Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചൈനയിലെ മരുന്നു നിര്‍മ്മാണം; കഴുതകള്‍ക്കും ഇനി രക്ഷയില്ല

Donkey

കാണ്ടാമൃഗത്തിന്‍റെ കൊമ്പ്, കടുവാക്കുഞ്ഞുങ്ങള്‍, കടുവയുടെ ശരീര ഭാഗങ്ങള്‍, ഒറാങ് ഉട്ടാന്‍റെ മാംസം, മുതലയുടെ തോല് എന്നിങ്ങനെ കയ്യില്‍ കിട്ടുന്നതെന്തും മരുന്നാക്കി മാറ്റുന്നവരാണ് ചൈനക്കാര്‍. ഇങ്ങനെയുള്ള ഇവരുടെ മരുന്ന് നിര്‍മ്മാണം മൂലം ലോകത്തിലെ പല ജീവികളും വംശനാശത്തിന്‍റെ വക്കിലാണ്. ഇപ്പോൾ ഇവരുടെ പുതിയ ഇരകൾ കഴുതകളാണ്. കഴുതകളുടെ തോലാണ് മരുന്നു നിര്‍മ്മാണത്തിനുള്ള പുതിയ അസംസ്കൃത വസ്തു.

ഇജിയാവോ എന്നു പേരുള്ള പാരമ്പര്യ മരുന്നിന്‍റെ നിര്‍മ്മാണത്തിനായാണ് കഴുതത്തോല്‍ വ്യാപകമായി ഉപയോഗിക്കുന്നത്. മരുന്നിന്‍റെ ആവശ്യം വർധിച്ചതോടെ കഴുതകള്‍ക്കു രക്ഷയില്ലാതായിരിക്കുകയാണ്. കഴുതകളെക്കൊണ്ട് പലവിധ ജോലികള്‍ ചെയ്യിച്ച് ഉപജീവന മാര്‍ഗ്ഗം നടത്തുന്ന വിവിധ സമൂഹങ്ങള്‍ക്കു പോലും ഇപ്പോള്‍ അഫ്ഗാന്‍, തുര്‍ക്ക്മെനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ കഴുതകളെ കിട്ടാനില്ലാത്ത അവസ്ഥയാണ്. കഴുതത്തോല്‍ ചൂടുവെള്ളത്തിലിട്ടു തിളപ്പിച്ച് നിര്‍മ്മിക്കുന്ന ജലാറ്റിന്‍ എന്ന വസ്തുവാണ് മരുന്നു നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നത്.

കിലോയിക്ക് 300 യൂറോയാണ് ഇജിയാവോയുടെ വില. ഇതോടെ നിരവധി പേരാണ് ഇജിയാവോ നിര്‍മ്മാണത്തിനായി രംഗത്തിറങ്ങിയിരിക്കുന്നത്. ചൈനയിലെ സമ്പന്നര്‍ മാത്രം ഉപയോഗിച്ചിരുന്ന ഈ മരുന്ന് ഇപ്പോള്‍ മധ്യവര്‍ഗക്കാര്‍ക്കിടയിലും വലിയ പ്രചാരം നേടിക്കഴിഞ്ഞു. ഇതോടെയാണ് ഈ മരുന്നിന്റെ ആവശ്യം കുത്തനെ ഉയര്‍ന്നത്. രക്തം ശുദ്ധീകരിച്ച് ജീവിത ശൈലീരോഗങ്ങളെ തടയുമെന്നാണ് ഈ മരുന്നിന്‍റെ ഗുണമായി പറയപ്പെടുന്നത്.കൂടാതെ സൗന്ദര്യവർധക വസ്തുക്കളുടെ നിർമാണത്തിനും

കഴിഞ്ഞ വര്‍ഷം മാത്രം 18 ലക്ഷം കഴുതകളുടെ തോല്‍ മരുന്നു നിര്‍മാണത്തിനായി വിദേശത്തു നിന്ന് ചൈനയിലേക്കിറക്കുമതി ചെയ്തുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സൗത്താഫ്രിക്കയിൽ നിന്നാണ് കൂടുതൽ കഴുതകളേയും ഇങ്ങോട്ടെത്തിക്കുന്നത്.  ഈ കണക്കുകള്‍ പുറത്തു വന്നതോടെ വിവിധ കോണുകളില്‍ നിന്ന് ഈ നീക്കത്തിനെതിരെ പ്രതിഷേധമുയരുന്നുണ്ട്. കഴുതത്തോലിന്‍റെ ഇറക്കുമതിക്കു നിയന്ത്രണമില്ലാത്തതിനാല്‍ നിയമപരമായി ഈ കച്ചവടം നിയന്ത്രിക്കാന്‍ നിലവില്‍ സംവിധാനങ്ങളില്ല എന്നതും ആശങ്കയുണർത്തുന്നു.