Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുസൃതി കാട്ടി, നാടിളക്കി കാടിന്റെ കുറുമ്പൻ; ശാന്തനായി മടക്കം

wild-elephant സീതത്തോട് മൂഴിയാർ സായിപ്പിൻ കുഴി തോട്ടിൽ കുടി ഒഴുകി വന്ന ആനക്കുട്ടി. ചിത്രം: മനോരമ

കുറുമ്പു കാട്ടാൻ മാത്രമായിരുന്നു അവൻ കാടിറങ്ങിയത്. തലകുലുക്കി, ശരീരമിളക്കി ഒരു കൊച്ചുകുട്ടി കണക്കെ റോഡിൽ താളം ചവിട്ടി അവൻ മണിക്കൂറുകളോളം മൂഴിയാറിലുണ്ടായിരുന്നു. ആളൊരു കുട്ടിയാനയാണെങ്കിലും സ്വഭാവത്തിൽ ഒറ്റയാനായിരുന്നു. രാവിലെ കൂട്ടം വിട്ടു പുറത്തിറങ്ങിയ ആനക്കുട്ടി ആദ്യമെത്തിയത് മൂഴിയാർ ഡാമിനു മുകളിൽ താമസിക്കുന്ന ആദിവാസികളുടെ വീടുകളിലാണ്. കൂരകളിൽ കയറി അവൻ കളി തുടങ്ങി. ആദിവാസികൾ കുട്ടികളെയും കൊണ്ട് പുറത്തേക്ക് ഓടി. സ്നേഹപ്രകടനമാണോ ആക്രമണമാണോ എന്നറിയില്ല ആരെ കണ്ടാലും ഓടിപ്പോയി ഇടിക്കലായിരുന്നു അവന്റെ പ്രധാന പണി. വീടുകളിലെ പരാക്രമം കഴിഞ്ഞപ്പോൾ റോഡിലേക്ക് ഇറങ്ങി. പവർ ഹൗസ് റോഡിലൂടെ പോയ ആരെയും അവൻ വെറുതെ വിട്ടില്ല.

കുമളിക്കു പോയ കെഎസ്ആർടിസി ബസിനെ വരെ അവൻ ഓടിച്ചിട്ട് ഇടിച്ചു. മൂഴിയാർ പവർ ഹൗസിലെ ഓവർസീയർ എസ്.രഞ്ജിത്തിന്റെ ബുള്ളറ്റിനു പിന്നാലെ കൂടിയ ആന ഒറ്റയിടിക്കു ബുള്ളറ്റ് മറിച്ചു. ഓടി മാറിയതിനാൽ രഞ്ജിത് രക്ഷപ്പെട്ടു. രാവിലെ ആറിനു കാടിറങ്ങിയ കുട്ടിയാന 10 മണി വരെ മൂഴിയാറിലും പരിസരത്തും തുടർന്നു. കളിയും കുസൃതിയും പരാക്രമവും കഴിഞ്ഞതോടെ പതുക്കെ കാടുകയറി. പിൻകാലിൽ രണ്ടു മുറിവുകൾ ഉള്ളതിനാൽ ഫോറസ്റ്റുകാരും പിന്നാലെ കൂടി.

കനത്ത കോടയിലേക്കു മറഞ്ഞ കുട്ടിയാനയെ കാത്ത് ആനക്കൂട്ടം വെറ്റാർ ഭാഗത്ത് നിലയുറപ്പിച്ചിരുന്നു. കളികഴിഞ്ഞെത്തിയ കുട്ടിയാനയെ മറ്റുള്ളവർ പൊതിഞ്ഞു. ആനക്കൂട്ടത്തിന്റെ നടുവിലാക്കി അവർ കുട്ടിയാനയുമായി മടങ്ങി. കൂട്ടംതെറ്റി പോയതിനു വഴക്കു പറഞ്ഞോ എന്നറിയില്ല, കുട്ടിയാന വളരെ ശാന്തനായി അടങ്ങിയൊതുങ്ങിയാണ് കൂട്ടത്തിനൊപ്പം മടങ്ങിയത്.

പ്ലാപ്പള്ളി, കൊച്ചുകോയിക്കൽ, ആങ്ങമൂഴി എന്നീ ഓഫിസുകളിൽ നിന്ന് വനപാലകർ കുട്ടിയാനയെ തേടി എത്തിയിരുന്നു. ആനയ്ക്കു പരുക്കേറ്റതിനാൽ ചികിൽസ ഉറപ്പാക്കാൻ ഡിഎഫ്ഒ നിർദേശിച്ചിരുന്നു. എന്നാൽ, പരുക്ക് സാരമുള്ളതല്ലെന്നു വനപാലകർ അറിയിച്ചു. ആനക്കൂട്ടം കുട്ടിയാനയെ കൂട്ടിക്കൊണ്ടു പോയതോടെ പിന്തുടർന്ന വനപാലകർ പിന്മാറി, കാടിറങ്ങി. നാലു മണിക്കൂറിലേറെ നീണ്ട ആനക്കളിക്കു ശുഭ പരിസമാപ്തി.