Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡോള്‍ഫിനുകളുടെ സന്തോഷം അളന്ന് ഗവേഷകര്‍

Dolphins

മനുഷ്യരെപ്പോലെ തന്നെ മൃഗങ്ങള്‍ക്കും സന്തോഷവും സങ്കടവുമൊക്കെയുണ്ട്. മനുഷ്യരുടെ വികാരങ്ങള്‍ അളക്കാന്‍ സാധിക്കില്ലെങ്കിലും വികാരത്തിന്റെ തീവ്രതയനുസരിച്ച് അത് പ്രകടിപ്പിക്കാന്‍ മനുഷ്യര്‍ക്കാകും. എന്നാല്‍ മൃഗങ്ങള്‍ക്ക് അങ്ങനെയല്ല. എത്രയൊക്കെ സന്തോഷവും സങ്കടവും തോന്നിയാലും ഇതെല്ലാം പ്രകടിപ്പിക്കുന്നതിന് അവയ്ക്കു വലിയ പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് മൃഗങ്ങളിലെ സന്തോഷത്തിന്റെ അളവെടുക്കാന്‍ ഫ്രഞ്ചു ഗവേഷകര്‍ ശ്രമിച്ചത്. ഏതായാലും അക്കാര്യത്തില്‍ അവര്‍ വിജയിച്ചുവെന്നാണ് പുറത്തുവന്ന പഠന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്.

മനുഷ്യനുമായി ഏറ്റവുമധികം ഇണങ്ങുന്ന ജീവികളായ ഡോള്‍ഫിനുകളിലെ സന്തോഷത്തിന്റെ അളവാണ് ഗവേഷകര്‍ കണ്ടെത്തിയത്. പാസ്റ്റ് അസ്റ്ററിക്സ് എന്ന പാരിസിലെ ഏറ്റവും വലിയ ഡോള്‍ഫിന്‍ അക്വേറിയങ്ങളിലൊന്നില്‍ മൂന്നു വര്‍ഷം നീണ്ടു നിന്ന പഠനത്തിനു ശേഷമാണ് ഡോള്‍ഫിനുകളിലെ സന്തോഷത്തിന്റെ അളവു തിരിച്ചറിയാന്‍ ഗവേഷകര്‍ക്കു സാധിച്ചത്. പ്രധാനമായും ഡോള്‍ഫിനുകളുടെ ശാരീരിക ചലങ്ങളാണ് അവയുടെ മാനസികാവസ്ഥയെ തിരിച്ചറിയാന്‍ ഉപയോഗിച്ചത്. ഒപ്പം ഈ ശാരീരിക ചലങ്ങളുടെ സമയത്ത് തലച്ചോറിലുണ്ടാകുന്ന മാറ്റങ്ങളും ഗവേഷകര്‍ നിരീക്ഷിച്ചു. ഇവ രണ്ടും തമ്മിലുള്ള ബന്ധം മനസ്സിലാക്കുന്നതില്‍ വിജയിച്ചതോടെയാണ് ഡോള്‍ഫിനുകളുടെ സന്തോഷത്തിന്റെ തോതു തിരിച്ചറിയാൻ ഗവേഷകര്‍ക്കു സാധിച്ചത്.

ഡോള്‍ഫിന്‍ അക്വേറിയങ്ങള്‍ ധാരാളമുള്ള പാരിസില്‍ ഡോള്‍ഫിനുകളെ ഇത്തരത്തില്‍ കൂട്ടിലിട്ടു വളര്‍ത്തുന്നതിനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടൊപ്പം കൂട്ടിലുള്ള ഡോള്‍ഫിനുകളെ ഇണ ചേര്‍ത്തു പുതിയ കുട്ടികളെ ഉണ്ടാകുന്നതു നിരോധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഫ്രഞ്ച് സര്‍ക്കാര്‍ അവസാന നിമിഷം പിന്‍വാങ്ങിയതും പ്രതിഷേധം രൂക്ഷമാകാന്‍ കാരണമായി. ഈ സാഹചര്യത്തിലാണ് മൂന്നു വര്‍ഷം മുന്‍പ് ഡോള്‍ഫിനുകളുടെ മാനസികാവസ്ഥയെക്കുറിച്ചു പഠിക്കാന്‍ ഫ്രഞ്ച് പരിസ്ഥിതി വകുപ്പു ഗവേഷകരെ ചുമതലപ്പെടുത്തിയത്. 

ഏതായാലും പഠനത്തിലെ കണ്ടെത്തലുകള്‍ അക്വേറിയങ്ങള്‍ക്ക് അനുകൂലമാണ്. അക്വേറിയങ്ങളില്‍ വളരുന്ന ഡോള്‍ഫിനുകള്‍ ചിരപരിചതരായ മനുഷ്യരുമായി ഇടപഴകുമ്പോള്‍ അതീവ സന്തോഷത്തിലാണെന്നു പഠനം പറയുന്നു. അതേസമയം പരിചിതമല്ലാത്ത ആളുകള്‍ക്കൊപ്പം നീന്തുന്നത് അവയില്‍ ആശങ്കയുണ്ടാക്കുന്നു. അതേസമയം പരിശീലകര്‍ക്കൊപ്പം നീന്തുമ്പോള്‍ ഡോള്‍ഫിനുകള്‍ നല്ല മാനസികാവസ്ഥയിലേക്കെത്തുകയും ആവേശഭരിതരാവുകയും ചെയ്യുന്നുവെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ഈ ഡോള്‍ഫിനുകളില്‍ നിന്ന് പരിശീലകര്‍ ഏതാനും ദിവസം അകന്നു നില്‍ക്കുമ്പോള്‍ അത് ഡോള്‍ഫിനുകളെ സങ്കടത്തിലാക്കുന്നതായും പഠനത്തില്‍ കണ്ടെത്തി.

ഏതായാലും അക്വേറിയങ്ങളി‍ല്‍ വളരുന്ന ഡോള്‍ഫിനുകള്‍ അവിടെ തന്നെ സന്തോഷവാന്‍മാരാണെന്ന കണ്ടെത്തെലാണ് ഈ പഠനം മുന്നോട്ടു വയ്ക്കുന്നത്. പരിചിതമായ പരിസരമാണ് ഈ സന്തോഷത്തിനു കാരണമെന്നും ജേര്‍ണല്‍ ഓഫ് അപ്ലൈഡ് ആനിമല്‍ ബിഹേവിയര്‍ എന്ന മാസികയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പഠയുന്നു. മാഞ്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഡോള്‍ഫിനുകിളെ സന്തോഷം അളക്കുന്നതിനുള്ള  ഈ പഠനം നടത്തിയത്. ഡോള്‍ഫിനുകളില്‍ ഈ പഠനം വിജയിച്ച സാഹചര്യത്തില്‍ മറ്റു മൃഗങ്ങളിലേക്കു കൂടി ഇതു വ്യാപിപ്പിക്കാനാണ് ഗവേഷക സംഘത്തിന്റെ ലക്ഷ്യം. ഇത് വിജയിച്ചാല്‍ മൃഗങ്ങളുടെ മെച്ചപ്പെട്ട പരിപാലനത്തിന് വഴിയൊരുക്കുമെന്നും ഇവര്‍ പറയുന്നു.