Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

തുലാവർഷക്കാലത്ത് വീണ്ടും മണ്ണിടിച്ചിലിനു സാധ്യത; മുന്നറിയിപ്പുമായി ഭൗമശാസ്ത്രജ്ഞർ

wynad-Landslide

പ്രളയകാലത്ത് മണ്ണിടിച്ചിലും വിള്ളലുകളുമുണ്ടായ സ്ഥലങ്ങളിൽ തുലാവർഷക്കാലത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടാകുമെന്നതിനാൽ ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്ന് ഭൗമശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ്. അപകടമേഖലകളിൽ നിന്ന് ജനങ്ങളെ മാറ്റിപ്പാർപ്പിക്കണമെന്നാവശ്യപ്പെട്ട് ജിയോളജിക്കൽ സർവെ ഓഫ് ഇന്ത്യ സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നൽകി. ചുമരിലും തറയിലും വിള്ളലുകൾ വീണ വീടുകളിൽ അറ്റകുറ്റപ്പണി നടത്താതെ താമസിക്കുന്നതു സുരക്ഷിതമല്ലെന്നും ഉരുൾപൊട്ടൽ മേഖലയിൽ പഠനം നടത്തിയ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ വിദഗ്ധർ മുന്നറിയിപ്പു നൽകി.

പ്രളയകാലത്ത് സംസ്ഥാനത്താകെ 997 സ്ഥലങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായെന്നാണ് കണക്ക്. ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് കൂടുതൽ അപകടങ്ങളുണ്ടായത്. ഇതിന്റെ തുടർച്ചയായി പലയിടത്തും ഭൂമി വിണ്ടുകീറിയിട്ടുണ്ട്.

കനത്ത മഴ മൂലം ഉരുൾപൊട്ടലിനുള്ള അനുകൂലസാഹചര്യമുണ്ടാവുകയും എന്നാൽ മഴ നിലച്ച് തടസ്സപ്പെടുകയും ചെയ്തതോടെയാണ് വിള്ളലുകളുണ്ടായതെന്നാണ് ഭൗമശാസ്ത്രകേന്ദ്രത്തിലെ വിദഗ്ധർ നടത്തിയ പഠനത്തിലെ നിഗമനം. തുലാവർഷം ശക്തമാവുകയും വിള്ളലുകളിൽ മഴവെള്ളം ഇറങ്ങുകയും ചെയ്താൽ മണ്ണിടിച്ചിലിനുള്ള സാധ്യത വർധിക്കും. അപകടങ്ങൾ ഒഴിവാക്കാൻ ഈ മേഖലകളിൽ തുടർനിരീക്ഷണം ഏർപ്പെടുത്തണമെന്ന് എൻസെസിന്റെ പഠനത്തിനു നേതൃത്വം നല‍്കുന്ന ഡോ.വി.നന്ദകുമാർ പറഞ്ഞു. നേരത്തെ ഉരുൾപൊട്ടലുണ്ടായ 47% സ്ഥലങ്ങളിലും ഉരുൾപൊട്ടൽ ആവർത്തിക്കാൻ സാധ്യതയുണ്ടെന്ന് ജിഎസ്ഐ ഡപ്യൂട്ടി ഡയറക്ടർ ജനറൽ സി. മുരളീ

വീണ്ടും പണിമുടക്കി ഡോപ്ലർ റഡാർ

കാലാവസ്ഥാ മുന്നറിയിപ്പു വിവരം നൽകുന്ന തിരുവനന്തപുരത്തെ ഡോപ്ലർ റഡാർ വീണ്ടും പ്രവർത്തനരഹിതമായി. ഉടൻ പരിഹരിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന സർക്കാർ കാലാവസ്ഥാ കേന്ദ്രത്തിനും ദേശീയദുരന്തനിവാരണ അതോറിറ്റിക്കും പരാതി നൽകി. വിക്രം സാരാഭായ് സ്പേസ് സെന്ററിനു കീഴിലെ റഡാറിൽ നിന്നുള്ള വിവരങ്ങൾ തൽസമയം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി ഐഎംഡി ഡയറക്ടർ ജനറലിനാണു പരാതി നൽകിയത്. അറ്റകുറ്റപ്പണിയെത്തുടർന്നു കൊച്ചിയിലെ റഡാറിൽ നിന്നുള്ള വിവരങ്ങളും ലഭിക്കുന്നില്ല.

ഓഗസ്റ്റിൽ പ്രളയത്തിനു കാരണമായ പേമാരി തുടങ്ങിയ 8 മുതൽ 10 വരെയുള്ള ദിവസങ്ങളിൽ റഡാറുകൾ പ്രവർത്തിച്ചിരുന്നില്ലെന്നു സർക്കാർ പരാതിപ്പെട്ടതിനു ശേഷം ഇവ ശരിയാക്കിയിരുന്നു. എന്നാൽ, ഇപ്പോഴും മഴസാധ്യതയെക്കുറിച്ചുള്ള തൽസമയ വിവരങ്ങൾ ഐഎംഡി വെബ്സൈറ്റ് വഴി ലഭ്യമല്ല. തുലാവർഷക്കാലത്തു മിന്നൽ പ്രളയങ്ങൾക്കു സാധ്യതയുള്ളതിനാൽ പ്രശ്നം ഉടൻ പരിഹരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.