വീഴുന്നതുള്‍പ്പടെ ദൃശ്യങ്ങളിലുണ്ട്.  വെടിയേറ്റ ഉടനെ ചെന്നായക്ക്  ജീവൻ നഷ്ടപ്പെട്ടില്ലെന്നതും ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാനാകും. ചെന്നായയെ വെടി വച്ചയുടനെ കാറിലിരുന്ന വേട്ടക്കാരന്‍ വാഹനമെടുത്തു പോവുകയും ചെയ്തു.ആറ് വയസ്സുള്ള പെണ്‍ ചെന്നായയാണ് കൊല്ലപ്പെട്ടത്. വെടിവച്ചയാള്‍ ഉള്‍ഫ് ബര്‍ഗ് സ്വദേശിയായ 66കാരനാണെന്നാണ് പൊലീസ് നിഗമനം. ചെന്നായയെ കണ്ടെത്തിയ പ്രദേശത്തെ സ്ഥലഉടമയുടെ ബന്ധുവാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.

വേട്ടക്കാരന്റെ വസതിയില്‍ നിന്ന് വാഹനവും തോക്കും പൊലീസ് കണ്ടെത്തി. ഇത് സാങ്കേതിക പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. സ്ഥിരീകരണം ലഭിച്ചാല്‍ വേട്ടക്കാരനെന്നു സംശയിച്ച ആളെ അറസ്റ്റ് ചെയ്യുമെന്ന് പൊലീസ് വ്യക്തമാക്കി. അതേസമയം കൂടുതല്‍ ചെന്നായ്ക്കള്‍ക്കെതിരെ ഇത്തരത്തിലുള്ള അക്രമങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുമെന്ന് വനംവകുപ്പും വ്യക്തമാക്കി. ഡെന്‍മാര്‍ക്കിലെ നിയമമനുസരിച്ച് ചെന്നായ്ക്കള്‍ ഉള്‍പ്പടെ ഏതൊരു വന്യജീവിയേയും കൊല്ലുന്നത് ശിക്ഷാര്‍ഹമാണ്.

വ്യാപകമായ വേട്ടയെ തുടര്‍ന്ന് ഏതാണ്ട് 200 വര്‍ഷം മുന്‍പാണ് ഡെന്‍മാര്‍ക്കിലെ ചെന്നായ്ക്കള്‍ക്ക് വംശനാശം സംഭവിക്കുന്നത്. തുടര്‍ന്ന് പലപ്പോഴും ഇവയെ തിരികെ ഡെന്‍മാര്‍ക്കിലേക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ ജനവാസ കേന്ദ്രങ്ങളായിരുന്ന പല പ്രദേശങ്ങളും ഇന്ന് കാടുപിടിച്ച് കിടക്കുകയാണ്. ഇതോടെയാണ് ജര്‍മ്മന്‍ അതിര്‍ത്തിയില്‍ നിന്ന് ചെന്നായ്ക്കള്‍ ഡെന്‍മാര്‍ക്കിലെ ഈ മേഖലയിലേക്കെത്തിയതെന്നാണ് കരുതുന്നത്.