ഒടുവിൽ തലയൂരി; സുമനസ്സുകൾക്കു നന്ദി!

കൊല്ലം  തേവള്ളി പാലത്തിനു സമീപം കലത്തിൽ തല കുടുങ്ങി 2 ദിവസമായി അലഞ്ഞുനടന്ന് അവശയായ തെരുവുനായയെ കൊല്ലം എസ്പിസിഎ പ്രവർത്തകർ രക്ഷപ്പെടുത്തി.  വെള്ളം കുടിക്കാനായി അലുമിനിയം കലത്തിൽ തലയിട്ടപ്പോഴാണു കുടുങ്ങിയത്. ഭക്ഷണവും വെള്ളവും കിട്ടാതെ അവശനിലയിലായിരുന്നു. കഴിഞ്ഞ ദിവസം രക്ഷാപ്രവർത്തകർ എത്തിയെങ്കിലും നായ പിടി തരാതെ ഓടി മറഞ്ഞു.

ഓട്ടത്തിനിടയിൽ കുന്നിൻമുകളിൽ നിന്നു താഴേക്കു വീണു പരുക്കേൽക്കുകയും ചെയ്തു. ട്രാപ് നെറ്റ് ഉപയോഗിച്ച് കുരുക്കിലാക്കിയശേഷം അര മണിക്കൂർ പരിശ്രമിച്ചാണു കലം ഊരിയെടുത്തത്. ആവശ്യമായ ശുശ്രൂഷകൾ നൽകി സ്വതന്ത്രയാക്കി.  എസ്പിസിഎ സീനിയർ ഇൻസ്പെക്ടർ എസ്.റിജു, ഷൈജു എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം.