Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

രാജ്യത്തെ വനങ്ങളില്‍ ഈ വര്‍ഷം ജീവൻ നഷ്ടപ്പെട്ടത് 49 കടുവകൾക്ക്

Tiger

2014 മുതല്‍ രാജ്യത്തെ കടുവകള്‍ക്കിടയില്‍ കണ്ടുവന്നിരുന്ന വ്യാപകമായ മരണ നിരക്ക് 2018ല്‍ കുറഞ്ഞു. 2014ല്‍ 81, 2015ല്‍ 97, 2016ല്‍ 122, 2017ല്‍ 117 എന്നിങ്ങനെയായിരുന്നു മുന്‍വര്‍ഷങ്ങളിലെ കടുവകളുടെ മരണനിരക്ക്. ഇവയില്‍ നിന്നെല്ലാം കടുവകളുടെ മരണനിരക്ക് കുത്തനെ ഇടിഞ്ഞ് 49ല്‍ എത്തിയത് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് സന്തോഷം നല്‍കുന്ന വാര്‍ത്തയാണ്. സംസ്ഥാനങ്ങളിലെ വനം വകുപ്പുകള്‍ തയാറാക്കിയ കണക്കുകളനുസരിച്ചാണ് കടുവകളുടെ മരണസംഖ്യാ നിരക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം തിട്ടപ്പെടുത്തിയത്.

മുന്‍വര്‍ഷങ്ങളിലെ പോലെ മധ്യപ്രദേശ് തന്നെയാണ് കടുവകളുടെ മരണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്. 13 കടുവകളാണ് ഈ വര്‍ഷം മധ്യപ്രദേശില്‍ ജിവൻ വെടിഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇത് 28 ആയിരുന്നു. കര്‍ണാടകയാണ് കടുവകളുടെ മരണത്തില്‍ രണ്ടാം സ്ഥാനത്ത് .10 കടുവകളാണ് കര്‍ണാടകയില്‍ കൊല്ലപ്പെട്ടത്. 2014ലെ ടൈഗര്‍ സെന്‍സസ് അനുസരിച്ച് രാജ്യത്തെ കടുവകളുടെ എണ്ണം 2226 ആയിരുന്നു. ഈ വര്‍ഷം നടത്തിയ ടൈഗര്‍ സെന്‍സസ് പൂര്‍ത്തിയായെങ്കിലും ജനുവരിയിലെ കണക്കുകള്‍ പുറത്തു വരികയുള്ളൂ. നാലു വര്‍ഷത്തിലൊരിക്കലാണ് കടുവകളുടെ കണക്കെടുപ്പു നടത്തുന്നത്.

കൊല്ലപ്പെട്ട ആനകളുടെ എണ്ണത്തില്‍ വർധനവ്

മനുഷ്യരുടെ ഇടപെടല്‍ മൂലം മരിച്ച ആനകളുടെ എണ്ണത്തിലാണ് ഈ വര്‍ഷം നേരിയ വർധനവു രേഖപ്പെടുത്തിയത്. 2016 - 2017 കാലഘട്ടത്തില്‍ കൊല്ലപ്പെട്ടത് 44 ആനകളാണെങ്കില്‍ 2017 - 2018 കാലത്ത് ഇത് 51 ആയാണ് ഉയര്‍ന്നത്. ഇവയില്‍ 13 എണ്ണം ട്രെയിന്‍ തട്ടിയും, 35 എണ്ണം ഷോക്കേറ്റുമാണ് കൊല്ലപ്പെട്ടത്. 3 ആനകള്‍ വേട്ടക്കാര്‍ക്ക് ഇരയായി. 2012 മുതല്‍ തുടര്‍ച്ചയായി കുറവു രേഖപ്പെടുത്തിയ ശേഷം ഇതാദ്യമായാണ് രാജ്യത്ത് കൊല്ലപ്പെട്ട ആനകളുടെ എണ്ണത്തില്‍ വർധനവുണ്ടാകുന്നത്.

അതേസമയം ഈ വര്‍ഷം രാജ്യത്ത് വേട്ടയാടപ്പെട്ട പുള്ളിപ്പുലികളുടെ എണ്ണം 66 ആണ്. 2015 മുതല്‍ 2017 വരെ വേട്ടയാടപ്പെട്ടതും കൊല്ലപ്പെട്ടതുമായ പുലികള്‍ 194 ആണ്. അതിനാല്‍ തന്നെ പുള്ളിപ്പുലിവേട്ടയുടെ ശതമാനക്കണക്കനുസരിച്ച് ഈ വര്‍ഷവും കുറവുണ്ടായിട്ടില്ല. അതേസമയം വേട്ടയ്ക്കു പുറമെ മനുഷ്യരുമായുള്ള മറ്റ് സംഘര്‍ഷങ്ങള്‍ക്കിടയിലും കെണിയില്‍ പെട്ടും ഈ വര്‍ഷം കൊല്ലപ്പെട്ട പുള്ളിപ്പുലികളുടെ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇങ്ങനെ കൊല്ലപ്പെട്ട പുള്ളിപ്പുലികളുടെ എണ്ണം എല്ലാ വര്‍ഷവും 150 നു മുകളിലാണ്.