Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പമ്പ, പെരിയാർ തീരങ്ങളിൽ പ്രളയമുന്നറിയിപ്പ് സംവിധാനം വരുന്നു

pampa-triveni-flood

പമ്പ, പെരിയാർ തീരങ്ങളിൽ കേന്ദ്രസഹായത്തോടെ പ്രളയമുന്നറിയിപ്പ് സംവിധാനം തുടങ്ങാൻ സംസ്ഥാന സർക്കാർ. ജലസ്രോതസുകളുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ ശേഖരിച്ച് ആസൂത്രണം, പ്രളയമുന്നറിയിപ്പ് എന്നിവയ്ക്കായി കേന്ദ്രസർക്കാർ ആരംഭിച്ച നാഷനൽ ഹൈഡ്രോളജി പ്രൊജക്റ്റിന്റെ (എൻഎച്ച്പി) ഭാഗമായിട്ടാണ് പദ്ധതി. പമ്പയിലും പെരിയാറിലും നടപ്പാക്കിയ ശേഷം കേരളത്തിലുടനീളം വ്യാപിപ്പിക്കാനാണ് ആലോചന.

ഇതുമായി ബന്ധപ്പെട്ട് ജലവിഭവ വകുപ്പ് സെക്രട്ടറി ടിങ്കു ബിസ്വാളുമായി സെൻട്രൽ വാട്ടർ കമ്മിഷൻ, നാഷനൽ ഹൈഡ്രോളജി പ്രൊജക്റ്റ് എന്നിവരുടെ സംഘം ചർച്ച നടത്തി. സംസ്ഥാന സർക്കാർ മുന്നോട്ടു വച്ച ആവശ്യങ്ങൾ ഉൾപ്പെടുത്തി സെൻട്രൽ വാട്ടർ കമ്മിഷനിലെ ചീഫ് എൻജിനിയർ തലത്തിലുള്ള ഉദ്യോഗസ്ഥർ ഉടൻ റിപ്പോർട്ട് സമർപ്പിക്കും. ചെലവ് പൂർണമായും കേന്ദ്രം വഹിക്കുമോ എന്നു വ്യക്തമല്ല. നദികളിലെയും ഡാമുകളിലെയും ജലനിരപ്പ്, ഡാമുകളിൽ നിന്നു പുറത്തേക്കൊഴുകുന്ന വെള്ളത്തിന്റെ അളവ്, കാലാവസ്ഥാ വിവരങ്ങൾ, റിമോട്ട് സെൻസിങ് വിവരങ്ങൾ എന്നിവ ചേർത്തുണ്ടാക്കുന്ന ഡിജിറ്റൽ മാതൃകകൾ (ഫ്ലഡ് മോഡലിങ്) ഉപയോഗിച്ചാണ് സംവിധാനം പ്രവർത്തിക്കുക.

ഇതിലെ ലഭ്യമായ വിവരങ്ങൾ ഉപയോഗിച്ച് ഡാമുകൾ പ്രവർത്തിപ്പിക്കാൻ ഏകീകൃത സംവിധാനവും (ഇന്റഗ്രേറ്റഡ് ഓപ്പറേഷൻ ഓഫ് റിസർവോയേഴ്സ്) എൻഎച്ച്പിയുടെ പരിഗണനയിലുണ്ടായിരുന്നു. എന്നാൽ ഫണ്ട് പര്യാപ്തമല്ലാത്തിനാൽ ആദ്യഘട്ടത്തിൽ മുന്നറിയിപ്പ് സംവിധാനം മാത്രമേയുണ്ടാകൂ.