Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കലിതുള്ളി നിറഞ്ഞാടുന്ന കാലവർഷം; ഭീതിയോടെ കേരളം!

കാലവർഷം ഒരർ‌ഥത്തിൽ ദുരിതങ്ങളുടെ പെരുമഴക്കാലം കൂടിയാണ്. മഴക്കാലം സമ്മാനിക്കുന്ന ദുരിതങ്ങളില്‍ കേരളം വലയുമ്പോൾ മഴപ്പെയ്ത്തിൽ ശ്രദ്ധിക്കേണ്ട രണ്ടു പ്രധാന വിഷയങ്ങളിലേക്കു കണ്ണോടിക്കാം. ഉരുൾപൊട്ടലും വെളളക്കെട്ടും – ഇത്രയേയുള്ളോ എന്നു പറഞ്ഞ് തള്ളിക്കളയാൻ തോന്നുമെങ്കിലും മഴ ശക്തിപ്രാപിക്കുമ്പോൾ ഏറെ ശ്രദ്ധിക്കേണ്ട വിഷയങ്ങളാണിവ. മഴ കലിതുളളുമ്പോൾ അൽപം ശ്രദ്ധിച്ചാൽ രക്ഷിക്കാനാകുക വിലപ്പെട്ട ജീവനുകളാണ്.

പൊട്ടിവരുന്നു ഉരുൾ

Ilappallil Urul Pottal

ഭൂമിയുടെ അടിത്തട്ടിലെ കല്ലും മണ്ണുമെല്ലാം മഴവെള്ളത്തോടൊപ്പം ഒലിച്ചിറങ്ങുന്ന ഈ പ്രതിഭാസമാണ് ചെറിയ വാചകങ്ങളിൽ പറഞ്ഞാൽ ഉരുൾപ്പൊട്ടൽ. വാക്കിൽ ചെറുതെങ്കിലും ഏറ്റവും വിനാശകരമായ പ്രകൃതിദുരന്തങ്ങളിൽ ഒന്നാണിത്. മലയോര മേഖലകളാണ് ഉരുൾപൊട്ടലുണ്ടാകാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള ഇടങ്ങൾ. കേരളത്തെ സംബന്ധിച്ചിടത്തോളം ഇടുക്കിയാണ് സാധ്യതാപട്ടികയിൽ മുന്നിൽ. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ മലയോര പ്രദേശങ്ങളിൽ നിന്ന് ഉരുൾപൊട്ടലും ഇതുമായി ബന്ധപ്പെട്ട നാശങ്ങളും പലതവണയായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കല്ലുകളും മണ്ണും ചേർന്ന മിശ്രിതമാണ് കേരളത്തിൽ ഉരുൾപൊട്ടലിൽ ഒലിച്ചിറങ്ങുന്നത്. മലകളുടെ സാന്നിധ്യമില്ലാത്ത ആലപ്പുഴയാണ് സംസ്ഥാനത്ത് ഉരുള്‍പൊട്ടാൻ തീരെ സാധ്യതയില്ലാത്ത ജില്ല.

കാരണങ്ങൾ

Land Slide

പ്രകൃതിയുടെ സ്വാഭാവിക അവസ്ഥക്കു മേൽനടത്തുന്ന കടന്നുകയറ്റങ്ങളാണ് ഉരുൾപൊട്ടലിന് കാരണമായി പറയപ്പെടുന്നത്. തുടർച്ചയായി ഉണ്ടാകുന്ന അതിശക്തമായ മഴ ഉരുൾപൊട്ടലിലേക്ക് നയിക്കും. മലയോര മേഖലകളിലെ അശാസ്ത്രീയമായ നിർമാണ പ്രവർത്തനങ്ങൾ മുതൽ അനാവശ്യമായി മരം വെട്ടി മാറ്റുന്നതു വരെ ആ പട്ടിക നീളുന്നു. മരങ്ങളുടെയും ഇടക്കാടുകളുടെയും സാന്നിധ്യം പ്രകൃതിദുരന്തങ്ങൾ തടയുന്നതിൽ നിർണായകമാണ്. വേരുകൾ പിണഞ്ഞു കിടക്കുകയാണെങ്കിൽ ശക്തമായ മലവെള്ളപ്പാച്ചിലിനൊപ്പം ഒലിച്ചിറങ്ങുന്ന മണ്ണിന്‍റെ അളവ് ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സാധിക്കും. മേൽമണ്ണ് ഒഴുകി പോയാൽ പാറക്കെട്ടുകളുടെ നിലനിൽപ്പിനെയും അതു സാരമായി ബാധിക്കും. കുത്തൊഴുക്കിൽ മണ്ണ് ഏറെ നഷ്ടമായാൽ പിന്നെ ഒലിച്ചു പോകുന്നത് പാറയാകും. ഇത് അപകടത്തിന്‍റെ തീവ്രത വർധിക്കും.

ചില മേഖലകളില്‍ മണ്ണിന്‍റെ ഘടനയും ഉരുൾപൊട്ടലിന് കാരണമാകാറുണ്ട്. പാറക്കെട്ടുകളോളം പഴക്കം മേൽമണ്ണിനുണ്ടാകുകയില്ല. മഴ കനക്കുമ്പോൾ വെള്ളം മണ്ണിലേക്ക് ആഴ്ന്നിറങ്ങും. പിന്നീടുണ്ടാകുന്ന ഒഴുക്കിൽ പാറകളുടെ മുകളിലൂടെ വെള്ളത്തോടൊപ്പം മേൽമണ്ണും ഒലിച്ചിറങ്ങും.

മലയോര മേഖലകളില്‍ കൃത്രിമ ജലസംഭരണികൾ ഉണ്ടാക്കുന്നതും ഒരളവോളം ഉരുൾപൊട്ടലിന് കാരണമാണ്. നീർച്ചാലുകളും പ്രകൃതിദത്ത ജലമാർഗങ്ങളും തടസപ്പെടുത്തുന്നത് സ്വാഭാവികാവസ്ഥക്ക് വിഘാതമുണ്ടാക്കും. കോഴിക്കോട് ജില്ലയിലെ കക്കാടംപൊയിലിൽ വാട്ടർ തീം പാർക്ക് നിർമ്മാണവുമായി അടുത്തകാലത്ത് ഉയർന്ന വിവാദങ്ങളും മേഖലയിലുണ്ടായ മലയിടിച്ചിലും ഇതിനോട് ചേർത്തു വായിക്കണം. ക്വാറികളുടെ പ്രവർത്തനങ്ങളും ഉരുൾപൊട്ടലിലേക്ക് വഴിതുറക്കുമെന്ന് ഇതുസംബന്ധിച്ച പഠനങ്ങൾ വ്യക്തമാക്കുന്നു. മലയോര മേഖലകളിലെ അശാസ്ത്രീയ നിർമാണ പ്രവർത്തനങ്ങൾ സൃഷ്ടിക്കുന്ന ഭീഷണിയും ചെറുതല്ല.

മുൻകൂട്ടി അറിയാം ഉരുൾപൊട്ടൽ

Land slide

ഉരുൾപൊട്ടലിനുള്ള സാധ്യത മുന്‍കൂട്ടി അറിയാനുള്ള ശാസ്ത്രീയ സംവിധാനങ്ങൾ ഇന്ന് ലഭ്യമാണ്. മലനിരകളിലെ മരങ്ങൾ ചരിയുന്നതും അസ്വാഭാവികമായ മണ്ണിളക്കവും ഉരുൾപൊട്ടലിന്‍റെ ലക്ഷണമാണെന്നാണ് പഴമക്കാർ പറയുന്നത്. തുടർച്ചയായി പെയ്യുന്ന മഴയാണ് ഉരുൾപൊട്ടലിലേക്ക് നയിക്കുന്നതെന്നതിനാൽ മഴയുടെ ശക്തി നിർണയിച്ച് മണ്ണിടിയലിനുള്ള സാധ്യത പ്രവചിക്കുകയാണ് ശാസ്ത്രീയമായ ഒരു രീതി. മഴയുടെ ശക്തി തുടർച്ചയായി രേഖപ്പെടുത്തുക വഴി ഇനി എത്രമാത്രം ജലം ഇറങ്ങിയാൽ മണ്ണിടിയുമെന്ന നിഗമനത്തിലെത്താൻ സാധിക്കും. ഇതാണ് ഉരുൾപൊട്ടൽ സാധ്യത പ്രവചനത്തിന് അടിസ്ഥാനമായി ഉപയോഗിക്കുന്നത്.

തടയാനുള്ള മാർഗങ്ങൾ

Land-Slide-Kerala-New

സംസ്ഥാനത്ത് ഉരുൾപൊട്ടൽ സാധ്യത പ്രതിവർഷം വർധിക്കുകയാണെന്നാണ് നിഗമനം. പ്രകൃതിയോടുള്ള ക്രൂരത തന്നെയാണ് ഇതിനു കാരണം. മലയോര മേഖലകളിൽ മാനുഷികമായ ഇടപെടലുകൾ പരമാവധി കുറച്ചു സ്വാഭാവികാവസ്ഥ കാത്തുസൂക്ഷിക്കുക തന്നെയാണ് ഉരുൾപൊട്ടൽ പോലുള്ള പ്രകൃതിദുരന്തങ്ങൾ തടയാനുള്ള ഏക മാർഗം.

കണ്ണുതെറ്റരുത് വെള്ളക്കെട്ടിൽ

Pathanamthitta Flood

മഴക്കാലമായാൽ സംസ്ഥാനം അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ് വെള്ളക്കെട്ട്. മുമ്പെങ്ങുമില്ലാത്ത വിധം ഓരോ വർഷവും വലിയ വെല്ലുവിളിയായി മാറുകയാണ് വെള്ളക്കെട്ടുകളും ഇവ സൃഷ്ടിക്കുന്ന പ്രശ്നങ്ങളും. സ്വാഭാവികമായി ജലം ഒഴുകിപോകാനുള്ള ഘടന നഷ്ടമാകുന്നതാണ് പ്രതിസന്ധിയാകുന്നത്.. ഇതിലേക്ക് വഴിതെളിയിക്കുന്നതാകട്ടെ മനുഷ്യൻ പ്രകൃതിയില്‍ നടത്തുന്ന കയ്യേറ്റങ്ങളും. മണ്ണിന്‍റെ ജൈവഘടനയെ തന്നെ മാറ്റിമറിക്കുന്ന തരത്തിലുള്ള മണ്ണെടുക്കൽ, പ്രകൃതിദത്തമായ ജലസ്രോതസുകളുടെ സംരക്ഷണത്തിൽ കാണിക്കുന്ന ഉദാസീനത. അശാസ്ത്രീയമായി ഭൂമി കയ്യേറിയുള്ള കെട്ടിട നിർമാണം, ഓവുചാലുകള്‍ വൃത്തിയായി സൂക്ഷിക്കുന്നതിൽ അധികാരികൾ വരുത്തുന്ന വീഴ്ച, ഭൂമിയിലേക്കു വെള്ളമിറങ്ങാനുളള സാധ്യതകൾ ഇല്ലാതാക്കൽ തുടങ്ങി നിരവധി വസ്തുതകൾ വെള്ളം കെട്ടിക്കിടക്കുന്നതിലേക്ക് നയിക്കും. ഇതുമൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങളും അനവധിയാണ്.

പരമ്പരാഗതമായി വെള്ളം കെട്ടിനിൽക്കുന്ന താഴ്ന്ന മേഖലകളുണ്ടെങ്കിലും ഇവയും കടന്ന് വെള്ളക്കെട്ടുകൾ രൂപംകൊള്ളുന്നതിന് പ്രധാന കാരണമായി പറയുന്നത് ജലം മണ്ണിലേക്ക് ഒഴുകി പോകുന്ന സ്വാഭാവിക പ്രക്രിയയിൽ അടിച്ചേൽപ്പിക്കപ്പെട്ട മാറ്റമാണ്. ജനസംഖ്യ വർധിച്ചതോടെ സംസ്ഥാനത്ത് കെട്ടിടങ്ങളുടെ എണ്ണവും സ്വാഭാവികമായി ഉയർന്നു. നിലംനികത്തിയുൾപ്പെടെ വൻ കെട്ടിടങ്ങൾ രൂപം കൊള്ളുമ്പോൾ ജലം ഒഴുകി പോകാനുള്ള സാധ്യതകളെ കുറിച്ച് നാം ആലോചിക്കുന്നില്ല. അയൽസംസ്ഥാനമായ തമിഴ്നാട് കെട്ടിടങ്ങളിൽ മഴ സംഭരണികൾ ഉൾപ്പെടെ ജലസംരക്ഷണ മാർഗങ്ങൾ സ്വീകരിക്കുമ്പോഴാണ് നാം കണക്കില്ലാതെ വെള്ളം പൊതുയിടങ്ങളിലേക്ക് തള്ളുന്നത്. മഴയായി പെയ്തിറങ്ങുന്ന ജലം ശാസ്ത്രീയമായി ഉപയോഗിക്കാനോ തുറസായ പ്രദേശത്തേക്ക് ഇതിനായി ഒരു സഞ്ചാരപഥം ഒരുക്കാനോ നാം ശ്രമിക്കാറില്ല.

Pala Flood

പ്രകൃതിദത്തമായ ജലസ്രോതസുകൾ ഇല്ലാതായതും വെള്ളക്കെട്ടുപോലെയുള്ള പ്രതിഭാസങ്ങൾക്ക് പരോക്ഷമായി ഹേതുവാകുന്നുണ്ട്. അനധികൃതമായ മണൽവാരൽ ഇതിനോട് ചേർന്നു കിടക്കുന്ന ഘടകമാണ്. സംസ്ഥാനത്തെ മിക്ക നദികളും ഇന്ന് നേർപകുതിയായെങ്കിൽ അതിനു പിന്നിലെ പ്രധാന കാരണം അനധികൃത മണ്ണെടുപ്പാണ്. പുഴകളുടെ മരണത്തോടൊപ്പം തന്നെ പ്രധാനമാണ് കുളങ്ങളും കണ്ടൽകാടുകളും ഉൾപ്പെടെയുള്ളവയുടെ നാശം. ഫലത്തിൽ ഭൂമിയിലെത്തുന്ന ജലം യാതൊരു പ്രയോജനമുണ്ടാകാതെ തളംകെട്ടി കിടന്ന് പിന്നെ ഒഴുകി പോകുന്നു. പ്രകൃതിദത്ത സ്രോതസുകള്‍ ഇല്ലാതായതും കുഴൽ കിണറുകൾ പെരുകുന്നതും ഭൂമിയുടെ സ്വാഭാവിക സംഭരണ ശേഷിയെ ഉലയ്ക്കുന്ന ഘടകങ്ങളാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അനധികൃതമായ മണ്ണെടുക്കൽ കേവലം പുഴകളെ മാത്രം ബാധിക്കുന്ന ഒരു കാര്യമല്ല. നിർമാണ പ്രവർത്തനങ്ങൾക്കും മറ്റുമായി മണ്ണെടുക്കുന്നത് മണ്ണിന്റെ സ്വാഭാവിക ഘടനയെ തന്നെ മാറ്റിമറിക്കുന്ന പ്രവൃത്തിയാണ്. ദിവസങ്ങളോളം ശക്തമായി തുടർന്ന മഴ മാറി അധികം വൈകാതെ തന്നെ ചൂടിലേക്ക് പ്രകൃതി ചുവടുമാറുന്നത് ഭൂമി തണുക്കാത്തതു കൊണ്ടാണെന്നും മണ്ണിന്‍റെ സ്വാഭാവിക ഘടനയിലുണ്ടാക്കുന്ന ബോധപൂർവമായ മാറ്റങ്ങൾ വലിയൊരു അളവോളം ഇതിന് കാരണമാകുന്നുണ്ടെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. തുറസായ ഭൂപ്രദേശങ്ങൾ കുറയുന്നത് ആത്യന്തികമായി സംഭരണ ശേഷിയെ ബാധിക്കുന്ന ഒന്നാണ്.

AC Road Flood

നിർമാണ പ്രവർത്തനങ്ങൾക്കും മറ്റുമായി മരങ്ങൾ നശിപ്പിക്കുന്നതും പ്രകൃതിയുടെ താളവും അതുവഴി ജലസംഭരണ ശേഷിയും തെറ്റിക്കുന്ന കാര്യമാണ്. ഒലിച്ചു പോകുന്ന ജലത്തെ ഒരളവോളം തടയാൻ മരങ്ങളുടെ വേരുകൾക്കാകും. ചുരുക്കത്തിൽ ഒറ്റനോട്ടത്തിൽ ബന്ധമില്ലെന്ന് തോന്നുമെങ്കിലും നമ്മുടെ അശ്രദ്ധയും അവഗണനയും സൃഷ്ടിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വെള്ളക്കെട്ടിലേക്ക് നയിക്കുന്ന പിൻനിര ശക്തികളാണെന്ന് പറയാം. മുൻകാലങ്ങളിൽ അതിശക്തമായ മഴയുണ്ടായാൽ മാത്രമെ വെള്ളക്കെട്ടുകൾ രൂപപ്പെട്ടിരുന്നുവെങ്കിൽ ഇന്നത്ര ശക്തമല്ലാത്ത മഴയും ഇത്തരമൊരു അവസ്ഥക്ക് കാരണമാകുന്നു എന്നത് ഗൗരവത്തോടെ കാണേണ്ട വിഷയമാണ്. ഈ സത്യം ഉൾക്കൊണ്ടാകണം അധികാരികളും പൊതുസമൂഹവും ബദൽ മാർഗങ്ങൾ ആവിഷ്കരിക്കേണ്ടതും.