Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുഴലിക്കാറ്റ് ഗാജ വ്യാഴാഴ്ച തീരത്ത്, എവിടെയൊക്കെ വീശും?

Cyclone

ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ഗാജ ചുഴലിക്കാറ്റ് വ്യാഴാഴ്ച ചെന്നൈയ്ക്കും നാഗപട്ടണത്തിനുമിടയിൽ തീരംതൊടുമെന്ന പ്രവചനത്തെത്തുടർന്നു സംസ്ഥാനം അതീവ ജാഗ്രതയിൽ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കു മുന്നൊരുക്കങ്ങൾ നടത്തുന്നതിനുവേണ്ടി മാത്രമാണു റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇതു പൊതുജനങ്ങൾക്കു ബാധകമല്ല. 

വടക്കൻ തമിഴ്നാട്ടിലെ ചില സ്ഥലങ്ങളിൽ അതിതീവ്ര മഴയുണ്ടാകും. ഇതു എല്ലാ ജില്ലകൾക്കും ബാധകമല്ല. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി എടപ്പാടി കെ.പളനിസാമിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നു. ചീഫ് സെക്രട്ടറി ഗിരിജ വൈദ്യനാഥൻ ജില്ലാ കലക്ടർമാരും റവന്യൂ ഉദ്യോഗസ്ഥരുമായി വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. നാഗപട്ടണത്തു നിന്നു വടക്കു കിഴക്ക് 820 കി.മീറ്റർ മാറി, ചെന്നൈയിൽ നിന്നു 720 കി.മീറ്റർ അകലെ ഉൾക്കടലിലാണു ചുഴലിക്കാറ്റ് രൂപം കൊണ്ടത്.

ഇത് വ്യാഴാഴ്ച ഉച്ചയ്ക്കു മുൻപു തീരത്തെത്തും. 70 മുതൽ 80 കി.മീറ്റർവരെ വേഗത്തിൽ കാറ്റിനു സാധ്യതയുണ്ട്. ഇതു പരമാവധി 100 കി.മീറ്റർ വരെ വേഗം കൈവരിക്കാം. എന്നാൽ, സഞ്ചാരത്തിനിടെ ദുർബലമായി 50 കി.മീറ്റർ വരെ വേഗത്തിലെത്താനും സാധ്യതയുണ്ട്. എന്നാൽ 14 മുതൽ 16 വരെ വടക്കൻ തമിഴ്നാട്ടിലും തുടർന്നു തെക്കൻ തമിഴ്നാട്ടിലും വ്യാപകമായി മഴ ലഭിക്കും. 

∙ ചെന്നൈയെ തൊടില്ല

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിലവിലെ കണക്കൂകൂട്ടൽ പ്രകാരം ഗാജ ചുഴി ചെന്നൈയിൽ വീശില്ല. എന്നാൽ, ബുധനാഴ്ച രാത്രി മുതൽ നഗരത്തിൽ മഴ ലഭിക്കും. രണ്ടു ദിവസം കൊണ്ട് 150 മി.മീ. മഴ വരെ ലഭിക്കുമെന്നാണു പ്രതീക്ഷ. ചിലയിടങ്ങളിൽ അതി ശക്തമായ മഴ ലഭിക്കും. ഒക്ടോബർ മാസത്തിൽ ചെന്നൈയിൽ ഇതുവരെ ലഭിച്ച മഴയുടെ അളവ് 200 മി.മീറ്ററിൽ താഴെയാണ്. അതിനാൽ, ഗാജ ചുഴലിക്കാറ്റ് നഗരം കാത്തിരിക്കുന്ന മഴയുമായി വരുമെന്നാണു പ്രവചനം. ചുഴലിക്കാറ്റടിക്കാൻ സാധ്യതയില്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. 

ഗതി മാറിയും വേഗത്തിൽ ഏറ്റക്കുറച്ചിലോടെയും ഗജ ചുഴലിക്കാറ്റു തീരത്തോടക്കുന്നു.നിലവിലെ കണക്കൂകൂട്ടൽ പ്രകാരം നാളെ ഉച്ചയ്ക്കു ശേഷം കടലൂരിനും പാമ്പനുമിടയിൽ കാറ്റ് തീരത്തേക്കു കടക്കും. കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തിരുവാരൂർ, പുതുക്കോട്ട, രാമനാഥപുരം ജില്ലകളെ കാറ്റു ബാധിച്ചേക്കും. ഈ ജില്ലകളിൽ ഇന്നു രാത്രി മുതൽ 17 വരെ കനത്ത മഴയ്ക്കു സാധ്യതയുണ്ട്.

ചെന്നൈയിൽ ഇക്കാലയളവിൽ മിതമായ മഴയുണ്ടാകുമെന്നാണു പ്രവചനം. എന്നാൽ, ചുഴലിക്കാറ്റ് ചെന്നൈയെ ബാധിക്കില്ല. മുൻ കരുതൽ നടപടിയെന്ന നിലയിൽ വടക്കൻ തമിഴ്നാട്ടിലെ മുഴുവൻ ജില്ലകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി പ്രഖ്യാപിച്ചേക്കും ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നുണ്ടാകും.. 

ഇന്നലെ രാത്രി എട്ടുമണിയിലെ കണക്കുപ്രകാരം ഗജ ചെന്നൈയിൽ നിന്നു വടക്കു കിഴക്കു 740 കി.മീറ്റർ അകലത്തിലാണ്. മണിക്കൂറിൽ 12 കിലോ മീറ്ററായിരുന്ന കാറ്റിന്റെ വേഗം ഇന്നലെ രാത്രി എട്ടു മണിയോടെ  10 കി.മീ ആയി കുറഞ്ഞു. 

രാവിലെ നാലു കി.മീറ്ററായിരുന്ന  വേഗം ഉച്ചയോടെയാണു  12 കി.മീ ആയി മാറിയത്. . ഇന്നു രാത്രിയോടെ  കാറ്റിന്റെ വേഗം വർധിപ്പിക്കുമെന്നാണു പ്രവചനം. കരയിൽ തൊടുമ്പോൾ 80 മുതൽ 100 കി.മീറ്റർ വേഗം കൈവരിക്കാനാണു സാധ്യത. എന്നാൽ, ഗതി മാറി കാറ്റിന്റെ വേഗം ഗണ്യമായി കുറയാനും സാധ്യതയുണ്ട്.

കടലിൽ പോകാൻ നിയന്ത്രണം

∙ കടലൂർ, നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം, ചെന്നൈ ഉൾപ്പെടെ മീൻപിടിത്തക്കാർ കടലിൽ പോകുന്നതിനു കർശന നിരോധനമേർപ്പെടുത്തി. കടലിലുള്ളവരെ തിരിച്ചെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. പാമ്പനിൽ കരയോടു ചേർത്തു നിർത്തിയിരിക്കുന്ന ബോട്ടുകളും മൽസ്യ ബന്ധന ഉപകരണങ്ങളും മറ്റേതെങ്കിലും സ്ഥലത്തേക്കു മാറ്റാൻ നിർദേശം നൽകിയിട്ടുണ്ട്.

∙എവിടെയൊക്കെ വീശും? 

നിലവിലെ കണക്കുകൂട്ടൽ പ്രകാരം നാഗപട്ടണം, കാരയ്ക്കൽ, വിയ്യുപുറം, പുതുച്ചേരി, തിരുവാരൂർ, തഞ്ചാവൂർ, കടലൂർ തുടങ്ങിയ തീരപ്രദേശങ്ങളെയാണു ഗജ നേരിട്ടു ബാധിക്കുക. ഇവിടങ്ങളിൽ 80 കി.മീറ്റർ വരെ വേഗത്തിൽ കാറ്റു വീശാം. ഈ പ്രദേശങ്ങളിൽ നാളെ മുതൽ ശക്തമായ മഴ ലഭിക്കും. ചിലയിടത്ത് 20 സെ.മീ. വരെ മഴ ലഭിക്കുമെന്നാണു പ്രവചനം. ജില്ലയിൽ മുഴുവനുമല്ല, ഒറ്റപ്പെട്ട പ്രദേശങ്ങളിലാണ് ഇത്രയും കനത്ത മഴ ലഭിക്കുക. ചുഴലി തെക്കൻ തമിഴ്നാട് വഴി അറബിക്കടലിലേക്കു നീങ്ങാൻ സാധ്യതയുള്ളതിനാൽ വെള്ളിയാഴ്ച തെക്കൻ തമിഴ്നാട്ടിൽ മഴ ലഭിക്കും. 

∙ തിര ഒരു മീറ്റർവരെ

ഗജയെത്തുടർന്നു ഒരു മീറ്റർവരെ ഉയരത്തിൽ തിരമാലകൾ വീശിയടിക്കാൻ സാധ്യത. ഇതിനെത്തുടർന്നു തമിഴ്നാട്ടിൽ മൽസ്യത്തൊഴിലാളികൾ കടലിൽ പോകുന്നതു നിരോധിച്ചു. ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെയാണു നിരോധനം. നേരത്തെ കടലിൽ പോയ തൊഴിലാളികളോടു നാളെ ഉച്ചയ്ക്കു മുൻപു മടങ്ങിയെത്താൻ നിർദേശം നൽകിയിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂർ, പുതുക്കോട്ട, രാമനാഥപുരം, കാരയ്ക്കൽ ജില്ലകളിൽ തീരപ്രദേശത്ത് പൊലീസ് മൽസ്യത്തൊഴിലാളികൾക്കു നിർദേശങ്ങൾ നൽകി.

∙ സർക്കാർ ജാഗ്രതയിൽ

ചുഴലിക്കാറ്റിനു സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കോസ്റ്റ് ഗാർഡ്, ഹോം ഗാർഡ് എന്നിവരുൾപ്പെട്ട പ്രത്യേക സംഘത്തിനു രൂപം നൽകി. ഏതു സാഹചര്യവും നേരിടാൻ തയാറായിരിക്കാൻ പൊലീസിനും നിർദേശമുണ്ട്. ജില്ലാ കലക്ടർമാരുടെ നേതൃത്വത്തിൽ യോഗം ചേർന്നു സ്ഥിതിഗതികൾ വിലയിരുത്തി. ആളുകളെ ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായാൽ പുനരധിവാസ കേന്ദ്രങ്ങളായി ഉപയോഗിക്കാവുന്ന കെട്ടിടങ്ങൾ കണ്ടെത്താൻ റവന്യൂ ഉദ്യോഗസ്ഥർക്കു നിർദേശം നൽകി. 

∙ പുതുച്ചേരിയിലും ജാഗ്രത

ഗാജ ആഞ്ഞടിക്കുമെന്ന മുന്നറിയിപ്പിനെത്തുടർന്നു പുതുച്ചേരിയിലും മുന്നൊരുക്കങ്ങൾ ശക്തമാക്കി. ദുരിതാശ്വാസ പ്രവ‍ർത്തനത്തിനു ആവശ്യമെങ്കിൽ ആർക്കോണത്തെ ദേശീയ ദുരന്ത നിവാരണ സേനയുടെ സഹായം തേടുമെന്നു സർക്കാർ അറിയിച്ചു. ഓരോ വകുപ്പിനു കീഴിലും ഹെൽപ്‌ലൈനുകൾ പ്രവർത്തനം ആരംഭിച്ചു. പുനരധിവാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു റവന്യൂ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി. ആവശ്യമെങ്കിൽ ഉപയോഗിക്കുന്നതിനു സെൻട്രൽ കിച്ചൻ സംവിധാനവും ക്രമീകരിച്ചു. 

∙ വർധയോളം വരുമോ?

മൂന്നു വർഷം മുൻപ് ചെന്നൈയിൽ നാശം വിതച്ച വർധ ചുഴലിക്കാറ്റിന്റെ വേഗം മണിക്കൂറിൽ 120 മുതൽ 140 കി.മീറ്റർ വരെയായിരുന്നു. കടലൂർ ജില്ലയിൽ മുൻപ് ആഞ്ഞടിച്ച താനെ ചുഴലിയുടെ 140 കി.മീ. മുതൽ 160 കി.മീ.വരെയായിരുന്നു. ഈ രണ്ടു ചുഴലിക്കാറ്റുകളുടെ പ്രഹര ശേഷി ഗാജയ്ക്കുണ്ടാവില്ലെന്നു സാരം.