Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒടുവിൽ അമ്മ വേഴാമ്പൽ തനിച്ചായി; കുഞ്ഞും ആ അമ്മയ്ക്ക് നഷ്ടമായി

Horn-Bill വേഴാമ്പൽ കുഞ്ഞ് കഴിഞ്ഞദിവസം വനംവകുപ്പ് അധികൃതർ വച്ചുനീട്ടിയ പഴം തിന്നുന്നു.

ചുണ്ടിൽ കുഞ്ഞിനും അമ്മയ്ക്കുമുള്ള പഴങ്ങളുമായി പോകുന്നതിനിടെ വാഹനമിടിച്ചു ചത്തുപോയ ആൺ വേഴാമ്പലിന്റെ കൂട്ടിലേക്ക് ഒരു വലിയ സങ്കടം കൂടി പറന്നിറങ്ങുന്നു. ആൺ വേഴാമ്പൽ ചത്തു പോയെങ്കിലും  വനംവകുപ്പ് ജീവനക്കാർ കൂട്ടിൽ കാത്തുപരിപാലിച്ച വേഴാമ്പൽകുഞ്ഞ് ഒടുവിൽ ജീവൻവെടിഞ്ഞു.

വെള്ളിയാഴ്ച രാവിലെ തീറ്റകൊടുക്കാനായി മരത്തിൽ കയറിയപ്പോഴാണ് വേഴാമ്പൽകുഞ്ഞ് ചത്തതായി കണ്ടെത്തിയത്. പക്ഷേ അമ്മ വേഴാമ്പലിനെയെങ്കിലും ഭക്ഷണം നൽകി രക്ഷപെടുത്താനായതിന്റെ ആത്മസംതൃപ്തിയിലാണു പരിസ്ഥിതി സ്നേഹികളും വനംവകുപ്പ് ജീവനക്കാരും.

രണ്ടാഴ്ച മുൻപാണ് റോഡരികിൽ ചത്തുകിടക്കുന്ന നിലയിൽ കിടന്ന ആൺ വേഴാമ്പലിന്റെ കൊക്കിനുള്ളിൽ പഴങ്ങൾ കണ്ടെത്തിയത്. പെൺവേഴാമ്പൽ മുട്ടയിട്ട് അടയിരിക്കാൻ തുടങ്ങിയാൽ കൂടിന്റെ കവാടം മണ്ണുകൊണ്ട് അടയ്ക്കും. ഈ സമയത്ത് ഭക്ഷണം തേടിക്കൊണ്ടുവരുന്ന ആൺ വേഴാമ്പൽ കവാടത്തിലെ ചെറിയ ദ്വാരത്തിലൂടെ കൊക്കുനീട്ടി ഉള്ളിലേക്കു കായ്കനികൾ കൊടുക്കുകയാണു ചെയ്യുക. ഇതിനായി പഴങ്ങൾ കൊണ്ടുപോകുന്ന വഴിയിലാവും വാഹനമിടിച്ചു ചത്തുപോയതെന്ന നിഗമനത്തിൽ പരിസ്ഥിതി പ്രവർത്തകൻ ബൈജുവും വനംവകുപ്പു ജീവനക്കാരും നടത്തിയ തിരച്ചിലിലാണ് ഈ വേഴാമ്പലിന്റെ കൂടു കണ്ടെത്തിയത്. 

അന്നുമുതൽ മരത്തിൽ ഏണി വച്ചുകെട്ടി വനംവകുപ്പു ജീവനക്കാർ കായ്കനികൾ നൽകുകയായിരുന്നു. കൂടിനു പുറത്തേക്കു കൊക്കുനീട്ടി അമ്മ വേഴാമ്പൽ പഴം തിന്നുമായിരുന്നു. നാലുദിവസം മുൻപ് കൂടുപൊളിച്ച് അമ്മ വേഴാമ്പൽ പറന്നു പോയി. പിന്നാലെ പുറത്തേക്കു കൊക്കുനീട്ടി കുഞ്ഞുവേഴാമ്പലും  കായ്കനികൾ തിന്നു തുടങ്ങിയിരുന്നു.

പ്രകൃതി, സഹജീവി സ്നേഹത്തിന്റെ വലിയ മാതൃകയായി ചൂണ്ടിക്കാണിക്കപ്പെട്ട ഈ പ്രവർത്തിയിലൂടെ അമ്മ വേഴാമ്പലിന്റെ ജീവൻ രക്ഷിക്കാനായെങ്കിലും കുഞ്ഞുവേഴാമ്പൽ  ചത്തതിന്റെ സങ്കടം മാറുന്നില്ല വനം വകുപ്പ് ജീവനക്കാർക്കും പരിസ്ഥിതി സ്നേഹികൾക്കും.