Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാട്ടനയ്ക്കൊപ്പം നദിയിൽ നീന്തണമെന്ന് ശാഠ്യം പിടിച്ചു; യുവാവിന് സംഭവിച്ചത്

elephant-tramples

വന്യമൃഗങ്ങളോട് ഇടപഴകുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കണമെന്ന് നമുക്ക് മുന്നിലേക്കെത്തുന്ന പല വാര്‍ത്തകളും ദൃശ്യങ്ങളും നമ്മെ ദിവസേനയെന്നവണ്ണം ഓർമ്മിപ്പിക്കുന്നുണ്ട്. എങ്കിലും അവസരം കിട്ടിയാല്‍ മൃഗങ്ങള്‍ക്ക് മുന്നില്‍ തങ്ങളുടെ ധീരത പ്രകടിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ ഇപ്പോഴും ധാരാളമുണ്ട്. ഇവരില്‍ പലരുമാണ് ശേഷിക്കുന്നവര്‍ക്കുള്ള പാഠപുസ്തകമായി ജീവനോടെയോ അല്ലാതെയോ അടുത്ത ദിവസം വാര്‍ത്തയായെത്തുന്നത്.ജാര്‍ഖണ്ഡില്‍ കാട്ടാനകള്‍ക്കൊപ്പം കുളിക്കാന്‍ ഇറങ്ങിയ യുവാവാണ് സ്വന്തം ജീവൻ‍ നഷ്ടപ്പെടുത്തിക്കൊണ്ട് വാർത്തയായി നമുക്കു മുൻപിലെത്തിയത്.

ജാര്‍ഖണ്ഡിലെ സറായ്ഖാലി കെയ്സ്വാന്‍ എന്ന പ്രദേശത്ത് നദിയില്‍ കാട്ടാനകള്‍ വെള്ളം കുടിക്കാനെത്തിയപ്പോഴാണ് യുവാവ് ഇവയുടെ സമീപത്തായി വെള്ളത്തിലിറങ്ങിയത്. കാട്ടാനക്കൂട്ടവും വെള്ളത്തിലേക്ക് ഇറങ്ങിയതോടെ കൂടെയുണ്ടാരുന്ന കൂട്ടുകാരൊക്കെ കരയ്ക്ക് കയറി. എന്നാല്‍ യുവാവ് ആനകള്‍ക്കൊപ്പം നീന്തുമെന്ന് ശാഠ്യം പിടിക്കുകയായിരുന്നു. ആദ്യമൊന്നും കുഴപ്പമുണ്ടായിരുന്നില്ല എങ്കിലും അല്‍പ്പം കഴിഞ്ഞതോടെ ആനക്കൂട്ടം അസ്വസ്ഥത പ്രകടിപ്പിച്ച് തുടങ്ങി. കൂട്ടത്തിലൊരു ആന യുവാവിന്റെ നേരെ വരുകയും ചെയ്തു.

ഇതോടെ യുവാവ് ഭയന്ന് വെള്ളത്തില്‍ നിന്ന് നീന്തിക്കയറാന്‍ ശ്രമിച്ചു. എന്നാല്‍ ആന വിട്ടില്ല. ആന ഇയാളുടെ പുറകെ നീന്തി. ആനയ്ക്ക് മുന്‍പേ കരയില്‍ എത്താനായെങ്കിലും വെള്ളത്തില്‍ നിന്ന് കയറാനുള്ള ധൃതിക്കിടയില്‍ ഇയാളുടെ കാല്‍ ഉളുക്കി. ഇതോടെ വേഗത്തില്‍ ഓടാനോ നടക്കാനോ പറ്റാത്ത അവസ്ഥയിലായി യുവാവ്. എന്നാല്‍ സുഹൃത്തുക്കള്‍ ഇയാളെ തൂക്കി എടുത്ത് ഓടി. എന്നാല്‍ ആന അപ്പോഴും പിന്തുടരുന്നത് അവസാനിപ്പിച്ചിരുന്നില്ല. ആനയുടെ വേഗയ്ക്ക് മുന്നില്‍ കൂട്ടുകാര്‍ക്കും യുവാവിനും പിടിച്ച് നില്‍ക്കാനായില്ല. ഇതിനിടെ യുവാവ് വീണ്ടും കാലിടറി വീണതോടെ ആനയ്ക്ക് മുന്നില്‍ പെട്ടു പോവുകയായിരുന്നു.

യുവാവിനെ ചവിട്ടിയും കുത്തിയും ആണ് ആന കൊലപ്പെടുത്തിയതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കൂട്ടുകാര്‍ക്കൊപ്പം തന്നെ പുഴയില്‍ നിന്ന് കയറിയിരുന്നുവെങ്കില്‍ യുവാവിന് ഈ ദുര്‍ഗതി വരില്ലായിരുന്നു എന്നും ഇവര്‍ പറയുന്നു.