Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉരുൾപൊട്ടൽ ഉണ്ടാകുന്നതെങ്ങനെ?; സൂക്ഷിക്കാം ഈ കാര്യങ്ങൾ

കനത്ത മഴ പെയ്യുമ്പോൾ സംഭരണശേഷിയിൽ കൂടുതൽ വെള്ളം മണ്ണിലേക്കിറങ്ങും. ഭൂഗർഭ ജലത്തിന്റെ അളവു കൂടുന്നതിനനുസരിച്ചു മണ്ണിനടിയിൽ മർദം വർധിക്കുന്നു. ഈ മർദത്തിന്റെ ഫലമായി വെള്ളം പുറത്തേക്കു ശക്‌തിയിൽ കുതിച്ചൊഴുകുന്നു. ഇതിനൊപ്പം ഇളകിയ മണ്ണും പാറകളും കടപുഴകിയ മരങ്ങളും ഒഴുകും. ഒഴുകുന്ന വഴികളിലെ വീടുകളും കൃഷിസ്‌ഥലങ്ങളും നശിക്കുന്നു.

ചെരിവുള്ള സ്ഥലങ്ങളിൽ ഉരുൾപൊട്ടലിനു സാധ്യത

ഏകദേശം 22 ഡിഗ്രിക്കു മുകളിൽ ചെരിവുള്ള മലമ്പ്രദേശങ്ങളിലാണ് ഉരുൾപൊട്ടലുണ്ടാവാൻ സാധ്യത കൂടുതൽ. മണ്ണിടിച്ചു നീക്കുന്നതും പാറകൾ പൊട്ടിച്ചെടുക്കുന്നതും ഉരുൾപൊട്ടലിനു കാരണമാകും.ഉരുൾപൊട്ടൽ സാധ്യതയുള്ള സ്‌ഥലങ്ങളുടെ ഭൂപടം ജിയോളജി വകുപ്പ് തയാറാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്‌ഥാനത്തിലാണ് അധികൃതർ കരുതൽ നടപടി സ്വീകരിക്കുക. 24 മണിക്കൂറിൽ കൂടുതൽ നിർത്താതെ തുടർച്ചയായി മഴ പെയ്യുകയാണെങ്കിൽ ഉരുൾപൊട്ടൽ സാധ്യത മുൻകൂട്ടി കാണണം.

മലയടിവാരത്തും മലമുകളിലും കുന്നിൻചെരിവുകളിലും താമസിക്കുന്നവർ കൂടുതൽ ജാഗ്രത പുലർത്തണം. രണ്ടു കിലോമീറ്റർ ചുറ്റളവിൽ എന്നെങ്കിലും ഉരുൾപൊട്ടൽ ഉണ്ടായ സ്‌ഥലമാണെങ്കിൽ പ്രത്യേകിച്ചും.ഇടുക്കി, കണ്ണൂർ ജില്ലകളിൽ ഭൂമി ഇടിഞ്ഞു താഴുന്ന സോയിൽ പൈപ്പിങ് എന്ന പ്രതിഭാസം കൂടുതലായി കണ്ടുവരുന്നുണ്ട്.

നീർച്ചാലുകൾ‌ വൃത്തിയാക്കണം

നീർച്ചാലുകൾ വൃത്തിയാക്കുകയാണ് ഉരുൾപൊട്ടൽ തടയാൻ പ്രധാന മാർഗം. മഴവെള്ളം പുറത്തേക്കൊഴുകാൻ കഴിയാതെ മണ്ണിൽനിന്നു ശക്‌തിയായി പുറന്തള്ളുമ്പോഴാണ് ഉരുൾപൊട്ടുന്നത്. മലയടിവാരത്തോടു ചേർന്നുള്ള ചെറിയ കൈത്തോടുകളും നീർച്ചാലുകളും ആഴം കൂട്ടി വൃത്തിയാക്കണം.

സഞ്ചാരികൾ സൂക്ഷിക്കുക

മഴക്കാലമാവുമ്പോൾ ഇടുക്കിയിൽ ഓരോ ദിവസവും ഓരോ പുതിയ വെള്ളച്ചാട്ടങ്ങളാണു സൃഷ്‌ടിക്കപ്പെടുന്നത്. മഴക്കാല ടൂറിസത്തിനെത്തുന്നവർ വെള്ളച്ചാട്ടങ്ങളെ ഒഴിവാക്കണം.