Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓസോൺ എന്ന പ്രാണന്റെ പുതപ്പ്!

Ozone

മിയെയും സകല ജീവജാലങ്ങളെയും പൊതിഞ്ഞു സംരക്ഷിക്കുന്ന ആകാശപ്പുതപ്പാണ് ഓസോൺ. എന്തു വില നൽകിയും ഓസോൺപാളിയെ സംരക്ഷിക്കുമെന്ന് ഒരിക്കൽക്കൂടി ലോകം പ്രതിജ്ഞ ചെയ്യുന്ന ദിനമാണു സെപ്റ്റംബർ 16. രാജ്യാന്തര ഓസോൺ ദിനം. ‘കീപ് കൂൾ ആൻഡ് ക്യാരി ഓൺ ദി മോൺട്രിയോൾ പ്രോട്ടോക്കോൾ’ എന്നതാണ് ഈ വർഷത്തെ ഓസോൺദിനാചരണത്തിന്റെ മുദ്രാവാക്യം. 

എന്താണീ ഓസോൺ? 

ഭൂമിയിൽനിന്നു 20 മുതൽ 35 കിലോമീറ്റർ ഉയരത്തിലുള്ള വാതകപാളിയാണ് ഓസോൺ. ഭൂമിക്കുമീതേ കിടക്കുന്ന പുതപ്പാണിതെന്നു പറയാം. മൂന്ന് ഓക്സിജൻ ആറ്റങ്ങൾ ചേർന്നാണ് ഓസോൺ തന്മാത്ര (O3) ഉണ്ടാകുന്നത്. 

ഓസോൺ എന്തുചെയ്യും? 

ഭൂമിക്കു വേണ്ട ഉൗർജം മുഴുവൻ നൽകി കത്തിയെരിയുന്ന സൂര്യൻ ആളൊരു അപകടകാരികൂടിയാണ്. ജീവികൾക്കു നാശമുണ്ടാക്കാവുന്ന ധാരാളം രശ്മികൾ സൂര്യനിൽനിന്നു പുറപ്പെടുന്നുണ്ട്. ഏറ്റവും പ്രധാനം അൾട്രാവയലറ്റ് കിരണങ്ങൾ. ഈ രശ്മികൾ പൂർണതോതിൽ ഭൂമിയിലെത്തിയാൽ ജീവികളിൽ മാരകരോഗങ്ങൾക്കു കാരണമാകും. സൂര്യനിൽനിന്നുള്ള അപകടകാരികളായ രശ്മികളെ ഭൂമിയിൽ പതിക്കാതെ വളരെ ഉയരത്തിൽവച്ചുതന്നെ തടയുകയാണ് ഓസോൺപാളി ചെയ്യുന്നത്. 

ഓസോൺ ഉണ്ടാവുന്നത് എങ്ങനെ? 

World Ozone Day

സ്ട്രാറ്റോസ്ഫിയർ എന്ന അന്തരീക്ഷപാളിയിൽ സൂര്യന്റെ ശക്തമായ ചൂട് ഏൽക്കുമ്പോൾ അവിടെയുള്ള ഓക്സിജൻ തന്മാത്രകൾ വിഭജിച്ച് ഓക്സിജൻ ആറ്റങ്ങളാകും. സ്ഥിരത കുറഞ്ഞ ഈ ഓക്സിജൻ ആറ്റങ്ങൾ തൊട്ടടുത്ത ഓക്സിജൻ തന്മാത്രകളുമായി ചേർന്ന് ഓസോൺ ആയി മാറുന്നു. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ പതിക്കുമ്പോൾ ഈ ഓസോൺ വീണ്ടും വിഘടിക്കും. ഒരു ചക്രംപോലെ തുടരുന്ന ഈ പ്രവർത്തനമാണ് അൾട്രാവയലറ്റ് ഭീകരന്മാരിൽനിന്നു ഭൂമിയെ രക്ഷിക്കുന്നത്. 

ലോകത്തെ ഞെട്ടിച്ച ഓസോൺ ദ്വാരം 

Ozone Day

50 വർഷം മുമ്പാണ് ഓസോൺപാളിയുടെ ശോഷണം ആദ്യമായി ശാസ്ത്രജ്ഞരുടെ ശ്രദ്ധയിൽപെട്ടത്. ചില സ്ഥലങ്ങളിൽ ഓസോൺപാളി വല്ലാതെ നേർത്ത് ഇല്ലാതാകുന്നതായി 1970കളിൽ ശാസ്ത്രജ്ഞർ ഉറപ്പിച്ചു. മനുഷ്യരുടെ വിവേചനമില്ലാത്ത പ്രവർത്തനങ്ങൾ കാരണം പുറന്തള്ളപ്പെടുന്ന ചില കൃത്രിമ രാസവസ്തുക്കളാണ് ഓസോൺപാളിയെ നശിപ്പിക്കുന്നതെന്ന് അധികം ൈവകാതെ ലോകം തിരിച്ചറിഞ്ഞു. ഇത്തരം രാസവസ്തുക്കളുടെ അളവ് കുറയ്ക്കാനായി പിന്നീടുള്ള ശ്രമങ്ങൾ. 1985ലെ വിയന്ന കൺവൻഷനും 1990ൽ ലണ്ടനിലും 1992ൽ കോപ്പൻഹേഗനിലും നടന്ന പരിസ്ഥിതി ഉച്ചകോടികളും ഓസോൺ സംരക്ഷണ പ്രവർത്തനങ്ങൾക്കു രൂപം നൽകി. 

നൂറ്റാണ്ടു പിന്നിട്ട കണ്ടെത്തൽ 

ഫ്രഞ്ചുകാരായ ഭൗതികശാസ്ത്രജ്ഞർ ചാൾസ് ഫാബ്രിയും ഹെൻറി ബിഷണുമാണ് 1913ൽ ഓസോൺപാളി കണ്ടെത്തിയത്. ബ്രിട്ടിഷ് ഗവേഷകനായ ജി.എം.ബി.ഡോബ്സൺ പിൽക്കാലത്ത് ഓസോൺപാളിയുടെ ഘടനയും സ്വഭാവങ്ങളും വിശദീകരിച്ചു. ഓസോൺപാളിയുടെ കനം അളക്കാനുള്ള രീതികൾ കണ്ടെത്തിയതും അതിനായി ലോകത്തിന്റെ പല കോണുകളിൽ നിരീക്ഷണകേന്ദ്രങ്ങൾ സ്ഥാപിച്ചതും ഡോബ്സൺ ആണ്. ഓസോൺ എന്നൊരു വാതകമുണ്ടെന്ന് ആദ്യം കണ്ടെത്തിയത് സ്വിറ്റ്സർലൻഡിലെ ബേസൽ സർവകലാശാലയിലെ ഗവേഷകനായിരുന്ന ക്രിസ്റ്റ്യൻ ഫ്രഡറിക്ക് ഷോൺബെയ്ൻ ആണ്. 1839ലായിരുന്നു ഈ കണ്ടെത്തൽ. 

ചരിത്രമായ മോൺട്രിയോൾ 

ozone-layer

1987 സെപ്റ്റംബർ 16ന് െഎക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി പദ്ധതിയുടെ ഭാഗമായി 24 രാജ്യങ്ങൾ ചേർന്ന് ഒരു കരാറുണ്ടാക്കി. മോൺട്രിയോൾ പ്രോട്ടോക്കോൾ എന്ന ഈ രേഖ ഓസോൺപാളിയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളുടെ ചരിത്രത്തിലെ സുവർണ ഏടായി മാറി. ഓസോൺപാളിയെ നശിപ്പിക്കുന്ന രാസവസ്തുക്കളുടെ ഉൽപാദനം കുറയ്ക്കാനുള്ള നടപടികളായിരുന്നു ഈ രേഖയിൽ. 

ഓസോണിനെ നശിപ്പിക്കുന്ന നൂറോളം രാസവസ്തുക്കളുടെ ഉൽപാദനം കുറയ്ക്കാൻ രാജ്യങ്ങൾ സമ്മതിച്ചു. പിന്നീട് എട്ടു തവണ മോൺട്രിയോൾ പ്രോട്ടോക്കോളിൽ ഭേദഗതികൾ വരുത്തി. ലോകചരിത്രത്തിലെ ഏറ്റവും വിജയകരമായ പരിസ്ഥിതി ഉടമ്പടികളിലൊന്നായാണ് മോൺട്രിയോൾ പ്രോട്ടോക്കോൾ അറിയപ്പെടുന്നത്. ഇന്ന് െഎക്യരാഷ്ട്ര സംഘടനയിൽ അംഗത്വമുള്ള എല്ലാ രാജ്യങ്ങളും ഈ കരാറിൽ ഒപ്പിട്ടിട്ടുണ്ട്. മോൺട്രിയോൾ കരാറിന്റെ വിജയം സൂചിപ്പിക്കുന്നതാണ് ഈ വർഷത്തെ ഓസോൺദിന മുദ്രാവാക്യം: ‘നമ്മളെല്ലാം ഓസോൺ ഹീറോസ്’. 

ഓസോൺദിനം 

ozone layer

െഎക്യരാഷ്ട്ര സംഘടന 1994 മുതൽ ലോക ഓസോൺദിനം ആചരിച്ചുതുടങ്ങി. മോൺട്രിയൽ ഉടമ്പടി ഒപ്പുവയ്ക്കപ്പെട്ട ദിവസമായ സെപ്റ്റംബർ 16 ആണ് ഓസോൺപാളി സംരക്ഷണദിനമായി തിരഞ്ഞെടുത്തത്. ഓസോൺപാളി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്, പ്രാധാന്യത്തെക്കുറിച്ച് ലോകജനതയെ അറിവുള്ളവരാക്കുകയാണു ദിനാചരണത്തിന്റെ ലക്ഷ്യം. 

വില്ലനാവും വിമാനങ്ങൾ 

Aeroplane

വിമാനങ്ങൾ പുറന്തള്ളുന്ന ബ്ലാക്ക് കാർബൺ ഓസോണിനെ ബാധിക്കുന്നതായി ഇന്ത്യൻ ശാസ്ത്രജ്ഞർ കണ്ടെത്തിയത് ഈയിടെയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെയും വിക്രം സാരാഭായ് സ്പേസ് സെന്ററിലെയും ഗവേഷകരാണ് നിർണായകമായ ഈ കണ്ടെത്തൽ നടത്തിയത്. സൂപ്പർസോണിക് വിമാനങ്ങളിൽനിന്നുള്ള മാലിന്യങ്ങൾ ഓസോൺപാളിയെ ബാധിക്കുന്നതായി നേരത്തേതന്നെ തെളിഞ്ഞിരുന്നു. 

നമ്മുടെ നാടും മാറുന്നു 

Ozone

ഓസോണിനെ നശിപ്പിക്കുന്ന രാസസംയുക്തമായ ക്ലോറോഫ്ലൂറോ കാർബൺ പുറന്തള്ളുന്ന ഉപകരണങ്ങളിലൊന്നാണ് എയർ കണ്ടീഷനർ. എന്നാൽ ൈഹദരാബാദിലെ രാജ്യാന്തര വിമാനത്താവളത്തിൽ പരിസ്ഥിതിക്കു കോട്ടമുണ്ടാക്കാത്ത എയർ കണ്ടീഷനറുകളാണ് ഇപ്പോൾ ഉള്ളത്. പരിസ്ഥിതി നാശമുണ്ടാക്കുന്ന പഴയ എയർകണ്ടീഷനറുകൾ പൂർണമായി ഒഴിവാക്കി അത്യന്താധുനിക എയർകണ്ടീഷനറുകൾ സ്ഥാപിക്കുകയായിരുന്നു. മോൺട്രിയൽ കരാറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യ നടപ്പാക്കുന്ന പരിപാടികളുടെ ഭാഗമായാണ് ഇക്കോഫ്രണ്ട്ലി എസികൾ വന്നുതുടങ്ങിയത്. ൈവകാതെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും പ്രധാന സ്ഥാപനങ്ങളും ഇക്കോഫ്രണ്ട്ലിയാവും. 

വില്ലൻ ഓസോൺ 

Pray for Ozone

ഭൂമിയിൽനിന്നു വളരെ ഉയരത്തിൽ നിൽക്കുമ്പോൾ ഓസോൺ രക്ഷകനാണ്. എന്നാൽ, ശ്വസിക്കുന്ന അന്തരീക്ഷവായുവിൽ ഓസോണിന്റെ അളവു കൂടുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകും. മലിനീകരണം കാരണം വായുവിൽ ഓസോണിന്റെ അളവു കൂടുന്നതായും ഇതു ശ്വാസകോശരോഗങ്ങൾ വർധിപ്പിക്കുന്നതായും പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. 

ട്രോപോസ്ഫിയർ ( ഭൂമിയിൽ നിന്ന് 20 കിമീ വരെ) 

ഓസോൺ പാളി ( 20 മുതൽ 35 കിമീ വരെ) 

സ്ട്രാറ്റോസ്ഫിയർ (50 കിമീ വരെ) 

മീസോസ്ഫിയർ (80 കിമീ വരെ) 

കാർമൻ ലൈന് (അന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെ യും അതിർവരമ്പ്– 100 കിമീ ഉയരത്തിൽ) 

തെർമോസ്ഫിയർ (1,200 കിമീ വരെ) 

എക്സോസ്ഫിയർ (10,000 കിമീ വരെ)