കൂർത്ത പല്ലുകളും നീണ്ട ശരീരവുമായി ഹാര്‍വി കൊടുങ്കാറ്റില്‍ തീരത്തടിഞ്ഞ അജ്ഞാത ജീവി

Image Credit: Preeti Desai

ഹാര്‍വി ചുഴലിക്കാറ്റിനെ തുടര്‍ന്നാണ് ടെക്‌സാസിലെ കടല്‍ത്തീരത്ത്  അജ്ഞാത കടല്‍ജീവിയുടെ ജഢം അടിഞ്ഞത്.  കണ്ണുകളും മുഖവും ഇല്ലാത്ത കൂർത്ത പല്ലുകളും നീണ്ട വാലുമുള്ള ഈ നിഗൂഢ  ജീവിയെക്കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹ മാധ്യമങ്ങൾ. ഒടുവില്‍ ഇതിനുള്ള ഉത്തരവും അവര്‍ കണ്ടെത്തി. 

നാഷണല്‍ ഓഡോബോൺ സൊസൈറ്റിയിലെ ഗവേഷകയും ഇന്ത്യന്‍ വംശജയുമായ പ്രീതി ദേശായിയാണ് ട്വിറ്ററിലൂടെ ജീവിയുടെ ചിത്രം ആദ്യം പുറത്തു വിട്ടത്. ഈ ജീവിയെന്താണെന്ന് കണ്ടെത്താന്‍ സഹായമഭ്യര്‍ത്ഥിച്ചായിരുന്നു ട്വീറ്റ്.  ആദ്യനോട്ടത്തിൽ താടിയെല്ലില്ലാത്ത ഒരുതരം കടൽജീവിയാണെന്നാണ് ഇവർ കരുതിയത്. എന്നാൽ അടുത്തുവന്നു സൂക്ഷ്മനീരീക്ഷണം നടത്തതിയപ്പോള്‍ തന്റെ നിഗമനം തെറ്റിയെന്ന് വ്യക്തമായി. ഏതായാലും ട്വീറ്റ് ചെയ്ത് അധികം വൈകാതെ അജ്ഞാത ജീവിയുടെ ചിത്രം ചർച്ചയായി.

Image Credit: Preeti Desai

നിരവധി പേര്‍ ഊഹാപോഹങ്ങളുമായി രംഗത്തെത്തി. കടലിലെ വിവിധ ജീവികളുടെ പേര് മുതല്‍ അന്യഗ്രഹ ജീവിയാണെന്ന് വരെ ട്വിറ്ററിൽ ഉത്തരങ്ങൾ നല്‍കി. ഒടുവില്‍ സ്മിത്ത് സോണിയന്‍ എന്ന നാഷണല്‍ മ്യൂസിയം ഓഫ് നാച്വറല്‍ ഹിസ്റ്ററിയിലെ ബയോളജിസ്റ്റായ കെന്നെത്ത് ടിഗേയാണ് കൃത്യമായ ഉത്തരം നല്‍കിയത്.  അജ്ഞാത ജീവി ഫാങ്ടൂത്ത് സ്‌നേക്ക് യീല്‍ വിഭാഗത്തില്‍പ്പെട്ട യീല്‍ ആണെന്നായിരുന്നു കെന്നത്തിന്റെ അഭിപ്രായം.

ജലനിരപ്പില്‍ നിന്നും 100 മുതല്‍ 300 അടി വരെ താഴ്ചയില്‍ ജീവിക്കുന്നവയാണ് സ്‌നേക്ക് യീലുകള്‍. മെക്സിക്കന്‍ സമുദ്രത്തിലും  ഫ്രഞ്ച് ഗയാനയിലും  ഇവ സാധാരണയായി  കാണപ്പെടുന്നതെന്നും ടിഗേ വിശദീകരിച്ചു.