Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വരട്ടാർ, ആദിപമ്പ തീരത്തുനിന്ന് 3 പുതിയ ഉറുമ്പിനങ്ങൾ

Ant വരട്ടാർ തീരത്തു കണ്ടെത്തിയ ഹൈപ്പോപൊനീറ അസ്മുത്തി ഇനം ഉറുമ്പ്

3 ഉറുമ്പിനങ്ങളെ കേരളത്തിൽ ആദ്യമായി വരട്ടാർ തീരത്ത് കണ്ടെത്തി. ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജിലെ ജന്തുശാസ്ത്ര വിഭാഗത്തിന്റെയും ഭൂമിത്രസേനാ ക്ലബ്ബിന്റെയും നേതൃത്വത്തിൽ വരട്ടാറിന്റെയും ആദിപമ്പയുടെയും തീരങ്ങളിൽ നടത്തിയ പഠനങ്ങളിലാണു ടെട്രാമോറിയം കാൽഡേറിയം, കാരിബാര ലിഗ്നേറ്റ, ഹൈപ്പോപൊനീറ അസ്മുത്തി എന്നീ 3 ഇനങ്ങളെ കണ്ടെത്തിയത്.

ഇതരസംസ്ഥാനങ്ങളിൽ ഏറെയുണ്ടെങ്കിലും കേരളത്തിൽ ആദ്യമായാണ് ഇവയെ കണ്ടെത്തുന്നതെന്നു പഠനത്തിനു നേതൃത്വം നൽകിയ കോളജിലെ ജന്തുശാസ്ത്ര അധ്യാപകൻ ഡോ. ആർ.അഭിലാഷ് പറഞ്ഞു. പ്രളയത്തിനു മുൻപ് ഏപ്രിൽ, മേയ് മാസങ്ങളിൽ നടത്തിയ പഠനങ്ങളിലാണ് ഉറുമ്പുകളെ കണ്ടെത്തിയത്. 

ഡോ.അഭിലാഷിന്റെ നേതൃത്വത്തിൽ രേവതി, അർച്ചന, ഹേമന്ത് എന്നീ വിദ്യാർഥികളും പഠനത്തിൽ പങ്കെടുത്തു. ട്രാവൻകൂർ നാച്വറൽ ഹിസ്റ്ററി സൊസൈറ്റിയുടെ ഉറുമ്പ് ഗവേഷക സംഘാംഗമായ മനോജ് വെമ്പായത്തിന്റെ സഹായത്തോടെയാണ് ഉറുമ്പുകളെ തിരിച്ചറിഞ്ഞത്. വരട്ടാർ ജനകീയ സമിതി പ്രവർത്തകൻ എ.എസ്.ഹരീഷ് കുമാറിന്റെ സഹായത്തോടെയാണ് സാംപിളുകൾ ശേഖരിച്ചത്. പ്രളയത്തിനു ശേഷം ഉറുമ്പുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് കണ്ടെത്തി.