Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പെരിയാറിനു സമീപം കിണറുകൾ വറ്റുന്നു; ശുദ്ധജലക്ഷാമം രൂക്ഷം

പെരിയാർ തീരമായ ചേരാനല്ലൂർ ശുദ്ധജലക്ഷാമത്തിലേക്ക്. പെരിയാറിന് അഞ്ഞൂറു മീറ്റർ ചുറ്റളവിലുള്ള കിണറുകൾ വറ്റി. കൃഷിയിടങ്ങൾ വിണ്ടുകീറി. പെരുമ്പാവൂർ മേഖലയിൽ പ്രളയം ബാധിച്ച പ്രധാന സ്ഥലങ്ങളിലൊന്നാണ് ചേരാനല്ലൂർ. പെരിയാറിനു സമീപം ചിറയത്ത് സാജന്റെ വീട്ടിലെ കിണർ പൂർണമായി വറ്റി. സമീപ വീടുകളിലെ കിണറുകളിൽ വെള്ളം  താഴ്ന്നു കൊണ്ടിരിക്കുകയാണ്.

പെരിയാറിലെ ജലനിരപ്പ് താഴ്ന്നതോടെയാണ് കിണറുകളിലും വെള്ളം കുറഞ്ഞത്. പെരിയാറിനെ ആശ്രയിച്ചു പ്രവർത്തിക്കുന്ന ചേരാനല്ലൂർ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ കനാലിലൂടെ ഒഴുകുന്ന വെള്ളമാണ് കിണറുകളുടെ ഉറവ. പമ്പ് ഹൗസിന്റെ കിണറിലും കനാലുകളിലും ചെളി അടിഞ്ഞതിനാൽ പമ്പിങ് മുടങ്ങി.

ജനകീയ ഇടപെടലിലൂടെ ശുചീകരണം നടത്തിയെങ്കിലും പമ്പിങ് ആരംഭിക്കാൻ രണ്ടാഴ്ചയെങ്കിലുമെടുക്കും. ചേരാനല്ലൂർ, തോട്ടുവ, മങ്കുഴി, ഇടവൂർ, നടുത്തുരുത്ത്, നടുപ്പിള്ളിത്തോട്, ഓച്ചാംതുരുത്ത് മേഖലയിലെ രണ്ടായിരത്തഞ്ഞൂറോളം കുടുംബങ്ങൾ കൃഷിക്കും ശുദ്ധജലത്തിനും ഈ പദ്ധതിയെയാണ് ആശ്രയിക്കുന്നത്. പാടങ്ങൾ‌ വിണ്ടുകീറി നെൽകൃഷി ഉണങ്ങി. ഏറ്റവുമധികം വെള്ളം ആവശ്യമായ ജാതി കൃഷിയെ ജലക്ഷാമം ബാധിച്ചിട്ടുണ്ട്.

പെരിയാറിൽ മണൽ‌ത്തിട്ട

കടുത്ത വരൾച്ചയെ സൂചിപ്പിച്ച് കോടനാട് നെടുമ്പാറ ഭാഗത്ത് പെരിയാറിൽ മണൽത്തിട്ട രൂപപ്പെട്ടു. ജലവിതാനം കുറഞ്ഞതാണു കരയിൽ നിന്നു കുറച്ചു മാറി മണൽത്തിട്ട രൂപപ്പെടാൻ കാരണം. പാണംകുഴി ഭാഗത്തു നിർമിച്ച താൽക്കാലിക തടയണ വെള്ളപ്പൊക്കത്തിൽ തകരാത്തത് ആശ്വാസമാണ്. വേനലിൽ വെള്ളം തടഞ്ഞു നിർത്താൻ തടയണ സഹായിക്കും.