മേരി ലീ എവിടെ, എന്തു സംഭവിച്ചു? ലോകം കാത്തിരിക്കുന്നു

ട്വിറ്ററില്‍ ഒരു ലക്ഷത്തിലധികം ഫോളോവേഴ്സ് ഉള്ള സ്രാവിനെ കാണാതായി.കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെയിൽ ട്വിറ്ററില്‍ 130000 ഫോളോവേഴ്സിനെ സമ്പാദിച്ച ഗ്രേറ്റ് വൈറ്റ് വിഭാഗത്തില്‍ പെട്ട സ്രാവിനെയാണ് ജൂണ്‍ മുതല്‍ കാണാതായെന്നു ഗവേഷകര്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മേരി ലീ എന്നു പേരുള്ള  പതിനാറടി നീളമുള്ള  ഈ സ്രാവ് അറ്റ്ലാന്‍റിക് സമുദ്രത്തിലായിരുന്നു വസിച്ചിരുന്നത്. ജൂണിലാണ് സ്രാവിന്റെ മേൽ ഘടിപ്പിച്ചിരിക്കുന്ന ട്രാന്‍സ്മിറ്ററില്‍ നിന്ന് അവസാനമായി ഗവേഷകര്‍ക്ക് സിഗ്നല്‍ ലഭിച്ചത്.

2012ലാണ് ഗവേഷണത്തിന്റെ ഭാഗമായി മേരി ലീയുടെ ദേഹത്ത് ട്രാന്‍സ്മിറ്റര്‍ ഘടിപ്പിച്ചത്. അന്നു മുതല്‍ സ്ഥിരമായി മേരി ലീയെ ഗവേഷകര്‍ നിരീക്ഷിക്കുന്നുണ്ട്. മേരി ലീയുടെ വിവരങ്ങള്‍ കൃത്യമായി ലോകത്തെ അറിയിക്കുന്നതിനും ഗവേഷണത്തിന്റെ വിശദാംശങ്ങള്‍ രേഖപ്പെടുത്തുന്നതിനുമാണ് ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ചത്. ഓഷ്യേര്‍ച്ച് എന്ന ഗവേഷണസ്ഥാപനത്തിന്റെ നേതൃത്വത്തിലാണ് പഠനങ്ങള്‍ നടന്നത്. ഒരു ലക്ഷത്തിലധികം പേരാണ് ഈ ട്വിറ്റര്‍ ഐഡി ഫോളോ ചെയ്തിരുന്നത്.

അതേസമയം മേരി ലീയ്ക്ക് അപകടം സംഭവിക്കാനുള്ള സാധ്യത ഗവേഷകര്‍ കാണുന്നില്ല. മേരി ലീയുടെ ദേഹത്തുള്ള ട്രാന്‍സ്മിറ്ററിലെ ബാറ്ററി തീര്‍ന്നതായിരിക്കാം സിഗ്നല്‍ ലഭിക്കാത്തതിനു കാരണമെന്നാണു ഗവേഷകര്‍ കരുതുന്നത്. അതുകൊണ്ടു തന്നെ മേരി ലീയെ ഇനി വീണ്ടും കണ്ടെത്താനുള്ള സാധ്യത വിരളമാണെന്നും ഇവര്‍ പറയുന്നു. ഏറ്റവുമൊടുവില്‍ സിഗ്നല്‍ ലഭിക്കുമ്പോള്‍ മേരി ലീ ജൂണ്‍ 17ന് ന്യൂ ജേഴ്സി തീരത്തായിരുന്നു.

മേരി ലീയുടെ സഞ്ചാരപഥം അനുസരിച്ച് ഇപ്പോള്‍ സൗത്ത് കരൊലിനയ്ക്കു സമീപം ഈ സ്രാവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മേരി ലീയുടെ ചിറകില്‍ ആഴത്തില്‍ കടിയേറ്റ വലിയ മുറിവിന്റ പാടുണ്ട്. ഇതുപയോഗിച്ച് മേരി ലീയെ തിരിച്ചറിയാം എന്ന വിദൂര പ്രതീക്ഷയാണ് ഇപ്പോഴുള്ളത്. ഇതിനായി തെക്കന്‍ കരൊലിനയിലെ മത്സ്യത്തൊഴിലാളികളുടേയും സഹായം ഗവേഷകര്‍ തേടിയിട്ടുണ്ട്. അമ്പതു വയസ്സിനടുത്താണ് ഇപ്പോൾ മേരി ലീയുടെ പ്രായം. ഇനിയും ഇരുപതോ മുപ്പതോ വര്‍ഷം മേരി ലീ സ്വാഭാവികമായും ജീവിച്ചിരിക്കുമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടല്‍.