തനിയെ നിരങ്ങി നീങ്ങുന്ന പാറക്കല്ലുകൾ; അദ്ഭുത കാഴ്ചയൊരുക്കി മരണ താഴ്‌വര!

വരണ്ടുണങ്ങി കിടക്കുന്ന തടാകത്തിൽ അങ്ങിങ്ങായി ചിതറിക്കിടക്കുന്ന കൂറ്റൻ പാറക്കഷ്ണങ്ങൾ. കണ്ടാൽ അടുത്ത മലകളിൽ നിന്നും ഉരുൾപൊട്ടലിനൊപ്പം തടാകത്തിൽ വന്നു പതിച്ചതാണെണെന്നേ തോന്നൂ. എന്നാൽ യാഥാർത്ഥ്യം അതല്ല. അര കിലോമീറ്ററോളം ദൂരം തനിയെ നിരങ്ങിനീങ്ങിയെത്തിയവയാണ് അതെല്ലാം.

അമേരിക്കയിലെ ഡെത്ത് വാലി നാഷനൽ പാർക്കിലാണ് ശാസ്ത്രജ്ഞന്മാരെ വരെ ഏറെ കുഴക്കിയ ഈ അദ്ഭുത പ്രതിഭാസം നടക്കുന്നത്. മനുഷ്യന്റെയോ മറ്റു ബാഹ്യശക്തികളുടെയോ ഇടപെടലില്ലാതെയാണ് പാറക്കല്ലുകൾ ചലിക്കുന്നത്. ചെറിയ പാറക്കഷ്ണങ്ങൾ മുതൽ 300 കിലോയിലധികം ഭാരമുള്ള പാറക്കല്ലുകൾ വരെ ഇങ്ങനെ തനിയെ സഞ്ചരിക്കുന്നു.

വരണ്ട മണ്ണിൽ കൂടി നിരങ്ങി നീങ്ങുന്ന ഇവ നെടുനീളൻ വഴിത്താരയും അവശേഷിപ്പിച്ചാണ് നീങ്ങുന്നത്. എന്നാൽ ഇവ ചലിക്കുന്നത് ആരും നേരിൽ കാണാൻ സാധിക്കാത്തതിനാൽ ഈ പ്രതിഭാസത്തിനു പിന്നിലെ രഹസ്യം നിഗൂഢമായി തുടർന്നു. അതിശക്തമായ കാറ്റു മൂലമാകാം പാറക്കൂട്ടങ്ങൾ നീങ്ങുന്നതെന്ന് ചില ശാസ്ത്രജ്ഞൻമാർ വിശ്വസിച്ചെങ്കിലും അത് ശരിവയ്ക്കത്തക്ക തെളിവുകളൊന്നും ലഭിച്ചില്ല.

ഒടുവിൽ ജിപിഎസ് സംവിധാനങ്ങളുടെ സഹായത്തോടെയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞന്മാർക്ക് ഈ രഹസ്യത്തിന്റെ ചുരുളഴിക്കാൻ സാധിച്ചത്‌. ജിപിഎസ് ഘടിപ്പിച്ച പാറക്കല്ലുകൾ വരണ്ടുണങ്ങിയ തടാകത്തിൽ സ്ഥാപിച്ചാണ് ഗവേഷകർ നിരീക്ഷണം നടത്തിയത്. എന്നാൽ വർഷങ്ങളോളം ഈ പരീക്ഷണത്തിനു കാര്യമായ ഫലം കണ്ടില്ല. 2013 ഡിസംബർ മാസമായതോടെ ജിപിഎസ് ഘടിപ്പിച്ച പാറക്കല്ലുകൾ പതിയെ ചലിക്കാൻ തുടങ്ങി. മിറ്റിൽ 9 മുതൽ 16 അടി വരെ ദൂരം പാറക്കൂട്ടങ്ങൾ നിരങ്ങി നീങ്ങുന്നതായാണ് കണ്ടെത്തിയത്. ഇതിന്റെ ദൃശ്യങ്ങൾ പകർത്താനും ഗവേഷകർക്കായി.

ശൈത്യകാലത്തു തടാകത്തിൽ രൂപപ്പെടുന്ന മഞ്ഞുപാളികൾ പകൽസമയത്ത് സൂര്യതാപമേറ്റ്  ഉരുകുകയും മില്ലിമീറ്ററുകൾ മാത്രം കനമുള്ള മഞ്ഞുപാളികളായി മാറുകയും ചെയ്യുന്നു. ഇവ പൂർണമായി അലിഞ്ഞു ജലം ആകുന്നതിനു മുൻപ് കാറ്റടിച്ചാൽ ഈ പാളികൾ ചലിക്കും. ഈ ചലനത്തോടൊപ്പം മഞ്ഞുപാളികൾക്കു സമീപമുള്ള പാറക്കല്ലുകളും തെന്നി നീങ്ങും. ഭാരമുള്ള പാറക്കല്ലുകൾ തനിയെ നീങ്ങുന്നതോടെ അവ മണ്ണിൽ നീങ്ങുന്ന പാടും അവശേഷിക്കും. മഞ്ഞും ജലാംശവും സൂര്യതാപവും കാറ്റും എല്ലാം കൃത്യമായി ഒത്തുചേരുമ്പോൾ മാത്രമാണ് ഈ പാറക്കല്ലുകൾ ചലിക്കുന്നത്. മഞ്ഞുപാളികളുടെ ചലനഗതിയാണ് നേരെയോ വശങ്ങളിലേക്കു ചെരിഞ്ഞോ ഇവ നീങ്ങാൻ കാരണമാകുന്നത്. അനേകം വർഷങ്ങൾക്കിടയിൽ ഏതാനും നിമിഷങ്ങളിലേക്കു മാത്രമാവും മിക്ക പാറക്കല്ലുകളും ചലിക്കുക.

എന്തായാലും ഈ അദ്തഭു പ്രതിഭാസം കാണാനായി അനേകം സന്ദർശകരാണ് ഡെത്ത് വാലി നാഷണൽ പാർക്കിലേക്കു പ്രതിവർഷമെത്തുന്നത്.