Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് കൂടി; പുകച്ചിൽ, നീറ്റൽ

Delhi Pollution

ഡൽഹിയിൽ വായു മലിനീകരണം തുടരുന്നു. ഇന്നു രാവിലെ രേഖപ്പെടുത്തിയ അന്തരീക്ഷ വായു നിലവാര സൂചിക 359 ആണ്.അയൽസംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു വർധിച്ചതോടെ ഡൽഹിയിൽ വായു മലിനീകരണം വീണ്ടും ഗുരുതരമായ സ്ഥിതിയിൽ തുടരുകയാണ്. കാറ്റിന്റെ ശക്തി കുറഞ്ഞതും വായു മലിനീകരണത്തിന് ആക്കംകൂട്ടി. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ അറിയിപ്പു പ്രകാരം കഴിഞ്ഞ ദിവസം ഡൽഹിയിൽ രേഖപ്പെടുത്തിയ അന്തരീക്ഷ വായു നിലവാര സൂചിക 423 ആയിരുന്നു. 100 വരെയാണ് അനുവദനീയമായ പരിധി. നൂറു കടന്നാൽ സ്ഥിതി മോശമെന്നു സൂചന.

എന്നാൽ 400 കടന്നാൽ സ്ഥിതി അതീവഗുരുതരമെന്നാണു കണക്കാക്കുന്നത്. ഡൽഹിയിൽ ദീപാവലിക്കു മുൻപുതന്നെ വായു മലിനീകരണം അനുവദനീയമായതിലും വളരെ കൂടുതലായിരുന്നു. ദീപാവലിക്കുള്ള പടക്കം പൊട്ടിക്കൽകൂടി കഴിഞ്ഞതോട വായുനിലവാരം വീണ്ടും പരിതാപകരമായ അവസ്ഥയിലായി. ഇതുകൂടാതെയാണ് അയൽസംസ്ഥാനങ്ങളിൽ കാർഷിക അവശിഷ്ടങ്ങൾ കത്തിക്കുന്നതു വർ‌ധിച്ചത്. ഡൽഹിയിലെ 28 പ്രദേശങ്ങളിൽ വായു മലിനീകരണം അതീവ ഗുരുതരവും ഏഴു പ്രദേശങ്ങളിൽ ഗുരുതരവുമാണെന്നാണു കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പറയുന്നത്. 

പൊടിയും വായുമലിനീകരണവും തടയാൻ നഗരസഭകൾ പലസ്ഥലത്തും വെള്ളം തളിക്കുന്നുണ്ടെങ്കിലും ഫലപ്രദമായിട്ടില്ല. കൃത്രിമ മഴ പെയ്യിക്കാനുള്ള ആലോചനകൾ സജീവമാണെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല. നിർമാണപ്രവൃത്തികൾക്കും കൽക്കരി ഉപയോഗിച്ചു പ്രവർത്തിക്കുന്ന വ്യവസായങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതു തുടരണമെന്നു പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി ബന്ധപ്പെട്ട വകുപ്പുകൾക്കു നിർദേശം നൽകി. ഭാരവാഹനങ്ങൾ ഡൽഹിയിൽ പ്രവേശിക്കുന്നതിനും നിരോധനമുണ്ട്. അന്തരീക്ഷത്തിൽ പൊടി നിറഞ്ഞുനിൽക്കുന്നതും മഞ്ഞുമൂടിക്കിടക്കുന്നതും പനി ഉൾപ്പെടെയുള്ള രോഗങ്ങൾ പടരാൻ ഇടയാക്കുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്.