Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒരു മൃഗരാജന്റെ ദയനീയമായ അന്ത്യ നിമിഷങ്ങൾ

lion's final days The elderly lion, known as Skybed Scar, was pictured thin and gaunt .Image Credit: Caters News Agency

സ്കൈബെഡ് സ്കാര്‍ എന്ന സിംഹം ഒരിക്കൽ ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കിലെ രാജാവായിരുന്നു. കാഴ്ചയിലെ ഗാംഭീര്യവും നോട്ടത്തിലെ തീക്ഷ്ണതയും സിംഹങ്ങള്‍ ഉള്‍പ്പടെ മറ്റു മൃഗങ്ങള്‍ക്കുള്ള ഭയവും ഉൾപ്പെടെ കഥകളില്‍ നാം കേട്ട് പരിചയിച്ച സിംഹരാജാവിന്റെ ജീവനുള്ള രൂപമായിരുന്നു ഒരുകാലത്ത് സ്കൈബെഡ് സ്കാര്‍. പക്ഷേ ഈ പഴയ മൃഗരാജാവിന്റെ അന്ത്യനിമിഷങ്ങളിലെ ചിത്രങ്ങള്‍ കാഴ്ചക്കാരുടെ ഹൃദയം തകര്‍ക്കുന്നവയാണ്. എല്ലും തോലും മാത്രം ശരീരത്തില്‍ ബാക്കിയായ സ്കൈബഡ് സ്കാര്‍ മരണത്തിലേക്ക് തളര്‍ന്നു വീഴുന്നത് ഈ ചിത്രങ്ങളില്‍ കാണാം.

സ്കൈബെഡ് സ്കാറിന്റെ മാത്രമല്ല ഒരിക്കല്‍ കാട് അടക്കി ഭരിച്ചിരുന്ന ഒട്ടുമിക്ക മൃഗരാജാക്കന്‍മാരുടെയും അവസ്ഥ ഇങ്ങനെയാണ്. ആരോഗ്യമുള്ളടത്തോളം കാലം താന്‍ നേതൃത്വം കൊടുത്ത തന്റെ കൂട്ടം തന്നെ ആണ്‍ സിംഹത്തെ ചവിട്ടി പുറത്താക്കും. മിക്കവാറും യുവാവും കരുത്തനുമായി ഒരു ആണ്‍ സിംഹത്തോടു തോറ്റാകും മുന്‍രാജാവിന്റെ പടിയിറക്കം. ഈ തോല്‍വിയോടെ ആണ്‍സിംഹത്തിന്റെ കൂട്ടത്തിലെ അംഗങ്ങളായ പെണ്‍സിംഹങ്ങള്‍ പുതിയ ജേതാവിനൊപ്പം കൂടും. 

lion's final days The lion had been kicked out of his pride and grown thin. Image Credit: Caters News Agency

ഇതോടെയാണ് ആണ്‍സിംഹം തന്റെ ദയനീയമായ അന്ത്യനാളുകളിലേക്ക് കടക്കുക. ഒറ്റയ്ക്ക് വേട്ടയാടുക എന്നത് ഒരു സിംഹത്തിന്റെ ആരോഗ്യം നശിച്ച അവസ്ഥയില്‍ സാധ്യമല്ല. മാത്രമല്ല ഒരു സിംഹക്കൂട്ടത്തെ നയിക്കുന്ന ആണ്‍സിംഹത്തിനാകട്ടെ പെണ്‍സിംഹങ്ങള്‍ കൊണ്ടുംവരുന്ന ഭക്ഷണം തിന്നായിരിക്കും മിക്കവാറും ശീലം. ഭക്ഷണം ലഭിക്കാതെ അവശനാകുന്നതോടെ സിംഹം മെലിയാന്‍ തുടങ്ങും. ആരോഗ്യം നഷ്ടപ്പെട്ടതോടെ തന്നെ ഒരിക്കല്‍ ഭയപ്പെട്ടിരുന്ന ആന മുതല്‍ കഴുത്തപ്പുലിയും സീബ്രയും ഉള്‍പ്പടെയുള്ള മൃഗങ്ങളെ വരെ പേടിക്കേണ്ട അവസ്ഥയിലാകും വയസ്സന്‍ സിംഹം.

lion's final days Image Credit: Caters News Agency

ഇങ്ങനെ ഈ ജീവികളുടെ ആക്രമണത്തിലേറ്റ പരിക്കുകളെല്ലാം സ്കൈബെഡ് സ്കാറിന്റെ ശരീരത്തിലും കാണാമായിരുന്നു. ഫൊട്ടോഗ്രഫറായ ലാറി ആന്റണിയാണ് സ്കൈബെഡ് സ്കാറിന്റെ അവസാന നിമിഷങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയത്. സിംഹത്തിന്റെ ദയനീയത സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ഈ അനുഭവത്തെക്കുറിച്ച് ലാറി ആന്റണി പറയുന്നത്. 

ആണ്‍സിംഹങ്ങളുടെ ദയനീയമായ അന്ത്യത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് നേരില്‍ കാണുന്നതെന്നും 64 കാരനായ അന്റണി പറഞ്ഞു.