Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നമുക്കു സൃഷ്ടിക്കാം പുതിയ മാതൃകകൾ

image.jpg.image.784.410

മഹാപ്രളയത്തെ അതിജീവിച്ച കേരളത്തിന്റെ പുനരധിവാസത്തിനു പുതിയ വികസന മാതൃകകളും നിർദേശങ്ങളും അവതരിപ്പിക്കുന്നു, വിവിധ മേഖലകളിലെ വിദഗ്ധർ.

മാർഗരേഖ വേണം

ഡോ. എം.രാമചന്ദ്രൻ (മുൻ കേന്ദ്ര നഗരവികസന മന്ത്രാലയ സെക്രട്ടറി)

∙ ഭൂമി വിനിയോഗം സംബന്ധിച്ച് വ്യക്തമായ പ്ളാൻ വേണം. നിർമാണം അനുവദനീയമല്ലാത്ത സ്ഥലങ്ങൾ, കൃഷിക്കു മാത്രമുള്ളത് തുടങ്ങിയവ ഗണം തിരിച്ച് വ്യക്തമാക്കണം. അതനുസരിച്ചുള്ള വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഒപ്പം, ഓരോ പ്രദേശത്തെയും ഭൂമിയുടെ സ്വഭാവത്തെക്കുറിച്ചുള്ള വിവരങ്ങൾ ജനത്തിനു ലഭ്യമാകണം.

∙ സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകളുടെയും സ്ഥിതി അടിയന്തരമായി അവലോകനം െചയ്യണം. അണക്കെട്ടുകൾ പൊളിച്ചു പണിയാവുന്ന സാഹചര്യമല്ല ഉള്ളത്. അണക്കെട്ടുകളിൽനിന്നു വെള്ളം തുറന്നുവിടുന്നത് നാഥനില്ലാത്ത നടപടിയാവരുത്. വെള്ളം ശേഖരിക്കുന്നതും ഒഴുക്കുന്നതും സംബന്ധിച്ച് വ്യക്തമായ മാർഗരേഖ വേണം.

∙ ദുരന്തങ്ങൾ നേരിടാനുള്ള തയാറെടുപ്പുകൾ ജില്ലാതലത്തിൽവരെ എങ്ങനെ വേണമെന്ന് ദുരന്തനിവാരണ നിയമത്തിലും പ്ളാനിലും വിശദമായി പറയുന്നുണ്ട്. ഓരോ വർഷവും ഈ തയാറെടുപ്പുകൾ‍ വിലയിരുത്തി ആവശ്യമായ പരിഷ്കാരങ്ങൾ വരുത്തണം. നഗരങ്ങൾക്കും വലിയ കെട്ടിടങ്ങൾക്കുമൊക്കെ പ്രത്യേക പ്ളാൻ വേണ്ടതാണ്. ദുരന്തമുണ്ടായാൽ ജനം എവിടെ ഒത്തുകൂടണം, അഭയ കേന്ദ്രങ്ങൾ എവിടെ, വെള്ളവും ഭക്ഷണവും മരുന്നുമൊക്കെ എവിടെ ലഭ്യമാക്കും തുടങ്ങിയവയൊക്കെ മുൻകൂട്ടി നിശ്ചയിക്കേണ്ടതാണ്.

∙ മഴ സംബന്ധിച്ച മുന്നറിയിപ്പിന്റെ കാര്യക്ഷമത വർധിപ്പിക്കേണ്ടതുണ്ട്. മുന്നറിയിപ്പ് താഴേത്തട്ടിൽവരെ എത്തുന്നുവെന്ന് ഉറപ്പാക്കണം. അതിന് കമ്യൂണിറ്റി റേഡിയോ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ പ്രയോജനപ്പെടുത്താം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നിലവിലെ ഫോൺ സംവിധാനങ്ങൾ ഫലപ്രദമാവില്ലെങ്കിൽ സാറ്റ്‌ലൈറ്റ് ഫോൺ ഉപയോഗിക്കാനുൾപ്പെടെ സൗകര്യങ്ങൾ ഉറപ്പാക്കണം.

∙ മാലിന്യ നിർമാർജനത്തിന് വ്യക്തമായ പദ്ധതി വേണം. കുറയ്ക്കുക, പുനരുപയോഗിക്കുക, പുനഃസംസ്കരണം നടത്തുക എന്നതാണ് അംഗീകരിക്കപ്പെട്ടിട്ടുള്ള മാതൃക.

∙ നഗരങ്ങൾക്ക് മലിന ജലം ഒഴുക്കുന്നതു സംബന്ധിച്ച മാസ്റ്റർ പ്ളാൻ വേണം. ഓടകളിലൂടെയും മറ്റും ഒഴുകുന്ന വെള്ളം അവസാനം എവിടെ പതിക്കണമെന്നതിൽതന്നെ വ്യക്തത വേണം.

∙ കക്കൂസ് മാലിന്യങ്ങൾ സംസ്കരിക്കാൻ‍ നഗരങ്ങളിലും പട്ടണങ്ങളിലും മികച്ച സംവിധാനങ്ങൾ വേണം. നിലവിൽ കൊച്ചിയിൽ പോലും ഇതിന് തൃപ്തികരമായ സംവിധാനമില്ല. കക്കൂസ് മാലിന്യം സംസ്കരിച്ച്, വെള്ളം വേർതിരിച്ച് ആ വെള്ളം കൃഷിയാവശ്യത്തിനും തോട്ടം നനയ്ക്കാനുമൊക്കെ ഉപയോഗിക്കുന്ന രീതി ഡൽഹിയിലും മറ്റുമുണ്ട്. 

പരിസ്ഥിതി നിയമങ്ങൾ പുതുക്കണം

കെ.ടി. രവീന്ദ്രൻ (ചെയർമാൻ, അർബൻ ആർട്സ് കമ്മിഷൻ, ഡൽഹി. മുൻ ചെയർമാൻ, സിപിഡബ്ള്യുഡി)

∙ ദീർഘകാലം മനസ്സിൽ കണ്ടാവുമ്പോൾ നവകേരളമല്ല പ്രകൃതികേരളമാണു വേണ്ടത്. ചുറ്റുപാടിനോട് ഇണങ്ങുന്നവിധം കേരളത്തെ രൂപപ്പെടുത്താം. ഗാഡ്ഗിൽ റിപ്പോർട്ട് തിരസ്കരിച്ചതിന്റെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്നതെന്നുകൂടി ഓർക്കാം. 

∙ പരിസ്ഥിതി നിയമങ്ങൾ ആവശ്യത്തിലേറെയുണ്ട്. അവയെ പുതിയകാലത്തിന്റെ പ്രശ്നങ്ങൾ അനുസരിച്ചു പുതുക്കാം, കർശനമായി നടപ്പാക്കാം. വിട്ടുവീഴ്ച പാടില്ലെന്നതാണ് ഇതിൽ ശ്രദ്ധിക്കേണ്ടത്. 

∙ ദുരന്തനിവാരണം, എന്നതു വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമാകണം. ഇതിന്റെ പ്രായോഗിക കാര്യങ്ങളിൽ പുതുതലമുറ ശാക്തീകരിക്കപ്പെടണം. നമ്മുടെ സാങ്കേതിക സ്ഥാപനങ്ങളിൽ ഇതിനു യോജിച്ച ഉപരിപഠന കോഴ്സുകൾപോലും തുടങ്ങണം. വിദഗ്ധരുടെ കുറവ് ഇനി കേരളത്തിന് ഉണ്ടാകരുത്. 

∙ അണക്കെട്ടിന്റെ പരിപാലനം അറ്റകുറ്റപ്പണി തീർക്കുന്ന ചടങ്ങു മാത്രമായി മാറ്റരുത്. നടത്തിപ്പ്, നിയന്ത്രണം തുടങ്ങിയവയുടെ ഗൗരവം ചോരാതെ അതൊരു ഭരണപരമായ പദ്ധതിയാവണം. ഇനി കടൽമാർഗം വലിയൊരു അപകടം കേരളത്തിൽ വന്നെത്തിയേക്കാം. കാലാവസ്ഥ വ്യതിയാനം അത്രമാത്രം അപകടത്തിലാണ്.

∙ വെള്ളപ്പൊക്കത്തിനൊപ്പം അടിഞ്ഞുകൂടിയ മണ്ണിനെ മാലിന്യമായി കൂട്ടിയിടുന്നത് അപകടം ചെയ്യും. ഇതിനെ ശാസ്ത്രീയമായി മൺകട്ടകളാക്കി നിർമാണ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാം.

യാഥാർഥ്യം അറിഞ്ഞ്  മുന്നോട്ട്

ജയിംസ് ജോസഫ് (ജാക്ക്ഫ്രൂട്ട് 365 സ്ഥാപകൻ)

ആലുവയിൽ ആറുനാൾ പ്രളയത്തെ അതിജീവിച്ചയാൾ എന്ന നിലയിൽ കൂടിയാണ് എന്റെ നിർദേശങ്ങൾ:

∙ കാലാവസ്ഥാ വകുപ്പ് പതിവു സർക്കാർ രീതിയിൽ കുറിപ്പുകൾ തയാറാക്കുന്നതിനു പകരം പരസ്യമായ മാധ്യമസമ്മേളനം നടത്തണം. സംഭവം നടന്നുകഴിഞ്ഞിട്ടല്ല, നടക്കുന്നതിനു മുൻപാണു വിവരങ്ങൾ നൽകേണ്ടത്. ഓഗസ്റ്റ് മൂന്നാം ആഴ്ചയിൽ വലിയ മഴപെയ്യുമെന്ന് അറിവുകിട്ടിയിരുന്നുവെങ്കിൽ അതു പരസ്യമായി, വ്യക്തമായി അറിയിക്കണമായിരുന്നു. കേരളത്തിലെ മാധ്യമങ്ങൾ ആ ഘട്ടത്തിൽ വിവരങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. പക്ഷേ, അതു ലഭിച്ചില്ല. കൃത്യമായ വിവരങ്ങൾ അറിയിക്കാനുള്ള സംവിധാനം ഏർപ്പെടുത്തണം.

∙ കെഎസ്ഇബി പോലെയുള്ള സർക്കാർ വകുപ്പു തലവന്മാരല്ല ജലസുരക്ഷയെക്കുറിച്ചു പറയേണ്ടത്. ഡാമുകളിലെ ജലനിരപ്പു പരമാവധിയായി സൂക്ഷിക്കുക എന്നതാവും അവരുടെ ആവശ്യം. പ്രളയമുണ്ടായാൽ അതു നേരിടേണ്ടതു വേറെ വകുപ്പാണ്. ഡാം സുരക്ഷാ ഓഡിറ്റിങ് നിഷ്പക്ഷരായ രാജ്യാന്തര വിദഗ്ധരെ ഏൽപിക്കണം. കാലവർഷത്തിനും തുലാവർഷത്തിനും വെവ്വേറെ സുരക്ഷാനിലകൾ തയാറാക്കണം. ഈ പ്രളയത്തിൽ പുഴയിൽനിന്ന് ഏറ്റവും അകലെ വെള്ളമെത്തിയത് എവിടെ, ഏറ്റവും ഉയരത്തിൽ എത്തിയത് എവിടെ എന്നൊക്കെ കൃത്യമായി അടയാളപ്പെടുത്തുകയും അതിന്റെ രേഖകൾ സൂക്ഷിക്കുകയും വേണം. ഇതുപോലുള്ള പ്രളയദുരിതം ഒരു ജീവിതകാലത്ത് ഇനിയുണ്ടാകണമെന്നില്ല. പക്ഷേ, ഭാവിതലമുറകൾക്ക് ഈ വിവരങ്ങൾ പ്രയോജനപ്പെടണം. (വ്യക്തിപരമായി, 2013ലെ പ്രളയത്തിലുണ്ടായ ജലനിരപ്പു സംബന്ധിച്ച അറിവ് ഇത്തവണത്തെ തയാറെടുപ്പുകൾക്ക് എനിക്കു പ്രയോജനം ചെയ്തു).

∙ പ്രളയസാധ്യത ഒരു യാഥാർഥ്യമാണെന്ന് അംഗീകരിച്ചുകൊണ്ടുള്ള കെട്ടിട ഡിസൈനുകൾ ഇനി നമുക്ക് ആവശ്യമാണ്. പണ്ടൊക്കെ വീടുകളിലുണ്ടായിരുന്ന ഓവുകൾ തിരികെ കൊണ്ടുവരണം. വീടിനുള്ളിൽ വെള്ളം കയറിയാൽ ഒഴുക്കിക്കളയാനുള്ള വഴിയാകും അത്. മാത്രമല്ല, വീടു വൃത്തിയാക്കി മലിനജലം കളയാനും പ്രയോജനപ്പെടും. മഴവെള്ള സംഭരണത്തിനുള്ള സംവിധാനങ്ങൾ വാട്ടർടാങ്കിനോടു ബന്ധിപ്പിക്കുക. പ്രളയമുണ്ടാകുമ്പോൾ വിശ്വസിക്കാവുന്ന ഒരേയൊരു ശുദ്ധജലസ്രോതസ്സ് മഴ മാത്രമാണ്. എല്ലാ വീടുകൾക്കു മുകളിലും ഒരു സോളർ പാനലെങ്കിലും ഉണ്ടാകണം. മൊബൈൽ ഫോൺ ചാർജ് ചെയ്യാനെങ്കിലും പ്രയോജനപ്പെടും

∙ ഇൻഷുറൻസ് കമ്പനികളുടെ രേഖകളിലുള്ള വിവരങ്ങൾ വീണ്ടും ചോദിച്ച് ഉപഭോക്താക്കളെ കമ്പനികൾ വിഷമിപ്പിക്കരുത്. വാഹനനഷ്ടത്തിനു ക്ലെയിമിനെത്തുന്നയാൾ, വാഹനത്തിന്റെ ഫോട്ടോയും റജിസ്ട്രേഷൻ നമ്പറും മാത്രം നൽകിയാൽ മതിയെന്ന അവസ്ഥയുണ്ടാകണം. പൂർണ നാശമുണ്ടായാൽ പുതിയ വാഹനത്തിനു സർക്കാർ വായ്പ നൽകണം.

∙ എല്ലാവർഷവും കാലവർഷത്തിനു മുൻപു നമ്മുടെ ദുരന്തനിവാരണ സംവിധാനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കണം. ഓടകൾക്കു തടയിട്ട് ഒഴുക്കു തടസ്സപ്പെടുത്തുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യാനുള്ള സംവിധാനമുണ്ടാകണം. പുഴയും കായലും കടലുമെല്ലാം പ്ലാസ്റ്റിക് നിറയുന്നു. ആ സാഹചര്യം ഒഴിവാക്കണം. ഡാമിലെ ജലം പ്രയോജനപ്പെടുത്തി മിനറൽ വാട്ടർ തയാറാക്കുന്ന സാധ്യതയും അന്വേഷിക്കാവുന്നതാണ്.

പഞ്ചായത്തുകളെ തരം തിരിക്കണം

ഡോ. ജോർജ് മാത്യു (ചെയർമാൻ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, ന്യൂഡൽഹി)

∙ പ്രതിസന്ധികളെ നേരിടാൻ പ്രാദേശിക ഭരണകൂടങ്ങളായ തദ്ദേശസ്ഥാപനങ്ങളെ സജ്ജരാക്കണം. ഉപകരണ–സംവിധാനങ്ങളടക്കം സൗകര്യങ്ങൾ നൽകണം. സന്നദ്ധസേവകരുടെ ഒരു സേന പോലും പഞ്ചായത്തുകൾ തോറും രൂപീകരിക്കണം. 

∙ സർക്കാരിന്റെ ഫണ്ട് വിനിയോഗം ഫലപ്രദമാകണം. ചെലവിടുന്ന പണത്തിന്റെയും വികസന പ്രവർത്തനങ്ങളുടെയും ശക്തമായ സാമൂഹിക കണക്കെടുപ്പു വേണം. 

∙ ഇപ്പോഴുണ്ടായ ദുരന്തത്തിന്റെ വ്യാപ്തിയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തുകളെ തരംതിരിക്കണം. അവിടങ്ങളിൽ നടത്തുന്ന വികസന പ്രവർത്തനത്തിലും ഈ ഗ്രേഡിങ് വേണം. കൂടുതൽ ദുരന്തം ഏറ്റുവാങ്ങേണ്ടിവന്ന പഞ്ചായത്തുകളെ തിരഞ്ഞെടുത്ത് അവയെ കേരളത്തിനു പുറത്തുള്ള മികച്ച പഞ്ചായത്തുകളുമായി ബന്ധിപ്പിക്കണം. 

∙ പ്രളയക്കെടുതിയിൽ തകർന്ന പഞ്ചായത്തുകളുടെ പുനർനിർമിതിക്കു സംസ്ഥാനതലത്തിൽ അപ്പെക്സ് ബോ‍ഡി രൂപീകരിക്കണം. 

സാറ്റലൈറ്റ് പരിശോധന വേണം

സി. ബാലഗോപാൽ (മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ, സംരംഭക വിദഗ്ധൻ)

∙ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ട് ‍അൽപവും വെള്ളം ചേർക്കാതെ കേരളം സ്വീകരിക്കണം. എല്ലാ നിർദേശങ്ങളും നടപ്പാക്കണം. 

∙ കെട്ടിടനിർമാണം സംബന്ധിച്ച ചട്ടങ്ങൾ സുതാര്യവും ലളിതവും പരിശോധനാവിധേയവുമാണെന്ന് ഉറപ്പാക്കണം.  ഇതോടനുബന്ധിച്ച ചട്ടങ്ങൾ നടപ്പാക്കുമ്പോൾ തീരുമാനങ്ങളെടുക്കാനുള്ള ചുമതല  സമിതികൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും നൽകണം. 

∙ ജലസ്രോതസ്സുകളുടെ സുഗമമായ ഒഴുക്ക് ഉറപ്പാക്കണം. അത്തരം ജലവഴികൾ നിലനിർത്തേണ്ടതു കടമയായി മാറണം. ഇതിനു തടസ്സം നിൽക്കുന്നിടത്തു കൃത്യമായ നിയമനടപടികൾ ഉണ്ടാവണം. അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്താൻ സാറ്റലൈറ്റ് പരിശോധന അടക്കം ശാസ്ത്രീയ മാർഗങ്ങൾപോലും സ്വീകരിക്കാം. 

∙ ശാരീരിക വ്യായാമവും നീന്തലും അടക്കമുള്ള രക്ഷാവഴികൾ എല്ലാ സ്കൂളുകളിലും നിർബന്ധമാക്കണം. എല്ലാ സ്കൂളുകളിലും കുട്ടികളും അധ്യാപകരുമടങ്ങുന്ന ഒരു രക്ഷാദൗത്യ സംഘം തന്നെ ഉണ്ടാവണം.

പരിശീലനവും പ്രോട്ടോക്കോളും

ഡോ. വി.രാമൻകുട്ടി (മേധാവി, അച്യുത മേനോൻ സെന്റർ ഫോർ ഹെൽത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം)

∙പ്രളയത്തെ അതിജീവിക്കാൻ നമുക്ക് ബലമായി മാറിയ സന്നദ്ധപ്രവർത്തകരെ ഭാവിയിലും ഉപയോഗിക്കാൻ പ്രത്യേക പരിശീലനവും പ്രോട്ടോക്കോളും നിശ്ചയിക്കാം.

∙ ദുരന്തത്തിൽപ്പെട്ടവരെ മാറ്റിപ്പാർപ്പിക്കാനുള്ള സൗകര്യങ്ങളുടെ കൃത്യമായ മാപ്പിങ് നടത്തി വയ്ക്കുക. ഇത്തരം സ്ഥലങ്ങളിൽ ശുചിമുറികൾ ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കുക

∙ പ്രളയം പോലെ തന്നെ വരും വർഷങ്ങളിൽ സംഭവിച്ചേക്കാവുന്ന വരൾച്ചയും മുന്നിൽ കണ്ട് ജലവിനിയോഗ പ്രോട്ടോക്കോൾ തയാറാക്കാം.

∙ മാലിന്യനിർമാർജനത്തിന് സമഗ്ര പദ്ധതി ആവിഷ്കരിക്കുക.

∙ കേരളത്തിൽ ആരോഗ്യകേന്ദ്രങ്ങളുടെ ലഭ്യത എല്ലായിടത്തും ഒരേപോലെ ഉറപ്പാക്കുക.