വിഡിയോയിലൂടെ ലോകത്തിനു മുന്നിൽ പരിഹാസ്യനായ ആ യുവാവും നായയും ഇപ്പോൾ ഇവിടെയുണ്ട്

ഹെയ്ൻസ് സാഞ്ചെസ് തെരുവ് നായയോ‌‌ടൊപ്പം

ഒരു പണിയുമില്ലാതെ കടത്തിണ്ണയിൽ കയറി കുറ്റിയടിച്ചിരുന്ന് മൊബൈലിൽ തോണ്ടിയാൽ ഇതല്ല ഇതിനപ്പുറവും സംഭവിക്കും. പറഞ്ഞു വരുന്നത് കഴിഞ്ഞമാസം സമൂഹമാധ്യമങ്ങൾ ആഘോഷിച്ച ഒരു വിഡിയോയെക്കുറിച്ചാണ്. ഇതിലെ പ്രധാന കഥാപാത്രം ഒരു നായയായിരുന്നു. ഇപ്പോൾ ഏതാണ് വിഡിയോയെന്ന് ഏകദേശ ധാരണ കിട്ടിയില്ലേ? 

ലോകത്തിന്റെ മുക്കിലും മൂലയിലുമുള്ള ജനങ്ങളെല്ലാം തന്നെ കണ്ട ദൃശ്യമായിരുന്നു അത്. വിജനമായ കടത്തിണ്ണയിൽ ഇരുന്നു മൊബൈലിൽ വ്യാപൃതനായ യുവാവിന്റെ പിന്നിൽ വന്നു മൂത്രമൊഴിച്ചിട്ടു പോയ ഒരു തെരുവുനായയും യുവാവുമായിരുന്നു വിഡിയോയിലെ താരങ്ങൾ. മൊബൈലിൽ വ്യാപൃതനായിരുന്ന യുവാവ് ചുറ്റും നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. സാധാരണ മയിൽക്കുറ്റിയും പോസ്റ്റുമൊക്കെ കണ്ടാൽ മൂത്രമൊഴിക്കുന്ന സ്വഭാവം നായകൾക്കുണ്ട്.  അനങ്ങാതിരുന്ന യുവാവിനെ തെറ്റിദ്ധരിച്ചാകാം നായ മൂത്രമൊഴിച്ചത്. എന്തായാലും മൂത്രത്തിന്റെ നനവറിഞ്ഞ യുവാവ് പെട്ടെന്നു തന്നെ ചാടിയെഴുന്നേറ്റ് നായയെ തൊഴിക്കാനൊരുങ്ങുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. സമീപത്തെ കടയുടെ മുന്നിൽ സ്ഥാപിച്ചിരുന്ന സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്. ഈ ദൃശ്യങ്ങൾ ആരോ പകര്‍ത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതോടെയാണ് സംഭവം ചർച്ചയായത്. 

ബ്രസീലിലെ റിയോ ഡി ജനീറോയിലാണ് രസകരമായ ഈ സംഭവം നടന്നത്. കോടിക്കണക്കിനു ജനങ്ങളാണ് ഈ ദൃശ്യങ്ങൾ കണ്ടത്. സാധാരണപോലെ ഈ ദൃശ്യങ്ങളിലെ യുവാവിന്റെ ചെയ്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളമാളുകൾ രംഗത്തെത്തി. നായ മൂത്രമൊഴിച്ചപ്പോൾ യുവാവ് തൊഴിച്ചതിനെക്കുറിച്ചാണ് കൂടുതലും വിമർശനം ഉയർന്നത്. എന്നാൽ ഈ യുവാവിനും തെരുവു നായയ്ക്കും പിന്നീടെന്തു സംഭവിച്ചു? ഇതറിഞ്ഞാൽ ആരുമൊന്നു ഞെട്ടും.

ഹെയ്ൻസ് സാഞ്ചെസ് എന്ന 27കാരയായിരുന്നു തന്റേതല്ലാത്ത കാരണത്താൽ വിഡിയോയിലൂടെ പരിഹാസ്യനായ ആ പാവം  യുവാവ്. ലോകത്തിന്റെ മുൻപിൽ പരിഹാസ്യനായ ആ യുവാവ് സാധാരണ എല്ലാവരും ചെയ്യുന്നതു പോലെ എങ്ങനെയെങ്കിലും ആ സംഭവത്തെ മറക്കാനല്ല ശ്രമിച്ചത്. മറിച്ച് ആ സംഭവം നടന്ന സ്ഥലത്തെത്തി കഥാനായകനായ തെരുവു നായയെ കണ്ടെത്താണ് ശ്രമിച്ചത്.

ആദ്യം അന്വേഷിച്ചത് നായയ്ക്ക് ഉടമസ്ഥനുണ്ടോയെന്നാണ്. ഉടമസ്ഥനില്ലെന്നും അവനൊരു തെരുവു നായയാണെന്നും മനസിലാക്കിയ സാഞ്ചെസ് കുറച്ചു സമയത്തെ അന്വേഷണത്തിനു ശേഷം നായയെ കണ്ടെത്തി. സാഞ്ചെസ് വിളിച്ചപ്പോൾ തന്നെ നായ വാലാട്ടിക്കൊണ്ട് ഓടിയരികിലെത്തി. കുറച്ചു സമയം രണ്ടുപേരും അവിടെയിരുന്നു കളിച്ചു. ഒപ്പം വീട്ടിൽ കൊണ്ടുപോയി നായയെ വളർത്താനും തീരുമാനിച്ചു. ലോകത്തിനു മുന്നിൽ തന്നെ പരിഹാസ്യനാക്കിയ നായയുമായിട്ടായിരുന്നു വീട്ടിലേക്കുള്ള മടക്കം. നായയ്ക്കും  സാഞ്ചെസിനൊപ്പം പോകാൻ മടിയുണ്ടായിരുന്നില്ല. സാഞ്ചെസ് വിളിച്ചപ്പോൾ തന്നെ നായയും ഒപ്പം കൂടി.

നായ പിന്നിൽ വന്നു മൂത്രമൊഴിച്ചപ്പോൾ തൊഴിച്ചത് പെട്ടെന്നുണ്ടായ പ്രകോപനത്താലാണെന്നും ആ ദേഷ്യം അപ്പോൾ തന്നെ മാറിയിരുന്നുവെന്നും സാഞ്ചെസ് പറഞ്ഞു. തൊട്ടടുത്ത നിമിഷം മുന്നിലെത്തിയ മറ്റൊരു നായയോട് നിന്റെ കൂട്ടുകാരൻ തന്ന പണികണ്ടോയെന്ന് ചോദിക്കുകയും ചെയ്തിരുന്നെന്നും സാഞ്ചെസ് വ്യക്തമാക്കി.

എന്തായാലും എൻസോ എന്നാണ് തന്റെ നായയ്ക്ക് സാഞ്ചെസ് നൽകിയിരിക്കുന്ന പേര്. തനിക്കൊരു കുട്ടിയുണ്ടായാൽ ഇടാൻ വച്ചിരുന്ന പേരാണ് സാഞ്ചെസ് സ്നേഹപൂർവം നായയ്ക്കു നൽകിയത്. സ്നേഹവും അനുസരണയും വിധേയത്വവുമുള്ള മികച്ച നായയാണ് എൻസോയെന്നാണ് സാഞ്ചെസിന്റെ അഭിപ്രായം. ഇപ്പോൾ സാഞ്ചെസ് എവിടെപ്പോയാലും എൻസോയും ഒപ്പമുണ്ടാകും.