Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

റെയിന്‍ഡിയറാണ് ഇവരുടെ കാമധേനു

Reindeers

ക്രിസ്തുമസ് കാലത്തു മാത്രം റെയിന്‍ ഡിയറുകളെക്കുറിച്ച് ഓര്‍ക്കുന്നവരാണ് നമ്മൾ. സമ്മാനപ്പൊതികളുമായി എങ്ങുനിന്നോ റെയിന്‍ഡിയറുകള്‍ വലിക്കുന്ന വണ്ടിയിലെത്തുന്ന സാന്താക്ലോസിനെ ഒരു കാലത്ത് കാത്തിരുന്നവര്‍, ചിലപ്പോള്‍ ഇപ്പോഴും കാത്തിരിക്കുന്നവര്‍. എന്നാല്‍ മംഗോളിയയുടെ വടക്കന്‍ പ്രദേശത്തെ ദുഖാ എന്ന ഗോത്രക്കാര്‍ക്ക് റെയിന്‍ഡിയര്‍ അവരുടെ ജീവിതത്തിലെ അവിഭാജ്യഘടകമാണ്. ഇവരുടെ ആഹാരവും, യാത്രയും, വസ്ത്രവും വരെ റെയിന്‍ഡിയറുകളെ ആശ്രയിച്ചാണ്.

കട്ടിയുള്ള രോമപ്പുതപ്പും, വലുപ്പമുള്ള ശരീരവും, വേഗത്തില്‍ ഇണങ്ങുന്ന പ്രകൃതവുമാണ് റെയിന്‍ഡിയറുകളെ ദുഖാ ഗോത്രക്കാര്‍ക്കു പ്രിയപ്പെട്ടതാക്കുന്നത്. റെയിന്‍ ഡിയറല്ലാതെ ഈ സവിശേഷതകളുള്ള കുതിരയോ, പശുവോ പോലുള്ളവ ഈ ഗോത്രക്കാര്‍ ജീവിക്കുന്ന കാലാവസ്ഥയില്‍ അതിജീവിക്കില്ല. അതുകൊണ്ട് തന്നെ ദുഖാ ഗോത്രക്കാര്‍ക്ക് റെയിന്‍ഡിയറുകള്‍ പശുവിന്‍റെയും കുതിരയുടേയും ഗുണങ്ങള്‍ പ്രദാനം ചെയ്യുന്ന, എല്ലാം നല്‍കുന്ന കാമധേനു തന്നെയാണ്.

റെയിന്‍ഡിയറുകളെ തങ്ങളുടെ ആവശ്യങ്ങള്‍ക്കായി ഇണക്കി വളര്‍ത്തുകയാണ് ഈ ഗോത്രക്കാര്‍ ചെയ്യുന്നത്. മറ്റ് മാനുകളെയും, കാട്ടു പന്നിയേയും മറ്റും വേട്ടയാടാനും റെയിന്‍ ഡിയറുകളെ ദുഖാ ഗോത്രക്കാര്‍ ഉപയോഗിക്കുന്നു. റെയിന്‍ ഡിയറുകളുടെ പാല് ഉപയോഗിക്കുന്നതിനൊപ്പം ഇതില്‍ നിന്ന് ചീസും , നെയ്യും ഉള്‍പ്പടെ ഇവര്‍ ഉണ്ടാക്കുകയും ചെയ്യുന്നു. കൂടാതെ റെയിന്‍ഡിയറുകളുടെ കട്ടിയുള്ള രോമത്തോടു കൂടിയ തോല്‍ കൊണ്ടുള്ള വസ്ത്രങ്ങളും ദുഖ ഗോത്രക്കാര്‍ നിര്‍മിക്കാറുണ്ട്.

സ്ഥിരമായി ഒരിടത്ത് താമസിക്കാതെ സഞ്ചരിക്കുന്ന ഗോത്രപാരമ്പര്യമാണ് ദുഖയ്ക്കുള്ളത്. അതിനാല്‍ തന്നെ ലോകത്തെ മറ്റു പരമ്പരാഗത ഗോത്രങ്ങളെ പോലെ തന്നെ ദുഖ ഗോത്രവും നാശത്തിന്‍റെ വക്കിലാണ്. ദുഖ ഗോത്രത്തില്‍ പെട്ട 44 കുടുംബങ്ങള്‍ മാത്രാണ് ഇപ്പോള്‍ ഇതേ ജീവിത രീതി പിന്തുടരുന്നത്. ആകെ 200 മുതല്‍ 250 വരെ ആളുകള്‍. ഈ വംശത്തില്‍ പെട്ട 2000ത്തില്‍ അധികം പേരാണ് വടക്കന്‍ മംഗോളിയയില്‍ ആകെ ശേഷിക്കുന്നത്. ഇവരില്‍ ഭൂരിഭാഗം പേരും ഇപ്പോള്‍ ആധുനിക ജീവിതത്തിന്‍റെ ഭാഗമായി കഴിഞ്ഞു.

Reindeer

റെയിന്‍ഡിയറുകളും അതിജീവനത്തിനുള്ള പോരാട്ടത്തില്‍

ദുഖ ഗോത്രക്കാരുടെ പരമ്പരാഗത ജീവിതം വൈകാതെ അവസാനിക്കുമെന്നതു പോലെയാണ് റെയിന്‍ഡിയറുകളുടെ കാര്യവും. വന നശീകരണം വർധിച്ചതോടെ വനത്തിലെ റെയിന്‍ഡിയറുകളുടെ എണ്ണം വ്യാപകമായി കുറഞ്ഞു വരികയാണ്. ഒപ്പം ആഗോളതാപനം വർധിക്കുന്നതും തണുപ്പില്‍ മാത്രം ജീവിക്കാന്‍ കഴിയുന്ന റെയിന്‍ഡിയറുകളുടെ നിലനില്‍പ്പിനു വെല്ലുവിളിയാകുന്നു.

മംഗോളിയയിലെ ഹോസ്വോഗല്‍ പ്രവിശ്യയിലാണ് ശേഷിക്കുന്ന ദുഖാ ഗോത്രക്കാരുള്ളത്. 96 വയസ്സുള്ള സുയാനാണ് ഇപ്പോള്‍ ഗോത്ര തലവന്‍.  ദുഖ ഗോത്രക്കാരും റെയിന്‍ഡിയറുകളും തമ്മിലുള്ള ബന്ധം കേവലം ഉടമയും വളര്‍ത്തു മൃഗവും തമ്മിലുള്ള ബന്ധമല്ലെന്ന് സുയാന്‍ വിവരിക്കുന്നു. റെയിന്‍ഡിയറുകള്‍ തങ്ങളുടെ പൂര്‍വ്വികരുമായി ബന്ധപ്പെട്ടു കിടക്കുന്നു. വനങ്ങളില്‍ വസിക്കുന്ന പൂര്‍വ്വികരുടെ ആത്മാക്കള്‍ തങ്ങളുമായി സംവദിക്കുന്നത് റെയിന്‍ഡിയറുകൾ വഴിയാണെന്നും സുയാന്‍ പറയുന്നു.

ടിബറ്റന്‍, മംഗോളിയന്‍ മേഖലയിലെ ഗോത്രങ്ങളെ കുറച്ചു പഠനം നടത്തുന്ന ഹമീദ് സര്‍ദര്‍ അഫ്കാമി എന്ന ഫൊട്ടോഗ്രാഫറാണ് ദുഖ ഗോത്രക്കാരുടെ ജീവിതം തന്‍റെ ചിത്രങ്ങളിലൂടെ പുറം ലോകത്തിനു പരിചയപ്പെടുത്തിയത്.