Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മുതലകൾ നിറഞ്ഞ തടാകം; പക്ഷേ, നീന്താനും വെള്ളമെടുക്കാനും പേടിക്കേണ്ട!

crocodiles

ലോകത്തിലെ ഏറ്റവും അപകടകാരികളായ ജീവികളിൽ ഒന്നാണ് മുതലകള്‍. ഇവയില്‍ തന്നെ മുന്‍പന്തിയില്‍ നില്‍ക്കുന്നവയാണ് ആഫ്രിക്കയിലെ നൈല്‍ മുതലകള്‍. എന്നാല്‍ ആഫ്രിക്കയിലെ നൈല്‍ മുതലകള്‍ ആളുകൾക്ക് പേടി സ്വപ്നമാണെങ്കിലും മറ്റൊരിനം മുതലകൾ ആരാധനാ മൂര്‍ത്തിയാണ്. നൈല്‍ മുതലകളുമായി ജനിതക ബന്ധമുണ്ടെണ്ടെങ്കിലും ശാന്തരും സമാധാന പ്രിയരുമാണ് ഈ മുതലകള്‍. പശ്ചിമ ആഫ്രിക്കയില്‍ കാണപ്പെുടുന്ന ഇവ അറിയപ്പെടുന്നതും പശ്ചിമ ആഫ്രിക്കന്‍ മുതലകളെന്നാണ്. 

ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയിലെ ബസൂലെ എന്ന ഗ്രാമമാണ് മുതലകളുമായുള്ള സൗഹൃദത്തിനു പേരുകേട്ടത്. നൂറിലധികം മുതലകളുള്ള തടാകക്കരയിലെ ഗ്രാമമാണ് ബസൂലെ. എന്നാല്‍ ഇവിടെ താമസിക്കുന്നവര്‍ക്ക് മുതലകളെക്കൊണ്ടോ തിരിച്ചോ ഇതുവരെ യാതൊരു ഉപദ്രവവും ഉണ്ടായിട്ടില്ല. മുതലകളുള്ള കുളത്തില്‍ നീന്തുന്നതിന് കുട്ടികള്‍ക്കും വെള്ളമെടുക്കുന്നതിന് സ്ത്രീകള്‍ക്കും പേടിയില്ല. അതേസമയം മുതലകളുടെ സംരക്ഷണത്തിന് ആവശ്യമായതെല്ലാം ഗ്രാമവാസികള്‍ ചെയ്യാറുമുണ്ട്. കൂടാതെ ഇവയെ ആരാധിക്കുക കൂടി ചെയ്യുന്നവരാണ് ബസൂല നിവാസികള്‍.

crocodile

ക്രൊക്കഡിലിയ സുച്ചൂസ് എന്ന വംശാവലിയിലെ അംഗങ്ങളാണ് നൈല്‍ മുതലകളും ബസൂല ഗ്രാമത്തിലെ മുതലകളും. എന്നാല്‍ ഇതല്ലാതെ സ്വഭാവത്തില്‍ ഒരു സാമ്യതയും ഈ രണ്ട് മുതല വര്‍ഗ്ഗങ്ങളും തമ്മിലില്ല. മുതലകളുടെ ഈ സൗഹാര്‍ദ്ദ മനോഭാവം കാരണം നിരവധി പേര്‍ ഈ തടാകം സന്ദര്‍ശിക്കാനായും എത്തുന്നുണ്ട്. സന്ദര്‍ശകര്‍ അധികമായാല്‍ അത് മുതലകൾക്ക് ബുദ്ധിമുട്ടാകുമെന്നതിനാല്‍ സന്ദര്‍ശകരുട എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യുന്നവരാണ് ഈ ഗ്രാമവാസികള്‍.

സാധാരണ കാടുകളിലും വെള്ളം ധാരാളമുള്ള മേഖലകളിലുമാണ് മുതലകള്‍ കാണപ്പെടാറുള്ളത്. സഹാറ മരുഭൂമിയുടെ പ്രന്തപ്രദേശങ്ങളിലുള്ള വരണ്ട മേഖലയിലെ ചെറിയ ജലാശയങ്ങളിലാണ് പക്ഷെ ഈ മുതലകളെ കാണാറുള്ളത്. അതുകൊണ്ട് തന്നെ മരുഭൂമി മുതലകള്‍ എന്ന പേരും ഈ മുതലകള്‍ക്കുണ്ട്. പതിനായിരം വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഈ മുതലകളുടെ പൂര്‍വ്വികര്‍ വരണ്ട മേഖലയിലെ കാലാവസ്ഥയുമായി പൊരുത്തപ്പെട്ട് ഇവിടെ താമസമാക്കിയതാണെന്നാണ് ഗവേഷകര്‍ കരുതുന്നത്. 

ബസൂലയെ കൂടാതെ ബര്‍ക്കിന ഫാസോയിലെ തന്നെ പൂഗ എന്ന ഗ്രാമത്തിലെ ജനങ്ങളും മുതലകളെ ആരാധിക്കുന്നവരാണ്. ഈ രണ്ട് ഗ്രാമങ്ങള്‍ക്കു പുറത്തും സമാധാന പ്രിയരായ ഈ ഗണത്തില്‍ പെട്ട മുതലകളെ കാണാം.