Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുള്‍പൊട്ടലില്‍ നിന്ന് കുടുംബത്തെ രക്ഷിച്ച വളര്‍ത്തുനായ!

 Rocky Mohanan P and his family were saved by the howls of their pet dog.Image Credit: NDTV

റോക്കിയെന്ന വളർത്തുനായയാണ് ഇപ്പോൾ ഇടുക്കി കഞ്ഞിക്കുഴി ഗ്രാമത്തിലെ താരം. റോക്കിയുടെ യജമാനനായ പി. മോഹനനും കുടുംബത്തിനും റോക്കിയോട് എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. ഈ ജന്മം മുഴുവൻ അവർ റോക്കിയോട് കടപ്പെട്ടവരായിരിക്കും. കാരണം പാഞ്ഞടുക്കുന്ന ഉരുൾപൊട്ടലിൽ നിന്നും മോഹനനെയും കുടുംബത്തെയും രക്ഷിച്ചത് റോക്കി എന്ന ഈ വളർത്തുനായയാണ്.

പ്രളയം ദുരന്തംവിതച്ച ഇടുക്കി കഞ്ഞിക്കുഴി ഗ്രാമവാസിയാണ് മോഹനൻ. എല്ലാം കൺമുമ്പിൽ തകർന്നടിഞ്ഞ വ്യാഴാഴ്ച മോഹൻ എഴുന്നേൽക്കുന്നത് റോക്കിയുടെ നിർത്താതെയുള്ള കുര കേട്ടുകൊണ്ടാണ്. പുലർച്ചെ മൂന്നുമണിക്ക് റോക്കി പതിവില്ലാതെ കുരയ്ക്കാൻ തുടങ്ങി. ആദ്യം ഗൗനിച്ചില്ലെങ്കിലും നിർത്താതെയുള്ള കുര തുടർന്നതോടെ മോഹനൻ പുറത്തിറങ്ങി.

‘അസാധാരണമായ കുരയായിരുന്നു അവന്‍റേത്. അപ്പോള്‍ തന്നെ എന്തോ അപകടം മണത്തു. പുറത്തിറങ്ങിയപ്പോഴാണ് പേടിപ്പിക്കുന്ന കാഴ്ച കണ്ടത്..’ മോഹനന്‍ പറഞ്ഞു.വന്നു നോക്കുമ്പോൾ കണ്ട കാഴ്ചയുടെ ഭീകരത കണ്ണിൽ നിന്നും മാഞ്ഞിട്ടില്ല. ഉരുൾപൊട്ടിയെത്തുന്നു. വേഗം വീട്ടിലുള്ള മറ്റംഗങ്ങളെ പുറത്തിറക്കി, റോക്കിക്കൊപ്പം അടുത്തുള്ള പാറയുടെ മുകളിലേക്കു കയറി നിന്നു. കൺമുമ്പിൽ വീട് തകർന്നു തരിപ്പണമാകുന്നത് കണ്ടെങ്കിലും റോക്കി കാരണം ജീവൻ രക്ഷപെട്ടതിന്റെ സന്തോഷത്തിലാണ് വീട്ടുകാർ.

ഇവരുടെ വീടിരുന്ന സ്ഥലത്തുനിന്നും അൽപം മുകളിലായി മറ്റൊരു വീട്ടിൽ വൃദ്ധരായ ദമ്പതികളുണ്ടായിരുന്നു. ഉരുൾപൊട്ടലിൽ വീടുതകർന്നുവീണ് ഇരുവരും മരിച്ചത് നിസ്സഹായരായി നോക്കി നിൽക്കാനേ ഇവർക്കു കഴിഞ്ഞുള്ളൂ. ദുരിതാശ്വാസക്യാംപിലാണ് ഇപ്പോൾ മോഹനനും കുടുംബവുമുള്ളത്. സമ്പാദ്യമെല്ലാം ഉരുൾ പൊട്ടലിൽ ഇല്ലാതായെങ്കിലും ജീവൻ തിരികെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഈ കുടുംബം.