പാതി ഭക്ഷിച്ച നിലയിൽ വിനോദസഞ്ചാരിയുടെ മൃതദേഹം കടുവ സങ്കേതത്തിൽ

Representative Image

കാണാതായ വിനോദ സഞ്ചാരിയുടെ മൃതദേഹം പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തി. ഉത്തരാഖണ്ഡിലെ രാജാജി കടുവ സങ്കേതത്തിലാണ് ദാരുണമായ സംഭവം നടന്നത്. പുലിയുടെ ആക്രമണമാണ് മരണകാരണമെന്നാണ് നിഗമനം. മോൺടിചുർ വനാതിർത്തിക്കു സമീപമുള്ള അമ്പലത്തിനു പിന്നിലുള്ള വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്.

ഹരിയാനയിലെ പൽവാൽ ജില്ലയിൽ നിന്നും വിനോദസഞ്ചാരത്തിനെത്തിയ 56 കാരനായ ടെക് ചന്ദിന്റേതാണ് മൃതദേഹമെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. മുതിർന്ന സഹോദരനും കുടുംബത്തോടുമൊപ്പം  കഴിഞ്ഞ ദിവസം നീൽകണ്ഡിലെത്തിയതായിരുന്നു ടെക് ചന്ദ്.മടക്കയാത്രയിൽ സത്യനാരായൺ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തിലേക്കു പോയ ഇദ്ദേഹത്തെ വൈകുന്നേരം നാലുമണിയോടെ കാണാതാവുകയായിരുന്നു.

ഇദ്ദേഹം തിരിച്ചെത്താൻ വൈകിയതോടെ പരിഭ്രാന്തരായ ബന്ധുക്കൾ ഉടൻതന്നെ വിവരം സമീപത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. തിരിച്ചിലിനൊടുവിൽ രാത്രി പത്തരയോടെ ക്ഷേത്രത്തിനു പിന്നിലുള്ള വനത്തിൽ നിന്നും പാതി ഭക്ഷിച്ച നിലയിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സമാനമായ സംഭവം മുൻപും ഈ പ്രദേശത്ത് നടന്നിട്ടുണ്ട്. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന പതിനേഴാമത്തെ ഇരയാണ് ടെക് ചന്ദ്. പ്രദേശത്ത് പലയിടത്തും മുന്നറിയിപ്പ് ബോർഡുകൾ വച്ചിട്ടുണ്ടെങ്കിലും സഞ്ചാരികൾ ഇത് അവഗണിക്കുകയാണ് പതിവ്. മുന്നറിയിപ്പുകൾ അവഗണിച്ച് വനത്തിനുള്ളിലേക്ക് കടക്കുന്നവരാണ് കൂടുതലും വന്യമൃഗങ്ങളുടെ ആക്രമണത്തിന് ഇരയാകുന്നതെന്നും വനംവകുപ്പ് അധികൃതർ വ്യക്തമാക്കി. ടെക്ചന്ദിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സമീപത്തുള്ള ആശുപത്രിയിലേക്ക് മാറ്റി.