പകൽ 10.15 : നിമിഷനേരംകൊണ്ട് ഇരുട്ടു മൂടി യുഎസ്, ചേക്കേറാനൊരുങ്ങി പക്ഷികൾ

കാത്തുകാത്തിരിക്കെ, നിമിഷനേരംകൊണ്ട് ഇരുട്ടു പരന്നു. പക്ഷികൾ ചേക്കേറാനൊരുങ്ങി. നഗരങ്ങളിൽ രാത്രിവിളക്കുകൾ തെളിഞ്ഞു. 1918നു ശേഷം സമ്പൂർണ സൂര്യഗ്രഹണത്തിനു സാക്ഷിയായ യുഎസ് ജനത ആവേശപൂർവം, പ്രകൃതിയുടെ അപൂർവ പ്രതിഭാസത്തെ വരവേറ്റു.

രാജ്യത്തിന്റെ വിവിധ മേഖലകളിലായി ലക്ഷക്കണക്കിന് ആളുകൾ സമ്പൂർണ സൂര്യഗ്രഹണത്തിനു സാക്ഷികളായി. പ്രാദേശിക സമയം രാവിലെ 10.15ന് (ഇന്ത്യൻ സമയം തിങ്കൾ രാത്രി 10.45) ഓറിഗനിലാണു ചന്ദ്രൻ സൂര്യനെ പൂർണമായി മറച്ചതിന്റെ കാഴ്ച ആദ്യം ദൃശ്യമായത്. സൗത്ത് കാരലൈനയിലെ ചാൾസ്റ്റൺ വരെ ഈ പ്രതിഭാസം നീണ്ടു. അഞ്ചു സംസ്ഥാനങ്ങളിലായി ഏകദേശം 4200 കിലോമീറ്ററിൽ, 96 മുതൽ 113 കിലോമീറ്റർ വരെ വിസ്താരത്തിൽ ഒന്നര മണിക്കൂറോളം സൂര്യൻ ചന്ദ്രന്റെ പിന്നിൽ ഒളിച്ചു.

ഇല്ലിനോയിലാണ് ഗ്രഹണം കൂടുതൽ നേരം പ്രകടമായത്. തെക്കൻ ഇല്ലിനോയിലെ ഷോണി നാഷനൽ ഫോറസ്റ്റ് രണ്ടു മിനിറ്റ് 44 സെക്കൻഡ് ഇരുട്ടിലായി. ഈ നൂറ്റാണ്ടിലെ അപൂർവ പ്രതിഭാസം വീക്ഷിക്കാൻ വിവിധ കേന്ദ്രങ്ങളിൽ സംവിധാനമൊരുക്കിയിരുന്നു. ഗ്രഹണം ദൃശ്യമല്ലാത്ത സ്ഥലങ്ങളിൽനിന്നും ധാരാളം പേർ ഈ മേഖലകളിലേക്ക് എത്തി. ഒട്ടേറെ ഗവേഷകരും സൂര്യഗ്രഹണക്കാഴ്ചകളുടെ ഭാഗമായി. 1979ലും യുഎസിൽ സമ്പൂർണ സൂര്യഗ്രഹണം ദൃശ്യമായെങ്കിലും ഇത്രത്തോളം പൂർണമായിരുന്നില്ല.