Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ശരീരത്തിൽ വിഷം നിറച്ച് ഉറുമ്പു ലോകത്തെ ചാവേറുകൾ

exploding-ants-01 ചിത്രത്തിന് കടപ്പാട്: യുട്യൂബ്

ശരീരത്തിലാകെ വിഷം നിറച്ച് ശത്രുക്കളെ കാത്തിരിക്കുന്ന ഒരു കൂട്ടരുണ്ട്. പറഞ്ഞുവരുന്നത് തീവ്രവാദികളെ പറ്റിയല്ല, ഉറുമ്പ് ലോകത്തെ ചാവേറുകളെ കുറിച്ചാണ്. മലേഷ്യയിലെ ബോർണിയോ കാട്ടിലാണ് സ്വയം പൊട്ടിത്തെറിച്ച് ശത്രുക്കളെ വകവരുത്തുന്ന ഇക്കൂട്ടർ ഉള്ളത്. കൊളോബോപ്സിസ് എക്സ്പ്ലോഡൻസ് (Colobopsis explodens)  എന്നാണ് ശാസ്ത്രലോകം  ഇവർക്കിട്ടിരിക്കുന്ന പേര്.  

കാഴ്ചയിൽ സാധാരണ ഉറുമ്പുകളുടെ അത്രതന്നെ വലിപ്പമേ ഇവർക്കും ഉള്ളൂ. ചുവന്ന നിറമുള്ള ഇവയെ മരങ്ങളിലാണ് ഏറെ കാണപ്പെടുന്നത്.  ശത്രുക്കൾ ആക്രമിക്കാൻ എത്തിയാൽ ശരീരപേശികൾ സ്വയം സങ്കോചിപ്പിച്ച് വിഷദ്രാവകം ഉത്പാദിപ്പിക്കാൻ ഇവർക്ക് സാധിക്കും.

സ്വയം പൊട്ടിത്തെറിക്കുന്നതോടെ ഈ വിഷദ്രാവകം ഏറ്റ ശത്രുക്കൾ മരണപ്പെടുകയോ പിന്തിരിയുകയോ ചെയ്യും. എന്നാൽ ഈ വർഗ്ഗത്തിൽ പെട്ട എല്ലാ ഉറുമ്പുകൾക്കും സ്വയം പൊട്ടിത്തെറിക്കാൻ സാധിക്കില്ല. ഉറുമ്പ് കോളനിയിൽ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പടയാളികൾ മാത്രമാണ് ഇത്തരത്തിൽ ജീവൻ കളഞ്ഞ് മറ്റുള്ളവരെ സംരക്ഷിക്കുന്നത്.

സൂ കീസ്‌ എന്ന ജേർണലിൽ ആണ്  കൊളോബോപ്സിസ് എക്സ്പ്ലോഡൻസിനെപ്പറ്റിയുള്ള പഠന വിവരങ്ങൾ പ്രസിദ്ധീകരിച്ചത്. വിയന്നയിലെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിലെ വിദഗ്ധരാണ് ഈ പ്രത്യേക വിഭാഗത്തിൽപ്പെട്ട ഉറുമ്പുകളെ പറ്റിയുള്ള പഠനം നടത്തിയത്.