Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പക്ഷിപാതാളം; പക്ഷികളുടെ ശല്യം മൂലം പൊറുതിമുട്ടി ഒരു കുടുംബം

ദേശാടന പക്ഷികളുടെ ശല്യത്തിൽ പൊറുതിമുട്ടി ഒരു കുടുംബം. കല്ലറ മുണ്ടാർ പാറേൽ കോളനിക്കു സമീപം താമസിക്കുന്ന സ്നേഹാലയം ഇ.സുകുമാരനും കുടുംബവുമാണു   പക്ഷികളുടെ ശല്യംമൂലം വീടിനു വെളിയിൽ ഇറങ്ങാൻ കഴിയാതെ ബുദ്ധിമുട്ടുന്നത്.

നൂറുകണക്കിനു ദേശാടന പക്ഷികളാണു സുകുമാരന്റെ വീടിന്റെ മുറ്റത്തുള്ള മരങ്ങളിലും വീട്ടിലും വൈകിട്ട് ചേക്കേറുന്നത്. ദേശാടന പക്ഷികൾക്കു പുറമെ മുണ്ടി, നീർക്കാക്ക, എരണ്ട, ചേരക്കോഴി, കൊക്ക് പക്ഷികളുമുണ്ട്. നേരം ഇരുട്ടി തുടങ്ങുന്നതോടെ പക്ഷികൾ കൂട്ടത്തോടെ വീടിനു പരിസരത്തു ചേക്കേറാനെത്തും. പക്ഷികളുടെ ബഹളവും കരച്ചിലുംമൂലം വീട്ടിൽ ഇരിക്കാനാവില്ല.

പുലരുമ്പോൾ വീടിനകത്തും തിണ്ണയിലും മറ്റും പക്ഷികളുടെ കാഷ്ടവും തീറ്റയുടെ അവശിഷ്ടവും  തൂവലുംകൊണ്ടു നിറയും.

മണിക്കൂറുകൾ എടുത്താലേ വീടും പരിസരവും വ‍ൃത്തിയാക്കാൻ കഴിയൂ.  കൂടാതെ മരത്തിൽ നിരവധി കൂടുകളുമുണ്ട്. കൂട്ടിൽനിന്നു കുഞ്ഞുങ്ങൾ താഴെവീണു കിടക്കും.

പക്ഷികളുടെ ശല്യംമൂലം സമീപവാസികളിൽ ചിലർ വീടുപേക്ഷിച്ചു പോയതായി സുകുമാരൻ പറയുന്നു. പക്ഷികൾ കൂട്ടത്തോടെ വന്നിരുന്നു മുറ്റത്തെ മരങ്ങളുടെ ചില്ലകൾ ഒടിഞ്ഞ് ഉണങ്ങിത്തുടങ്ങി. പ്രളയത്തിൽ വീട് വെള്ളത്തിൽ മുങ്ങിയതോടെ ദുരിതാശ്വാസ ക്യാംപിലേക്ക് പോയ കുടുംബം തിരികെ എത്തിയപ്പോൾ വീട് ദേശാടന പക്ഷികൾ താവളമാക്കി മാറ്റിയിരുന്നു.സുകുമാരനും പരിസരവാസികൾക്കും പക്ഷികൾ ഉണ്ടാക്കുന്ന ഉപദ്രവം ചെറുതല്ലെങ്കിലും പക്ഷികളെ ഉപദ്രവിക്കാനോ ഓടിച്ചുവിടാനോ കുടുംബം തയാറല്ല.