Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടാനക്കൂട്ടത്തിന്റെ പിടിയിൽ നെല്ലിയാമ്പതി റോഡ്

വിനോദസഞ്ചാരികളുടെ തിരക്കു കുറഞ്ഞതോടെ പോത്തുണ്ടി–നെല്ലിയാമ്പതി റോഡ് കാട്ടാനക്കൂട്ടം കയ്യടക്കുകയാണ്. ശക്തമായ മഴയിലും ഉരുൾപൊട്ടലിലും റോഡും പാലവുമെല്ലാം തകർന്നതോടെ വലിയ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചതാണു തിരക്കുകുറയാൻ ഇടയാക്കിയത്.

കഴിഞ്ഞദിവസം നാടുകാണി അയ്യപ്പൻതിട്ടിൽ രണ്ടു കുട്ടിയാനകളുമായി പ്രത്യക്ഷപ്പെട്ട നാലംഗ കാട്ടാനക്കൂട്ടം പാതയിൽ നിലയുറപ്പിച്ചു.ഏറെ സമയം പാതയിൽ ചെലവഴിച്ചപ്പോൾ ഇരുഭാഗത്തുനിന്നുമെത്തിയ വാഹനങ്ങൾ കുടുങ്ങി. ഇ‌ടയ്ക്കിടെ പ്രത്യക്ഷപ്പെടാറുള്ള ഈ കാട്ടാനക്കൂട്ടം തമ്പുരാൻകാടു വഴി വ്യൂപോയിന്റിലും എത്തുന്നതു പതിവാണത്രെ. ആരെയും ഉപദ്രവിച്ചില്ലെങ്കിലും ചില കാട്ടാനകൾ ആക്രമണകാരികളുമായിട്ടുണ്ട്.

വളവിലും മറവിലും നിൽക്കാറുള്ള കാട്ടാനകളുടെ മുന്നിൽ അബദ്ധത്തിൽപെടുന്ന വാഹനങ്ങൾക്കുനേരെ ഇവ പലതവണ ആക്രമണം നടത്തിയ സംഭവമുണ്ടായിട്ടുണ്ട്.നെല്ലിയാമ്പതി റോഡിൽ 5 ബസുകൾ സർവീസ് നടത്തിയ സ്ഥലത്ത് ഇന്ന് ഒന്നുമാത്രമേ ഓടുന്നുള്ളൂ.വിനോദ സ‍ഞ്ചാരികളുമായി എത്തുന്ന ചെറിയ വാഹനങ്ങൾക്കു മാത്രമേ നെല്ലിയാമ്പതിയിലേക്കു പ്രവേശനമുള്ളൂ.